ജിഷ്ണു പ്രണോയ് കേസിൽ കേരളം ഉത്തരവ് കൈമാറിയില്ല –സി.ബി.െഎ
text_fieldsന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനുള്ള ഉത്തരവ് കേരള സർക്കാറിൽനിന്ന് ലഭിച്ചിട്ടില്ലെന്ന് സി.ബി.െഎ. ജൂൺ 15ന് കേസ് സി.ബി.െഎക്ക് കൈമാറി കേരള സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം കൈമാറിയിട്ടുണ്ടെന്ന് സംസ്ഥാനം ബോധിപ്പിെച്ചങ്കിലും സി.ബി.െഎ സുപ്രീംകോടതിയിൽ ആവർത്തിച്ച് നിഷേധിച്ചു. തുടർന്ന്, കേസ് വ്യാഴാഴ്ചയിലേക്ക് മാറ്റിയ സുപ്രീംകോടതി അതിനകം നിലപാട് അറിയിച്ചില്ലെങ്കിൽ തങ്ങൾക്ക് ഉത്തരവിടേണ്ടിവരുമെന്ന് ഒാർമിപ്പിച്ചു. നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു മരിച്ച സംഭവത്തിലും മറ്റൊരു വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിക്ക് മർദനമേറ്റ കേസിലും പ്രതികളായ നെഹ്റു ഗ്രൂപ് ചെയര്മാന് പി. കൃഷ്ണദാസ് ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ഹൈകോടതി അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് സുപ്രീംകോടതി നിർദേശം.
അഞ്ചുമാസം മുമ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടും അത് ഇതുവരെ സി.ബി.െഎയുടെ പക്കൽ എത്തിയിട്ടില്ലെന്ന് അഭിഭാഷകൻ ബോധിപ്പിച്ചപ്പോൾ കേരള സർക്കാറിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നരസിംഹം അത് നിഷേധിച്ചു. ഉത്തരവ് കൈമാറിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ, ഇൗ വാദം സി.ബി.െഎ അംഗീകരിച്ചില്ല. തർക്കത്തിൽ ഇടെപട്ട സുപ്രീംകോടതി ഇനിയും തങ്ങൾക്ക് കാത്തിരിക്കാനാവില്ലെന്നും കേസ് ഏറ്റെടുക്കുന്ന കാര്യത്തിൽ സി.ബി.െഎ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ തങ്ങൾ വിധി പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കി. തുടർന്ന്, കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കുമെന്നും അതിന് മുമ്പ് സി.ബി.െഎ തീരുമാനം അറിയിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
കേസ് പരിഗണിക്കുന്നതിനു മുമ്പ് ജിഷ്ണു പ്രണോയ്, ഷഹീര്‍ ഷൗക്കത്തലി കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഷഹീര്‍ ഷൗക്കത്തലി കേസില്‍ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായെന്നും ജിഷ്ണു കേസുമായി ബന്ധപ്പെട്ട ചില ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ലെന്നുമായിരുന്നു സര്‍ക്കാര്‍ ബോധിപ്പിച്ചത്. കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിെൻറ അമ്മ മഹിജയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പ്രതിയായ കൃഷ്ണദാസിനോട് കോയമ്പത്തൂരില്‍ തുടരാന്‍ സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
ആഗസ്റ്റ് പത്തിന് അറിയിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ്
ന്യൂഡൽഹി: എൻജിനീയറിങ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസ് സി.ബി.ഐക്ക് കൈമാറാനുള്ള വിജ്ഞാപനം ലഭിച്ചിട്ടില്ലെന്ന് സി.ബി.ഐ. അഭിഭാഷകന് സുപ്രീംകോടതിയില്‍ പറഞ്ഞത് തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്.
കേസ് സി.ബി.ഐക്ക് കൈമാറാനുള്ള വിജ്ഞാപനവും എന്തുകൊണ്ട് ഈ കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന് വിശദീകരിക്കുന്ന കുറിപ്പും 2017 ആഗസ്റ്റ് പത്തിന് സംസ്ഥാന ആഭ്യന്തര വകുപ്പ് കേന്ദ്ര പേഴ്സനല്‍ മന്ത്രാലയത്തിന് അയച്ചിരുന്നു. നിയമപ്രകാരം സംസ്ഥാന സര്‍ക്കാറിെൻറ ആവശ്യം പേഴ്സനല്‍ മന്ത്രാലയത്തെയാണ് അറിയിക്കേണ്ടത്, സി.ബി.ഐയെ അല്ല.
എന്നാല്‍, ഇതുസംബന്ധിച്ച് ഒക്ടോബര്‍ 23-ന് പേഴ്സനല്‍ മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിയോട് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഇതില്‍നിന്ന് മനസ്സിലാവുന്നത് ഒന്നുകില്‍ പേഴ്സനല്‍ മന്ത്രാലയം കേരള സര്‍ക്കാറിെൻറ വിജ്ഞാപനം സി.ബി.ഐയെ അറിയിച്ചില്ല. അല്ലെങ്കില്‍ സി.ബി.ഐ കോടതിയില്‍ ഇക്കാര്യം മറച്ചുവെച്ചു. ഇതിലേതാണ് സംഭവിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍തന്നെ വിശദീകരിക്കേണ്ടതാണ്.
കേസ് സി.ബി.ഐക്ക് കൈമാറുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു അലംഭാവവും കാണിച്ചിട്ടില്ലെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.