‘ജബൽപ്പൂർ, മണിപ്പൂർ... സംഘികളുടെ തൊഴുത്തിൽനിന്ന് വരുന്നവരോടൊക്കെ ചാണകത്തേയോ ഗോമൂത്രത്തേയോ പറ്റിയോ അല്ലേ ചോദിക്കാവൂ...’
text_fieldsകോഴിക്കോട്: ജബൽപുരിൽ മലയാളി വൈദികർക്കു നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് ബി.ജെ.പി എം.പി സുരേഷ് ഗോപി ക്ഷുഭിതനായതിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജിന്‍റോ ജോൺ. ജബൽപ്പൂർ, മണിപ്പൂർ... എന്നൊക്കെ ചോദിച്ചാൽ ഇയാൾക്ക് നഗപ്പൂർ നിലവാരമുള്ള മറുപടിയേ പറ്റൂവെന്നും, സംഘികളുടെ തൊഴുത്തിൽനിന്ന് വരുന്നവരോടൊക്കെ പശുവിനേയോ കാളയേയോ കുറിച്ചോ ചാണകത്തേയോ ഗോമൂത്രത്തേയോ പറ്റിയോ അല്ലേ ചോദിക്കാവൂ എന്നും ജിന്‍റോ ഫേസ്ബുക്കിൽ കുറിച്ചു.
അല്ലേലും സംഘികൾക്കറിയാം മാതാവിന് ഒരു ചെമ്പ് കിരീടം വച്ചാൽ മണിപ്പൂരിലെയും ഡൽഹിയിലെയും മാതാവിന്റെ തലയടിച്ച് പൊട്ടിച്ചാലും കേരളത്തിലെ കൃസംഘികൾ ക്ഷമിക്കുമെന്ന്.
വിയർക്കാതെ അപ്പം ഭക്ഷിക്കുന്നതിന്റെ ഇടയിലാണ് ഒരു ജബൽപ്പൂരും മണിപ്പൂരും. ബെൻസിലും ഓഡിയിലും സഞ്ചരിക്കുമ്പോൾ നാഗ്പ്പൂർ ആണ് ഒരു ഫാഷൻ. ആറര പതിറ്റാണ്ട് വലിയ തട്ടുകേടില്ലാതെ ജീവിക്കാൻ സാഹചര്യമൊരുക്കിയ കോൺഗ്രസ് ഒട്ടും പോരാ. പതിനൊന്ന് കൊല്ലം കൊണ്ട് പ്രതിവർഷം 700 അക്രമങ്ങൾ വീതം നൽകിപ്പോരുന്ന മോദിജിയിലാണ് ഇപ്പോൾ ഒരു ഗുമ്മുള്ളു -ജിന്‍റോ ജോൺ പരിഹസിക്കുന്നു.
ജിന്‍റോ ജോണിന്‍റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം:
ജബൽപ്പൂർ, മണിപ്പൂർ... എന്നൊക്കെ ചോദിച്ചാൽ ഇയാൾക്ക് നഗപ്പൂർ നിലവാരമുള്ള മറുപടിയേ പറ്റൂ.
അയാൾ എവിടുന്ന് വരുന്നു എന്ന് നോക്കിയിട്ട് വേണം ചോദിക്കാനെന്ന് പണ്ടേ പറഞ്ഞിട്ടുള്ളതാണ്. തെറ്റ് മാധ്യമങ്ങളുടെ ഭാഗത്തുമുണ്ട്. സംഘികളുടെ തൊഴുത്തിൽ നിന്ന് വരുന്നവരോടൊക്കെ പശുവിനേയോ കാളയേയോ കുറിച്ചോ ചാണകത്തേയോ ഗോമൂത്രത്തേയോ പറ്റിയോ അല്ലേ ചോദിക്കാവൂ. പോരാത്തതിന് അടുത്തജന്മം ബ്രാഹ്മണനാകാൻ ഉള്ളുരുകി നടക്കുന്ന ഉന്നതകുലജാതനും. ആരോടാണ് ചോദിക്കുന്നത് എന്നുള്ള ബോധം വേണമെടോ മാധ്യമങ്ങളെ. മുനമ്പത്തെ വെടിക്കെട്ടിന്റെ തിരക്കിൽ ജബൽപ്പൂരിലെ ക്രൈസ്തവ വേട്ടയുടെ സ്ക്രിപ്റ്റ് പഠിക്കാൻ മറന്നത് മുതലാക്കരുത്. മേലാൽ ഉത്തരം മുട്ടിക്കുന്ന ചോദ്യം ചോദിച്ചാൽ മോദിജിയോട് പറഞ്ഞ് നിന്റെയൊക്കെ അപ്പീസ് പൂട്ടിക്കും.
അല്ലേലും സംഘികൾക്കറിയാം മാതാവിന് ഒരു ചെമ്പ് കിരീടം വച്ചാൽ മണിപ്പൂരിലെയും ഡൽഹിയിലെയും മാതാവിന്റെ തലയടിച്ച് പൊട്ടിച്ചാലും കേരളത്തിലെ കൃസംഘികൾ ക്ഷമിക്കുമെന്ന്. കേരളത്തിൽ കുരുത്തോല കൊണ്ട് കുരിശുണ്ടാക്കി കളിച്ചാൽ കേരളത്തിന് പുറത്ത് എവിടെയും ക്രൈസ്തവരുടെ കഴുത്തിൽ കുരുക്കിടാനുള്ള വരം കിട്ടുമെന്ന്. ഇവിടെ മലചവിട്ടി മടുത്താലെന്താ മണിപ്പൂരിൽ മാതാവിന്റെയും മനുഷ്യപുത്രന്റെയും അനുയായികൾക്ക് മരണം വിതക്കാനുള്ള മൗനസമ്മതം കിട്ടുമല്ലോ. ഇവിടെ അരമനകൾ കയറി ഉപ്പൂറ്റി തേഞ്ഞാലെന്താ അവിടെ 640 ആസൂത്രിത അക്രമങ്ങൾ നടത്താൻ ഒത്തില്ലേ. സഭ സാർവ്വത്രികമാണെന്ന് വിശ്വാസി പാവങ്ങളെ പഠിപ്പിക്കുമ്പോളും മടിയിൽ കനമുള്ളവരുടെ നിലനിൽപ്പിനായി ഞങ്ങൾ സങ്കുചിത പ്രാദേശികമാണെന്ന് സുരേഷ് സംഘിയേക്കാൾ നന്നായി വേറെയാർക്കറിയാം.
ജബൽപ്പൂരിലെ ഡേവിഡ് അച്ചനും ജോർജ്ജ് അച്ചനും നിരവധി വിശ്വാസികളും പോലീസ് സാന്നിധ്യത്തിൽ പോലും പീഡാനുഭവങ്ങൾ ഏറ്റുവാങ്ങുമ്പോളും ഞങ്ങൾക്ക് പൂവൻകുലയും പട്ടും മിട്ടായിയും തരാൻ ഇങ്ങ് തെക്കേയറ്റത്തൊരു സിൽമാ സംഘിയുണ്ടല്ലോ. റബറിന് മുന്നൂറ് രൂപ കിട്ടിയില്ലെങ്കിലുമെന്താ, കാസർഗോഡ് കടന്നാൽ മുട്ടിന് മുട്ടിന് മുട്ടനടിയും അക്രമങ്ങളും നിരന്തരം കിട്ടുന്നുണ്ടല്ലോ. ഞങ്ങൾക്ക് ഇതുമതി. വിയർക്കാതെ അപ്പം ഭക്ഷിക്കുന്നതിന്റെ ഇടയിലാണ് ഒരു ജബൽപ്പൂരും മണിപ്പൂരും. ബെൻസിലും ഓഡിയിലും സഞ്ചരിക്കുമ്പോൾ നാഗ്പ്പൂർ ആണ് ഒരു ഫാഷൻ. ആറര പതിറ്റാണ്ട് വലിയ തട്ടുകേടില്ലാതെ ജീവിക്കാൻ സാഹചര്യമൊരുക്കിയ കോൺഗ്രസ് ഒട്ടും പോരാ. പതിനൊന്ന് കൊല്ലം കൊണ്ട് പ്രതിവർഷം 700 അക്രമങ്ങൾ വീതം നൽകിപ്പോരുന്ന മോദിജിയിലാണ് ഇപ്പോൾ ഒരു ഗുമ്മുള്ളു. മാതാവിന്റെ തലപോകുമ്പോൾ മണിപേഴ്സും അൽത്താരയിലെ ക്രൂശിതരൂപം പൊട്ടുമ്പോൾ പെട്ടിയിൽ വീഴുന്ന രൂപയും പള്ളികളെത്ര പൊളിഞ്ഞാലും പള്ളനിറക്കുന്ന പണവും മൗനത്തിന്റെ പലിശയാണ്. പഴയ ഒറ്റുകാരന്റെ മുപ്പത് വെള്ളിക്കാശിന്റെ ആധുനിക രൂപം. ഇതറിയാവുന്ന സുരേഷ് ഗോപിക്ക് മാധ്യമങ്ങളെ വിരട്ടാം. പാവങ്ങളെ ആട്ടാം. മറ്റുള്ളവരെ വിരട്ടാം കാരണം മനുഷ്യപുത്രനെ പിടിച്ചുകൊടുത്തവരുടെ പിൻഗാമികൾ ഇന്നും തിരക്കിലാണ് പാവങ്ങളെ ഒറ്റുകൊടുത്ത് അധികാര ഇടനാഴികളിൽ പറ്റിപ്പിടിക്കാൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.