ജിഷ്ണുവിന്‍റെ മരണം: പോസ്റ്റ്മോര്‍ട്ടം അട്ടിമറിച്ചതിന് കൂടുതല്‍ തെളിവുകള്‍
text_fieldsനാദാപുരം: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിച്ചതിന്‍െറ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പൊലീസ് നടത്തിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുമാണ് വൈരുധ്യങ്ങള്‍ ഉള്ളത്. ജിഷ്ണുവിന്‍െറ കണ്ണുകളില്‍ രക്തപ്പാടുകളും കോര്‍ണിയയുടെ ഭാഗം വരണ്ട നിലയിലുമായിരുന്നു.
കണ്ണുകള്‍ പാതിതുറന്ന നിലയിലായതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ പി.ജി വിദ്യാര്‍ഥിയായ ഡോക്ടര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. കണ്ണുകള്‍ പാതി തുറന്ന നിലയിലായിരുന്നെന്ന കാര്യം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും രേഖപ്പെടുത്തുകയുണ്ടായി. ഈ വാദങ്ങള്‍ തള്ളിക്കളയുന്ന തരത്തിലാണ് പൊലീസ് ഇന്‍ക്വസ്റ്റിനായി എടുത്ത ചിത്രങ്ങള്‍. കണ്ണുകള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജനുവരി ഏഴിന് രാവിലെ ഒമ്പതിനും പത്തിനും ഇടയിലാണ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തിയത്.
ഈ സമയത്താണ് മൃതദേഹത്തിന്‍െറ ഫോട്ടോ എടുത്തത്. ഈ സാഹചര്യത്തില്‍ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെയും പോസ്റ്റ്മോര്‍ട്ടം അട്ടിമറിച്ചവര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ആവശ്യമുയരുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഇന്‍ക്വസ്റ്റ് ഫോട്ടോകളില്‍ കണ്ട പരിക്കുകളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താതിരുന്നത് വിവാദമായിരുന്നു. വലതു കൈയുടെ മുകളിലായി മൂന്നിടത്തും അരക്കെട്ടിന് മുകളിലായി രണ്ടും പരിക്കുകളാണ് വിട്ടുകളഞ്ഞത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അപാകതകള്‍ ഉണ്ടെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കിരണ്‍ നാരായണന്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ച് അന്വേഷണം നടത്തണമെന്ന് ആരോഗ്യ വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് തൃശൂര്‍ എസ്.പി എന്‍. വിജയകുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.