ജിഷ വധം: അമീറുൽ ഇസ് ലാമിന് വധശിക്ഷ
text_fieldsെകാച്ചി: ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ് ലാമിന് വധശിക്ഷ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എൻ. അനിൽ കുമാറാണ് ശിക്ഷ വിധിച്ചത്. അപൂർവങ്ങളിൽ അപൂർവ കേസായി പരിഗണിച്ചാണ് പ്രതിക്ക് വധശിക്ഷ നൽകിയത്. കൊലപാതകത്തിന് വധശിക്ഷ, ബലാത്സംഗത്തിന് ജീവപര്യന്തം, അന്യായമായി തടഞ്ഞുവെക്കലിന് 10 വർഷം, വീട്ടിൽ അതിക്രമിച്ചു കടന്നതിന് ഏഴു വർഷം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. കൂടാതെ അഞ്ചു ലക്ഷം രൂപ പിഴയും പ്രതി ഒടുക്കണം. അതിക്രൂരമായ കൊലപാതകമാണ് പ്രതി നടത്തിയതെന്ന് കോടതി വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും.
ഇന്ത്യൻ ശിക്ഷാനിയമം 302 (കൊലപാതകം), 376 (ബലാത്സംഗം), 376 (എ) (പീഡനത്തിനായി ആയുധം ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് പരിക്കേൽപിക്കൽ), 342 (അന്യായമായി തടഞ്ഞുവെക്കുക), 449 (വീട്ടിൽ അതിക്രമിച്ചു കടക്കുക) എന്നീ കുറ്റങ്ങൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. കേസിൽ അമീറുൽ ഇസ് ലാം കുറ്റക്കാരനെന്ന് ബുധനാഴ്ച കോടതി കണ്ടെത്തിയിരുന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് എതിരെ പൊതുവികാരം ഉയർത്താൻ ഈ വിധി ഉപകരിക്കുമെന്ന് കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ അന്തസും ബഹുമാനവും ഭാവിയിൽ ഉയർത്താനാണ് വിധികൊണ്ട് ഉദ്ദേശിക്കുന്നതെന്നും കോടതി പറഞ്ഞു. നഷ്ട പരിഹാരം സംബന്ധിച്ച് അന്തിമ തീരുമാനം ജില്ലാ ലീഗൽ അതോറിറ്റിക്ക് തീരുമാനമെടുക്കാമെന്നും കോടതി നിർദേശിച്ചു.
ജിഷ വധക്കേസിൽ പ്രതിക്ക് വധശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷനും കേസിനെ അപൂർവങ്ങളിൽ അപൂർവമായി കാണാനാവില്ലെന്ന് പ്രതിഭാഗവും വ്യാഴാഴ്ച കോടതിയിൽ വാദിച്ചു. താൻ കുറ്റം ചെയ്തിട്ടില്ലെന്നും മരിച്ചയാളെ അറിയില്ലെന്നും പ്രതി അമീറുൽ ഇസ്ലാം പറഞ്ഞു. പ്രായമായ മാതാപിതാക്കളും ഭാര്യയും ഒരു കുട്ടിയുമുണ്ടെന്നും കോടതിയിൽ ബോധിപ്പിച്ച അമീർ, മാതാപിതാക്കളെ കാണണമെന്ന് അഭ്യർഥിച്ചു.
പുനരന്വേഷണത്തിന് ഉത്തരവിടണമെന്ന പ്രതിഭാഗത്തിന്റെ ഹരജി പരിഗണിച്ചാണ് കഴിഞ്ഞ ദിവസം കോടതി നടപടി ആരംഭിച്ചത്. ദ്വിഭാഷിയുടെ സഹായമില്ലാതെയാണ് പ്രതിയെ പൊലീസ് ചോദ്യം ചെയ്തതെന്നും അസമീസിലും ഹിന്ദിയിലും ഇയാൾ പറഞ്ഞതൊന്നും പൊലീസിന് മനസിലായില്ലെന്നും കേന്ദ്ര ഏജൻസിയെ കൊണ്ട് വീണ്ടും അന്വേഷിപ്പിക്കാൻ ഉത്തരവിടണമെന്നുമായിരുന്നു ഹരജി. എന്നാൽ, ശിക്ഷ സംബന്ധിച്ചാണ് ഇപ്പോൾ വാദമെന്ന് ഒാർമപ്പെടുത്തിയ കോടതി ഹരജി തള്ളുകയായിരുന്നു.
നിയമപഠനം പൂർത്തിയാക്കിയ ജിഷ 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത ഒറ്റമുറിവീട്ടിൽ കൊല്ലപ്പെട്ടത്. ജിഷയുടെ നഖത്തിന് അടിയിൽ നിന്ന് വേർതിരിച്ചെടുത്ത പ്രതിയുടെ തൊലിയുടെ ഡി.എൻ.എ, ചുരിദാർ ടോപ്പിൽ കണ്ടെത്തിയ ഉമിനിരീൽ നിന്ന് വേർതിരിച്ച ഡി.എൻ.എ, ചുരിദാർ സ്ലീവിലെ രക്തക്കറയിൽ നിന്ന് വേർതിരിച്ചെടുത്ത ഡി.എൻ.എ, ജിഷയുടെ വീടിന്റെ വാതിൽപടിയിൽ നിന്ന് കണ്ടെത്തിയ ഡി.എൻ.എ എന്നിവയിൽ നിന്ന് തെളിയുന്നത് കുറ്റകൃത്യം നടത്തിയത് അമീർ തന്നെയാണെന്നാണ്. പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കാൻ ശ്രമിച്ച ജിഷയെ പ്രതി തടഞ്ഞുവെച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് തെളിഞ്ഞതായും കോടതി വിധിന്യായത്തിൽ പറഞ്ഞു.
വീട്ടിൽ അതിക്രമിച്ചു കടന്നത് നല്ല കാര്യത്തിനാണെന്ന് തെളിയിക്കാൻ പ്രതി ഭാഗത്തിനായിട്ടില്ല. ഇൗ സാഹചര്യത്തിൽ വീട്ടിൽ അതിക്രമിച്ചു കടന്ന പ്രതി കൊലപാതകവും പീഡനവും നടത്തിയതായി സംശയാതീതമായി തെളിയിക്കപ്പെട്ടതായി വിധിന്യായത്തിൽ പറഞ്ഞു. അതേസമയം, പട്ടികജാതി പീഡന നിരോധന നിയമത്തിലെ മൂന്നു വകുപ്പുകളും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 201 പ്രകാരം തെളിവ് നശിപ്പിച്ചെന്ന ആരോപണവും പ്രോസിക്യൂഷന് തെളിയിക്കാനായില്ല. ജിഷ പട്ടികവിഭാഗക്കാരിയാണെന്ന് പ്രതിക്ക് അറിയില്ലായിരുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് ഇൗ വകുപ്പുകളിൽ കുറ്റമുക്തനാക്കിയത്.
ആകെ 100 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ 291 രേഖകളും 36 തൊണ്ടിമുതലും ഹാജരാക്കിയിരുന്നു. പ്രതിഭാഗത്തു നിന്ന് അഞ്ചു സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രതിക്കെതിരായ തെളിവുകൾ കുറ്റം തെളിയിക്കാൻ കഴിയുന്നതല്ലെന്നും ഇത് പിന്നീട് ഉണ്ടാക്കി എടുത്തതാണെന്നും മൊഴികളിലും മരണസമയത്തിലും വൈരുധ്യമുള്ളതായുമാണ് പ്രതിഭാഗം കോടതി മുമ്പാകെ നിരപരാധിത്വം തെളിയിക്കാനായി ഹാജരാക്കിയത്.
2016 ഏപ്രില്‍ 28നാണ് കുറുപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ ജിഷ കൊല്ലപ്പെട്ടത്. ജിഷയുടെ ലോ കോളജ് സഹപാഠികള്‍ സംശയം തോന്നി അന്വേഷിച്ച് വീട്ടിലെത്തുകയും കൊലപാതക കേസിന്‍റെ അന്വേഷണം കൈകാര്യം ചെയ്തത് സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തപ്പോഴാണ് മാധ്യമങ്ങളും രാഷ്ട്രീയക്കാരും പൊലീസും ഉണര്‍ന്നത്. പോസ്റ്റ്മോര്‍ട്ടത്തിലെ അപാകതയും വിവാദ വിഷയമായി. ഇതോടെ, അന്ന് ഡി.ജി.പിയായിരുന്ന ടി.പി. സെന്‍കുമാര്‍ കൊച്ചിയില്‍ ക്യാമ്പ് ചെയ്ത് വിരമിച്ച ഫോറന്‍സിക് വിദഗ്ധരുമായും മറ്റും ചര്‍ച്ച നടത്തുകയും ചെയ്തു.
ഇതിനിടെ, തെരഞ്ഞെടുപ്പില്‍ ‘ജിഷ എഫക്ട്’ കൂടി പ്രതിഫലിച്ച് സംസ്ഥാനത്തൊട്ടാകെ ഇടതു മുന്നണി വിജയിക്കുകയും പെരുമ്പാവൂരില്‍ ഇടത് സ്ഥാനാര്‍ഥി പരാജയപ്പെടുകയും ചെയ്തു. പുതിയ മന്ത്രിസഭയുടെ ആദ്യ തീരുമാനം അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കുക എന്നതായിരുന്നു. മുൻ അന്വേഷണ സംഘത്തിന്‍റെ നിഗമനത്തിൽ നിന്ന് പുതിയ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം പുനരാരംഭിച്ചു. കൊല നടന്ന് 49ാം ദിവസമായ ജൂണ്‍ 16നാണ് പെരുമ്പാവൂരിലെ തൊഴിലാളിയായ പ്രതി അമീറുല്‍ ഇസ് ലാമിനെ കാഞ്ചീപുരത്തു നിന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
അന്വേഷണത്തിന്‍റെ ഭാഗമായി 1500 പേരെ ചോദ്യം ചെയ്യുകയും 30 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 23 പേരെ ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കി. 21 ലക്ഷം ഫോണ്‍കോളുകള്‍ പരിശോധിച്ചു. 5000 വിരലടയാള പരിശോധനയും പ്രത്യേക സംഘം നടത്തിയിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത് 93ാം ദിവസമാണ് അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമർപ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി. രാധാകൃഷ്ണൻ എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.