ജിഷയും കീഴടങ്ങി; കേരളത്തിൽ വേരറ്റ് മാവോവാദി പ്രസ്ഥാനം
text_fieldsകൽപറ്റ: വയനാട് സ്വദേശിയായ ജിഷകൂടി കീഴടങ്ങിയതോടെ കേരളത്തിലെ മാവോവാദി പ്രസ്ഥാനത്തിന്റെ വേരറുന്നു. 24ാം വയസ്സിൽ മാവോവാദി പ്രസ്ഥാനത്തിൽ ചേർന്ന തലപ്പുഴ സ്വദേശിനിയാണ് കർണാടകയിൽ ബുധനാഴ്ച കീഴടങ്ങിയ ആറു മാവോവാദികളിലെ ഏക മലയാളി. പൊലീസിന്റെയും തണ്ടർ ബോൾട്ടിന്റെയും പട്ടികയിൽ കേരളത്തിൽ 20ഓളം മാവോവാദികളാണ് ഉണ്ടായിരുന്നത്.
വയനാടിനോട് ചേർന്ന വനങ്ങളായിരുന്നു ഇവരുടെ താവളം. ഇവരിൽ പലരും അടുത്തിടെ കൊല്ലപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.
ചിലർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മറ്റുള്ളവർ ഇതര സംസ്ഥാനങ്ങളിലേക്ക് മാറി. അവസാനത്തെ നേതാവെന്ന് അറിയപ്പെട്ടിരുന്ന നിലമ്പൂർ കരുളായി സ്വദേശിയായ സി.പി. മൊയ്തീൻ ആഗസ്റ്റിൽ ആലപ്പുഴയിൽ പിടിയിലായി. ഇതോടെ സംസ്ഥാനത്തെ മാവോവാദികളെല്ലാം ഇല്ലാതായി എന്നാണ് സുരക്ഷാസേന പറയുന്നത്.
2014ലാണ് ജിഷ സംഘടനയിൽ ചേരുന്നത്. ആദ്യം വയനാട് ഉൾപ്പെടുന്ന കബനി ദളത്തിലായിരുന്നു. പിന്നീടാണ് ഭവാനി ദളത്തിലേക്ക് മാറിയത്.
കർണാടകയിൽ കീഴടങ്ങിയ മറ്റൊരു മാവോവാദിയായ തമിഴ്നാട് സ്വദേശി വസന്ത് എന്ന രമേശന്റെ ഭാര്യയാണ് ജിഷ. സർക്കാറിന്റെ പുനരധിവാസ പദ്ധതിക്ക് കീഴിൽ കീഴടങ്ങണമെന്ന് ഏറെക്കാലമായി ആഗ്രഹിക്കുകയായിരുന്നു. തലപ്പുഴ കൈതക്കൊല്ലി സ്വദേശിയാണ്.
മാനന്തവാടി സബ്ഡിവിഷനിൽ നാലും കൽപറ്റയിൽ 12ഉം കേസുകളുണ്ട്. എന്നാൽ, ഇവ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടല്ല. ആയുധം കൈവശം വെക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയവയാണ്. ഭർത്താവ് വസന്തിനെതിരെ എട്ടുകേസുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.