ജിഷ്ണുകേസ്: നെഹ്റുകോളജ് വൈസ് പ്രിൻസിപ്പൽ ശക്തിവേൽ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: ജിഷ്ണു കേസിലെ മൂന്നാം പ്രതി നെഹ്റു കോളജ് വൈസ് പ്രിൻസിപ്പൽ എൻ.ശക്തിവേൽ അറസ്റ്റിൽ. കേസിലെ മൂന്നാം പ്രതിയായ ശക്തിവേലിനെ കോയമ്പത്തൂർ അന്നൂരിന് സമീപത്തെ കിനാവുരിൽ നിന്നും ഞായറാഴ്ച ഉച്ചയോടെയാണ് പിടികൂടിയത്. ഇവിടെയുള്ള സുഹൃത്തിെൻറ ഫാം ഹൗസിൽ നാല് ദിവസമായി ഒളിവിലായിരുന്നുവെന്നും സൂചന ലഭിച്ചതനുസരിച്ചുള്ള പൊലീസ് നീക്കമാണ് ശക്തിവേലിന്‍റെ അറസറ്റിലെത്തിയതെന്ന് അറസ്റ്റ് വിശദീകരിച്ച് തൃശൂർ റേഞ്ച് ഐ.ജി. എം.ആർ.അജിത് കുമാർ അറിയിച്ചു.
തൃശൂർ പൊലീസ് ക്ളബിൽ വൈകീട്ടോടെയെത്തിച്ച ശക്തിവേലിനെ നാല് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം തൃശൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അപേക്ഷ തിങ്കളാഴ്ച നൽകുമെന്ന് പൊലീസ് അറിയിച്ചു.
ഹൈകോടതിയിൽ ശക്തിവേലിന്‍റെയും, ഇൻവിജിലേറ്റർ കൂടിയായ അസി.പ്രഫ. സി.പി.പ്രവീണിന്‍റെയും, പരീക്ഷാ സെൽഅംഗം ദിപിന്‍റെയും മുൻകൂർ ജാമ്യാപേക്ഷയും, പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കുന്നതിെൻറ ഭാഗമായുള്ള വാറൻറ് അപേക്ഷ വടക്കാഞ്ചേരി കോടതിയിൽ പൊലീസിന്‍റെയും അപേക്ഷകൾ തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് ശക്തിവേലിന്‍റെ അറസ്റ്റുണ്ടാവുന്നത്.
സി.പി.പ്രവീൺ കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് പൊലീസ് വൃത്തങ്ങളിൽ നിന്നുള്ള സൂചനയെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകാതിരുന്ന ഐ.ജി. അജിത് കുമാർ പ്രവീണിന്‍റെ അറസ്റ്റ് ഉടനുണ്ടാവുമെന്ന് വ്യക്തമാക്കി. വലപ്പാട് സി.ഐ സന്തോഷിന്‍റെയും കൊല്ലങ്കോട് സി.ഐ. സലീഷിന്‍റെയും നേതൃത്വത്തിൽ തൃശൂർ റൂറൽ ക്രൈ ബ്രാഞ്ച് സംഘമാണ് ശക്തിവേലിനെ അറസ്റ്റ് ചെയ്തത്.
ശക്തിവേൽ കോയമ്പത്തൂരിൽ ഉണ്ടെന്ന വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ ഒരാഴ്ചയായി അന്വേഷണ സംഘം ഇവിടെ ക്യാമ്പ് ചെയ്തിരുന്നു. ഇരുന്നൂറിലധികം വീടുകളിൽ പരിശോധന നടത്തിയ സംഘം, വീടുകൾ കയറിയുള്ള തിരച്ചിലിനിടെ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞ അന്നൂർ സ്വദേശി നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒളിവിൽ കഴിയുന്ന ഫാം ഹൗസ് കണ്ടെത്തിയത്.
അഞ്ചുപ്രതികളുള്ള കേസിൽ ഒന്നാംപ്രതിയും നെഹ്രു ഗ്രൂപ്പ് ചെയർമാനുമായ പി. കൃഷ്ണദാസിനെയും രണ്ടാംപ്രതിയും കോളേജ് പി.ആർ.ഒയുമായ സഞ്ജിത് വിശ്വനാഥനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മുൻകൂർ ജാമ്യം ഉള്ളതിനാൽ ഇവരെ വിട്ടയച്ചിരുന്നു. നാലും അഞ്ചും പ്രതികളും അധ്യാപകരുമായ സി.പി പ്രവീൺ, ദിപിൻ എന്നിവരാണ് ഇനി അറസ്റ്റിലാവാനുള്ളത്. ജിഷ്ണുവിനെ ഇടിമുറിയിലിട്ടു മർദ്ദിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചയാളാണ് ശക്തിവേൽ എന്നു പൊലീസ് കണ്ടെത്തിയിരുന്നു.
ജിഷ്ണു കോപ്പിയടിച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പൽ നിലപാട് എടുത്തിട്ടും കോപ്പിയടിച്ചുവെന്ന് തെളിയിക്കാന്‍ ഉത്തരങ്ങള്‍ വെട്ടി വ്യാജ ഒപ്പിട്ടതും ശക്തിവേൽ ആയിരുന്നു. അറസ്റ്റ് വിശദീകരിച്ച വാർത്താസമ്മേളനത്തിൽ ഐ.ജി.എം.ആർ. അജിത്കുമാറിനൊപ്പം, റൂറൽ എസ്.പി.എൻ.വിജയകുമാർ, പ്രത്യേക അന്വേഷണ സംഘം മേധാവി എ.എസ്.പി കിരൺ നാരായണൻ, വലപ്പാട് സി.ഐ.സന്തോഷ്, കൊല്ലങ്കോട് സി.ഐ.സലീഷ് എന്നിവരും ടീമംഗങ്ങളും ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.