ജിമ്മി ജോർജിന്റെ ഓർമകൾക്ക് 36 വയസ്സ്
text_fieldsകേളകം: ഇതിഹാസ വോളിബാൾ താരം ജിമ്മി ജോർജ് ഓർമയായിട്ട് വ്യാഴാഴ്ച 36 വർഷം. ഇറ്റലിക്കാർ ഹെർമിസ് ദേവൻ എന്നും ഇന്ത്യക്കാർ വോളിബാൾ ഇതിഹാസമെന്നും വിളിക്കുന്ന ജിമ്മി ജോർജ് 1987ൽ നവംബർ 30നു ഇറ്റലിയിൽ കാർ അപകടത്തിലാണ് മരിച്ചത്. വോളിയിൽ 80കളിൽ ലോകത്തെ പത്ത് മികച്ച അറ്റാക്കർമാരിൽ ഒരാളായാണ് ജിമ്മി ജോർജ് തിരഞ്ഞെടുക്കപ്പെട്ടത്. ജിമ്മിക്കുശേഷം ഒരു ഇന്ത്യക്കാരന് ആ സുവർണ നേട്ടം കൈവരിക്കാനായിട്ടില്ല.
ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ പ്രഫഷനൽ വോളിബാൾ താരം ആയിരുന്നു ഇദ്ദേഹം. ഒരു ഇന്ത്യൻ വോളി താരം വിദേശ ക്ലബിനു വേണ്ടി കളിക്കാൻ ഇറങ്ങുന്നതും ജിമ്മി ജോർജിലൂടെയായിരുന്നു. ഇന്ത്യയുടെ ദേശീയ വോളി ടീമിൽ അംഗമായിരുന്ന ജിമ്മി വിവിധ ഏഷ്യൻ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. മലയോര ഗ്രാമമായ പേരാവൂർ തുണ്ടിയിൽ ജനിച്ച ഒരു ബാലൻ ഇന്ത്യയുടെയും ലോക വോളിയുടെയും നെറുകയിലേക്ക് നടന്നുകയറി മരണത്തിനു കീഴടങ്ങിയപ്പോൾ വെറും 32 വയസ്സ്.
അദ്ദേഹത്തിന്റെ സ്മരണാർഥം ഇറ്റലിയിൽ ഒരു സ്റ്റേഡിയത്തിന് ജിമ്മി ജോർജ് സ്റ്റേഡിയം എന്ന് പേര് നൽകി. ഇദ്ദേഹത്തിന്റെ സ്മരണക്ക് ഇറ്റലിയിൽ ഒരു ടൂർണമെന്റും ആരംഭിച്ചിട്ടുണ്ട്. 1955 മാർച്ച് 8ന് ജോർജ് ജോസഫിന്റെയും മേരി ജോർജിന്റെയും രണ്ടാമത്തെ മകനായാണ് ജിമ്മി ജോർജ് ജനിച്ചത്. അഭിഭാഷകൻ കൂടിയായ പിതാവ് ജോർജ് ജോസഫ് മക്കൾക്ക് കളിച്ച് വളരാൻ പുരയിടത്തിലെ തെങ്ങുകൾ വെട്ടി മാറ്റി അവിടം വോളിബാൾ കോർട്ടാക്കി മാറ്റുകയായിരുന്നു. പിതാവും മാതാവും ആൺ മക്കളും കൂടിയായപ്പോൾ ഒരു വോളിബാൾ ടീമായി മാറി. വേർപാടിന്റെ 36 വർഷം തികയുന്ന വ്യാഴാഴ്ച ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയിൽ അനുസ്മരണ ചടങ്ങുകൾ നടക്കുമെന്ന് ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി സെബാസ്റ്റ്യൻ ജോർജ് അറിയിച്ചു.
ഫൗണ്ടേഷൻ അവാർഡ് ഇന്ന് പ്രഖ്യാപിക്കും
പേരാവൂർ: ജിമ്മി ജോർജ് അവാർഡ്പ്രഖ്യാപനം പേരാവൂർ ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയിൽ വ്യാഴാഴ്ച 11ന് നടക്കുമെന്ന് ജിമ്മി ജോർജ് ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി സെബാസ്റ്റ്യൻ ജോർജ് അറിയിച്ചു. ഇന്ത്യയുടെ വോളിബാൾ ഇതിഹാസം ജിമ്മി ജോർജിന്റെ സ്മരണക്ക് 1989 ലാണ് സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് ഏർപ്പെടുത്തിയത്. ലക്ഷം രൂപയും ഫലകവുമാണ് അവാർഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.