ജിഷ്ണുവിന്‍റെ മരണം: പ്രതിഷേധം തുടരുമെന്ന് വിദ്യാർഥികൾ
text_fieldsതൃശൂർ: പാമ്പാടി നെഹ്റു കോളജ് വിദ്യാർഥിയായ ജിഷ്ണുവിന്‍റെ മരണത്തിൽ ആരോപണ വിധേയരെ സസ്പെൻഡ് ചെയ്തെങ്കിലും പ്രതിഷേധം തുടരുമെന്ന് വിദ്യാർഥികൾ. മാനേജ്മെന്‍റ് നടപടി ജിഷ്ണുവിന്റെ മരണത്തിലുള്ള കുറ്റസമ്മതമെന്നും ഇവർക്കെതിരേ കേസെടുക്കുംവരെ പ്രതിഷേധം തുടരുമെന്നും വിദ്യാർഥികൾ അറിയിച്ചു. അതേസമയം സംഭവത്തേക്കുറിച്ചുള്ള സാങ്കേതിക സർവകലാശാലയുടെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് വൈകും.
മാനേജ്മെന്റ് നടപടി കണ്ണിൽ പൊടിയിട്ട് പ്രതിഷേധം അവസാനിപ്പിക്കാനുള്ള തന്ത്രം മാത്രമാണെന്നാണ് വിദ്യാർഥികളുടെ നിലപാട്. മാനേജ്മെന്റ് നിയോഗിച്ച അന്വേഷണ കമീഷന്റെ റിപ്പോർട്ടിനെ തുടർന്നാണ് ആരോപണവിധേയരെ സസ്പെൻഡ് ചെയ്യുന്നതെന്നാണ് കോളജ് അറിയിച്ചത്. ഇതിൽ നിന്ന് തന്നെ ഇവരുടെ പീഡനമാണ് ജിഷ്ണു ജീവനൊടുക്കാൻ കാരണമായതെന്ന് വ്യക്തമായതായി വിദ്യാർഥികൾ പറയുന്നു. ആ സാഹചര്യത്തിൽ ഇവരെ സ്ഥിരമായി പുറത്താക്കുകയും നിയമപരമായ നടപടി സ്വീകരിക്കുകയും വരെ പ്രതിഷേധം തുടരാനാണ് തീരുമാനം.
കോപ്പിയടിച്ചുവെന്ന് ആരോപിച്ച് ജിഷ്ണുവിനെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചൂവെന്ന് ആരോപണമുയർന്ന വൈസ് പ്രിൻസിപ്പൽ, അധ്യാപകൻ, പി.ആർ.ഒ എന്നിവരെയാണ് കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തത്. ജിഷ്ണു മരിച്ച് ഏഴാം നാളിറക്കിയ വാർത്താകുറിപ്പിൽ ദു:ഖം രേഖപ്പെടുത്തിയ മാനേജ്മെന്റ് ക്ലാസ് പുനരാരംഭിക്കാൻ സഹകരിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തിരുന്നു.
വിദ്യാർഥിയുടെ മരണത്തെതുടർന്നു കോളജ് മാനേജ്മെന്റ് ചുമതലപ്പെടുത്തിയ മൂന്നംഗ കമീഷൻ നടത്തിയ അന്വേഷണത്തിന്റെ അടിസ്‌ഥാനത്തിലാണു സസ്പെൻഡ് ചെയ്ത നടപടിയെന്നു കോളജ് മാനേജ്മെൻറ് വാർത്താക്കുറിപ്പിൽ വ്യക്‌തമാക്കിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. പ്രിൻസിപ്പലിനെയടക്കം കഴിഞ്ഞദിവസം ചോദ്യം ചെയ്ത പ്രത്യേക സംഘം ജിഷ്ണുവിന്റെ സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.