ജിഷ്ണുവിെൻറ മരണം:അന്വേഷണ സംഘത്തെ മാറ്റുന്നത് മൂന്നാംതവണ; എന്നിട്ടും വഴി തെറ്റി അന്വേഷണം
text_fieldsതൃശൂർ: പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണു ദുരൂഹ സാഹചര്യത്തിൽ മരിച്ചിച്ചിട്ട് 90 നാൾ പിന്നിടുമ്പോൾ േകസ് അന്വേഷിക്കുന്നത് നാലാം സംഘം. ഇപ്പോഴും കേസ് എങ്ങുമെത്തിയിട്ടില്ലെന്നിരിക്കെയാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നേതൃത്വത്തിൽ നാലാമത്തെ സംഘത്തെ നിയോഗിക്കുന്നത്.
പഴയന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയ കേസിൽ തുടക്കത്തിലേ പൊലീസിനെതിരെ ആക്ഷേപമുയർന്നു. എസ്.ഐക്കും, സി.ഐക്കും എതിരെയായിരുന്നു ആദ്യ ആക്ഷേപം. ഇതോടെ ജനുവരി ഒമ്പതിന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവിറങ്ങി. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിെൻറ പേരിൽ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടും, ഉദ്യോഗസ്ഥർ ഉത്തരവ് പൂഴ്ത്തിയതിനെ തുടർന്ന് സർവിസിൽ തുടർന്ന ഡിവൈ.എസ്.പി ബിജു കെ.സ്റ്റീഫനായിരുന്നു അന്വേഷണ ചുമതല. അന്ന് എസ്.പിയായിരുന്ന ആർ.നിശാന്തിനി അടക്കമുള്ളവർ മൂന്ന് തവണയോളം കോളജും പരിസരവും ഹോസ്റ്റലും പരിശോധിച്ചപ്പോഴും കണ്ടെത്താതിരുന്ന ജിഷ്ണു എഴുതിയതെന്ന് പറയുന്ന ആത്മഹത്യാകുറിപ്പ് കണ്ടെത്തിയത് ബിജു സ്റ്റീഫൻ ചുമതലയേറ്റ് കോളജിലെത്തിയപ്പോഴായിരുന്നു.
കത്ത് കണ്ടെടുത്തതോടെ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചു എന്ന ആക്ഷേപം ഉയർന്നു. സസ്പെൻഷനിലുള്ളയാൾക്ക് ചുമതല നൽകിയത് വിവാദമായപ്പോൾ ഇയാളെ മാറ്റി ഇരിങ്ങാലക്കുട എ.എസ്.പി കിരൺ നാരായണന് ചുമതല നൽകി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. ജനുവരി 12ന് കിരൺ നാരായണെൻറ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയെങ്കിലും മൊഴിയെടുപ്പും തെളിവെടുപ്പുമായി നീണ്ടുപോയതല്ലാതെ കാര്യമായ പുരോഗതിയുണ്ടായില്ല. ഇതിനിടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ അട്ടിമറി, മുറിവുകൾ ഉൾപ്പെടുത്താതെ ഇൻക്വസ്റ്റ് റിപ്പോർട്ട് എന്നിവയും, വിദ്യാർഥികളുടെ മൊഴിയും പുറത്തു വന്നു. അതോടെ ഫെബ്രുവരി 12ന് കോളജ് ചെയർമാൻ പി.കൃഷ്ണദാസിനെ ഒന്നാംപ്രതിയും മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.പി.വിശ്വനാഥെൻറ മകൻ കോളജിലെ പി.ആർ.ഒ സഞ്ജിത്ത് വിശ്വനാഥൻ, ജിഷ്ണുവിനെ കോപ്പിയടിച്ചത് കണ്ടുപിടിച്ചുവെന്ന് പറയുന്ന ഇൻവിജിലേറ്റർ സി.പി. പ്രവീൺ, വൈസ് പ്രിൻസിപ്പൽ ശക്തിവേൽ, പരീക്ഷാ െസൽ അംഗം ദിപിൻ എന്നിവരെ പ്രതി ചേർത്ത് കേസെടുത്തു.ഇരിങ്ങാലക്കുടയിൽ എ.എസ്.പി ഓഫിസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെയാണ് ഇവരെ പ്രതി ചേർത്ത് കേസെടുത്തത്. അതോടെ ഇവർ ഒളിവിൽ പോയി. പിന്നീട് ടീമിനെ വിഭജിച്ച് ആരംഭിച്ച അന്വേഷണം തുടരുകയാണ്. കോളേജ് വിഷയം ചർച്ച ചെയ്യാൻ വിഷയത്തിൽ കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കണമെന്ന് കാണിച്ച് നൽകിയ അപേക്ഷയെ തുടർന്ന് ഫെബ്രുവരി 24ന് കൃഷ്ണദാസിന് ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
ഇൗ യോഗം നേരത്തെ നടന്നതാണെന്ന് കോടതിയിൽ ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ പറയാതിരുന്നതാണ് ജാമ്യം ലഭിക്കാനിടയായത് എന്ന് ആരോപണമുയർന്നു. മാർച്ച് രണ്ടിന് വീണ്ടും ജാമ്യാപേക്ഷ പരിഗണിച്ച കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇതിനിടയിൽ പി.ആർ.ഒ സഞ്ജിത്തിെൻറ മുൻകൂർ ജാമ്യാപേക്ഷ തൃശൂർ സെഷൻസ് കോടതി തള്ളി. മാർച്ച് 24ന് സഞ്ജിത്തിനും, ദിപിനും ജാമ്യം ലഭിച്ചു. ലക്കിടി കോളജിൽ വിദ്യാർഥിയെ മർദിെച്ചന്ന പരാതിയിൽ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത നടപടിയും പൊലീസിന് വിമർശനമായി. ജിഷ്ണുവിെൻറ കുടുംബം സമരം തീരുമാനിച്ചപ്പോഴായിരുന്നു മുൻകൂർ ജാമ്യം ലഭിച്ചിരിക്കെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തിയുള്ള നാടകം. ഒളിവിലുള്ള മൂന്ന് പ്രതികളെയും ഇതുവരെയും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലായിരുന്നു ഡി.ജി.പിയുടെ ഓഫിസിന് മുന്നിലേക്ക് സമരം പ്രഖ്യാപിച്ച് ജിഷ്ണുവിെൻറ മാതാവും അമ്മാവനും രംഗത്ത് വന്നത്. ഇപ്പോൾ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ രണ്ടാഴ്ചക്കകം പ്രതികളെ പിടികൂടാനും, ഒളിവിലുള്ളവരെ കുറിച്ച് വിവരം നൽകുന്നവർക്ക് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചും പൊലീസ് രംഗത്ത് വരുമ്പോൾ അടുത്ത ദിവസം ഹൈകോടതിയിൽ ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷകൾ പരിഗണിക്കുന്നുവെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.