മരണത്തിന് കീഴടങ്ങിയത് ചികിത്സയും ആഹാരവും ലഭിക്കാതെ
text_fieldsപെരുമ്പാവൂർ: വേണ്ടത്ര ചികിത്സയും ആഹാരവും ലഭിക്കാതെയാണ് ജിഷയുടെ പിതാവ് പാപ്പു വ്യാഴാഴ്ച മരണത്തിന് കീഴടങ്ങിയത്. ജിഷ കൊല്ലപ്പെടുന്നതിന് മുമ്പ് മുതൽ കുടുംബവുമായി അകൽച്ചയിലായിരുന്നു. മകളുടെ മരണത്തെത്തുടർന്ന് ലഭിച്ച അനുകൂല്യങ്ങൾ തനിക്കും അവകാശപ്പെട്ടതാണെന്ന് കാണിച്ച് പാപ്പു നിയമനടപടികളുമായി മുന്നിട്ടിറങ്ങിയിരുന്നു. എന്നാൽ, നയാപൈസ കൊടുക്കില്ലെന്ന നിലപാടിൽ ഉറച്ച് പോരാടുകയായിരുന്നു ജിഷയുെട മാതാവ് രാജേശ്വരി. ലോട്ടറി വിറ്റ് ജീവിച്ചിരുന്ന പാപ്പു മരുന്നിനും ഭക്ഷണത്തിനും അവസാനം ബുദ്ധിമുട്ടിയിരുന്നു.
അടുത്തിടെ അപകടത്തെത്തുടർന്ന് കിടപ്പിലായ പാപ്പുവിനെ തിരിഞ്ഞുനോക്കാൻ രാജേശ്വരി കൂട്ടാക്കിയില്ല. ജിഷയുടെ മരണത്തെത്തുടർന്ന് സർക്കാർ നൽകിയതും കെ.പി.സി.സി നൽകിയ 15 ലക്ഷവും സന്നദ്ധസംഘടനകൾ നൽകിയ ഫണ്ടും ഉൾെപ്പടെ നല്ലൊരു തുക രാജേശ്വരിയുടെ അക്കൗണ്ടിലുണ്ട്. പലിശയിനത്തിൽ മാസം 17,000 രൂപ രാജേശ്വരിക്ക് ലഭിക്കുന്നുണ്ട്. ജിഷയുടെ മരണത്തെത്തുടർന്ന് സഹോദരി ദീപക്ക് ലഭിച്ച സർക്കാർ ജോലിയിൽനിന്നുള്ള വരുമാനത്തിന് പുറമെയാണിത്.
സുഖസൗകര്യങ്ങളിൽ കഴിയുന്ന രാജേശ്വരിയും ദീപയും മരുന്നിനുള്ള പണം പാപ്പുവിന് നൽകാതിരുന്നത് വിമർശനത്തിനിടയായിരുന്നു. രണ്ട് വനിത പൊലീസിെൻറ അകമ്പടിയോടെ മുടക്കുഴ തൃക്കൈപ്പാറയിലെ വീട്ടിൽ രാജേശ്വരി താമസിക്കുമ്പോൾ ഇടിഞ്ഞുവീഴാറായ വീട്ടിൽ രോഗങ്ങൾപേറി ഒറ്റക്ക് താമസിക്കുകയായിരുന്നു പാപ്പു. അവസാനം മരണവെപ്രാളത്തിൽ സമീപത്തെ വീട്ടിലേക്ക് റോഡിലൂടെ നിരങ്ങി നീങ്ങിയാണ് ഒരുതുള്ളി വെള്ളം വാങ്ങി കുടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.