ഒരു മാസത്തിനിടെ തങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാമെന്ന് ജിജോ തില്ലങ്കേരി
text_fieldsകണ്ണൂർ: ഒരുമാസത്തിനിടെ തങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാമെന്ന് ഷുഹൈബ് വധക്കേസിലെ പ്രധാന പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഞായറാഴ്ച വൈകീട്ട് ഇട്ട പോസ്റ്റ് ഇരുപത് മിനിറ്റുകൾക്കകം അപ്രത്യക്ഷമായി.
‘ഞങ്ങളിൽ ഒരാൾ ഒരുമാസംകൊണ്ട് കൊല്ലപ്പെടും. ഉത്തരവാദി പാർട്ടി അല്ല. മുതലെടുപ്പ് നടത്തി ലാഭം കൊയ്യാൻ രാഷ്ട്രീയ എതിരാളികളായ ആർ.എസ്.എസും മറ്റും ശ്രമിക്കുന്നുണ്ട്. കൊലപാതകത്തിന്റെ പാപക്കറ കൂടി ഈ പാർട്ടിയുടെമേൽ മേൽകെട്ടി െവച്ച് വേട്ടയാടരുതെന്ന് മാധ്യമങ്ങളോട് അപേക്ഷിക്കുന്നു. ഞങ്ങളുടെ ശവം നോക്കി ഒരു നിമിഷംപോലും പാർട്ടിയെ തെറ്റിദ്ധരിക്കരുത്. തമ്മിലടിച്ച് ചോരകുടിക്കുന്ന മാധ്യമങ്ങൾ നമ്മുടെ കുറിപ്പായി ഇതു കരുതണം’ എന്നിങ്ങനെയാണ് കുറിപ്പ്. പോസ്റ്റ് ഇടാനുള്ള സാഹചര്യമോ അപ്രത്യക്ഷമായതിനുള്ള കാരണമോ വ്യക്തമല്ല. സമൂഹമാധ്യങ്ങളിൽ ആകാശ് തില്ലങ്കേരിയും അനുകൂലികളും തമ്മിലുള്ള വാക്പയറ്റ് ഏറക്കുറെ നിലച്ചശേഷം ജിജോയുടെ പേരിൽ ഞായറാഴ്ച രണ്ടു കുറിപ്പുകളാണ് വന്നത്.
രക്തസാക്ഷി കുടുംബത്തെ അപമാനിച്ചെ ഡി.വൈ.എഫ്.ഐ ആരോപണത്തിനുള്ള മറുപടിയായാണ് ആദ്യ പോസ്റ്റ്. ആർ.എസ്.എസുകാരന്റെ കൊലപാതക കേസിൽ പാർട്ടിക്കായി ജയിലിൽപോയ ആളാണ് ആകാശ്. രക്തസാക്ഷി കുടുംബത്തെ അപമാനിച്ചു എന്നതരത്തിലാണ് പ്രചാരണം. ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും തങ്ങളെ കരിവാരിതേക്കരുതെന്നായിരുന്നു ആ കുറിപ്പ്. സി.പി.എമ്മിനെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ജയപ്രകാശ് തില്ലങ്കേരിയും കുറിപ്പിട്ടു. പ്രാദേശിക വിഷയങ്ങളിൽ പാർട്ടിയെ വലിച്ചിടുന്നത് മാധ്യമങ്ങളാണെന്നും എന്ത് നിലപാടെടുത്താലും പാർട്ടിയോടൊപ്പം എന്നുമുണ്ടാകുമെന്നും സി.പി.എമ്മിനെ തകർക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്നുമാണ് ജയപ്രകാശിന്റെ പോസ്റ്റ്.
സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകയുടെ പരാതിയിലുള്ള കേസിൽ ജാമ്യത്തിലിറങ്ങിയവരാണ് ഇരുവരും. അതിനിടെ, തില്ലങ്കേരിയിൽ സി.പി.എം വിശദീകരണ യോഗം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് നടക്കും. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, സംസ്ഥാന സമിതിയംഗം പി. ജയരാജൻ, പി. പുരുഷോത്തമൻ, എൻ.വി. ചന്ദ്രബാബു എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.