ജിയോ വരുന്നു, റേഷൻ വിതരണം ഇനി 4 ജിയിലേക്ക്
text_fieldsതിരുവനന്തപുരം: നെറ്റ്വർക് പ്രശ്നങ്ങളെത്തുടർന്ന് കുഴഞ്ഞുമറിഞ്ഞ സംസ്ഥാനത്തെ റേഷൻ വിതരണം സുഗമമാക്കാൻ മുകേഷ് അംബാനിയുടെ ജിയോ വരുന്നു.
ബി.എസ്.എൻ.എൽ, വൊഡാഫോൺ, ഐഡിയ കമ്പനികളുെട ഇൻറർനെറ്റ് സേവനത്തിനെതിരെ വ്യാപാരികളുടെ ഭാഗത്തുനിന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഇ-പോസ് മെഷീനിൽ ജിയോ സിമ്മുകൾ കൂടി പരീക്ഷിക്കാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച റിപ്പോർട്ട് സിവിൽ സപ്ലൈസ് ഡയറക്ടർ ഉടൻ സർക്കാറിന് കൈമാറും.
14234 മെഷീനുകളിലായി മൂന്ന് കമ്പനികളുടെയും 3ജി സിമ്മുകളാണ് ഉപയോഗിക്കുന്നത്. ബി.എസ്.എൻ.എൽ സിമ്മുകൾ എല്ലാ മെഷീനിലും ഉപയോഗിക്കുന്നുണ്ട്. എന്നാൽ 3 ജി വേഗം കമ്പനി അവകാശപ്പെടുമ്പോഴും 2ജി വേഗംപോലും ലഭിക്കാതെ വരുന്നതോട സംസ്ഥാനത്ത് റേഷൻവിതരണം തടസ്സപ്പെടുന്നത് തുടർക്കഥയാണ്.
കോവിഡ് കാലത്തുപോലും റേഷൻസാധനങ്ങൾക്കായി കാർഡുടമകൾക്ക് മണിക്കൂറുകളാണ് കടകളിൽ നിൽക്കേണ്ടിവരുന്നത്. ഇതുസംബന്ധിച്ച് കമ്പനി പ്രതിനിധികളുമായി ഭക്ഷ്യമന്ത്രിയും സിവിൽ സപ്ലൈസ് ഡയറക്ടറും നിരന്തരം ചർച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാത്ത സാഹചര്യത്തിലാണ് ജിയോയുടെ സേവനം സർക്കാർ തേടുന്നത്.
ഓൺലൈൻ ക്ലാസുകൾ നടക്കുന്നതിനാലാണ് ഇൻറർനെറ്റ് വേഗം കുറയുന്നതെന്ന ന്യായമാണ് കമ്പനികൾ സർക്കാറിന് മുന്നിൽ നിരത്തുന്നത്. എന്നാൽ അവധിദിവസങ്ങളിൽപോലും ബില്ലടിക്കാൻ കഴിയാറില്ലെന്ന് വെള്ളിയാഴ്ച ഭക്ഷ്യവകുപ്പ് സെക്രട്ടറി വിളിച്ചുചേർത്ത വിഡിയോ കോൺഫറൻസിൽ വ്യാപാരിസംഘടനാപ്രതിനിധികൾ തെളിവുസഹിതം ബോധിപ്പിച്ചു.
പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ബുധനാഴ്ച കടകൾ അടച്ചിടുമെന്ന് സംയുക്ത സമരസമിതി നേതാക്കളായ അഡ്വ. ജോണി നെല്ലൂർ, കാടാമ്പുഴ മൂസ, ടി. മുഹമ്മദാലി, അഡ്വ. സുരേന്ദ്രൻ, ഇ. അബൂബക്കർ ഹാജി എന്നിവർ അറിയിച്ചു.
ബി.എസ്.എൻ.എല്ലിന് അന്ത്യശാസനം
തിരുവനന്തപുരം: റേഷൻവിതരണവുമായി ബന്ധപ്പെട്ട നെറ്റ്വർക് പ്രശ്നങ്ങൾ തിങ്കളാഴ്ചക്കുള്ളിൽ പരിഹരിച്ചില്ലെങ്കിൽ മറ്റ് സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് ബി.എസ്.എൻ.എല്ലിന് സർക്കാറിെൻറ അന്ത്യശാസനം.
വെള്ളിയാഴ്ച ഭക്ഷ്യവകുപ്പ് സെക്രട്ടറി വിളിച്ചുചേർത്ത മൊബൈൽ നെറ്റ്വർക് സേവനദാതാക്കളുടെ യോഗത്തിലാണ് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഹരിത വി. കുമാര്‍ താക്കീത് നൽകിയത്. സർക്കാറിന് വേണ്ടത് വിശദീകരണമല്ല നടപടികളാണെന്നും ഭക്ഷ്യസെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.