ജിഷ്ണുവിന്‍റെ മരണം: നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസ് ഒന്നാംപ്രതി
text_fieldsതൃശൂര്‍: പാമ്പാടി നെഹ്റു കോളജില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു ആത്മഹത്യ ചെയ്ത കേസില്‍ കോളജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ ഒന്നാം പ്രതിയും പി.ആര്‍.ഒ സഞ്ജിത്തിനെ രണ്ടാം പ്രതിയുമാക്കി പ്രേരണക്കുറ്റത്തിന് കേസെടുത്തു. ഇവരടക്കം അഞ്ചുപേരെ പ്രതിചേര്‍ത്ത് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വൈസ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.കെ. ശക്തിവേല്‍, അസി. പ്രഫ. സി.പി. പ്രവീണ്‍, പരീക്ഷാ സെല്‍ അംഗം ദിപിന്‍ എന്നിവരാണ് മറ്റുള്ളവര്‍.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.പി. വിശ്വനാഥന്‍െറ മകനാണ് സഞ്ജിത്ത്. വിദ്യാര്‍ഥികളെ ക്രൂരമര്‍ദനത്തിനിരയാക്കുന്നുവെന്ന ആക്ഷേപമുള്ള ഇടിമുറി സഞ്ജിത്തിന്‍െറ ഓഫിസാണ്. പ്രേരണക്കുറ്റം, മര്‍ദനം, ഗൂഢാലോചന, വ്യാജരേഖ ചമക്കല്‍, തെളിവ് നശിപ്പിക്കല്‍, വ്യാജ ഒപ്പിടല്‍ തുടങ്ങി എട്ട് വകുപ്പുകളാണ് ചുമത്തിയത്. അന്വേഷണ സംഘം മേധാവി എ.എസ്.പി കിരണ്‍ നാരായണന്‍ വടക്കാഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ടത്തെിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.
കോപ്പിയടിച്ചെന്ന മാനേജ്മെന്‍റ് വാദം തള്ളി, സഹപാഠികളും ബന്ധുക്കളുമുന്നയിച്ച ആരോപണം ശരിവെക്കുന്നതാണ് റിപ്പോര്‍ട്ട്. കോളജിന്‍െറ തെറ്റായ നടപടികളില്‍ പ്രതികരിച്ചിരുന്ന ജിഷ്ണുവിനോട് മാനേജ്മെന്‍റിന് മുന്‍ വൈരാഗ്യമുണ്ടായിരുന്നു. തുടര്‍ന്നാണ് ജിഷ്ണുവിനെ കോപ്പിയടിച്ചെന്നുപറഞ്ഞ് പരീക്ഷാ ഹാളില്‍നിന്ന് പിടിച്ചത്. ഇന്‍വിജിലേറ്ററായ അസി. പ്രഫ. സി.പി. പ്രവീണും പരീക്ഷാ സെല്‍ അംഗം ദിപിനും ചേര്‍ന്നാണ് പ്രിന്‍സിപ്പല്‍ വരദരാജന്‍െറ ഓഫിസിലത്തെിച്ചത്.
ജിഷ്ണു കോപ്പിയടിച്ചിട്ടില്ളെന്ന് പ്രിന്‍സിപ്പല്‍ നിലപാടെടുത്തു. എന്നാല്‍, മാനേജ്മെന്‍റ് നിലപാടാണെന്ന് വ്യക്തമാക്കി വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന്‍െറ നേതൃത്വത്തില്‍ ജിഷ്ണു എഴുതിയ ഉത്തരങ്ങള്‍ വെട്ടി. കോപ്പിയടിച്ചെന്ന് എഴുതിച്ചേര്‍ത്ത് ജിഷ്ണുവിന്‍െറ വ്യാജ ഒപ്പിട്ടു. പ്രിന്‍സിപ്പലിന്‍െറ മുറിയില്‍ മൂന്നുപേര്‍ ചേര്‍ന്ന് ജിഷ്ണുവിനെ മര്‍ദിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ആത്മഹത്യ വിവാദമായതോടെ ചെയര്‍മാന്‍ കൃഷ്ണദാസും പി.ആര്‍.ഒ സഞ്ജിത്തും ചേര്‍ന്ന് സി.സി ടി.വി കാമറ ദൃശ്യങ്ങളും മറ്റ് തെളിവുകളും നശിപ്പിച്ചെന്ന് പൊലീസ് കണ്ടത്തെി.
വൈസ് പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെ പ്രതിചേര്‍ക്കാന്‍ പൊലീസ് നേരത്തേ തീരുമാനിച്ചിരുന്നു. കൃഷ്ണദാസിനെ പ്രതിചേര്‍ക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഞായറാഴ്ച രാത്രി അന്വേഷണ സംഘത്തിന്‍െറ പ്രത്യേക യോഗം ചേര്‍ന്നും നിയമവിദഗ്ധരുമായി കൂടിയാലോചിച്ചുമാണ് കൃഷ്ണദാസിനെയടക്കം പ്രതിചേര്‍ത്തത്. വിദ്യാര്‍ഥികളെ കൊല്ലുമെന്ന് രക്ഷിതാക്കളെ ഭീഷണിപ്പെടുത്തിയെന്ന് ഡി.ജി.പിക്ക് പരാതി ലഭിച്ചതോടെ പ്രതിചേര്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രതികള്‍ ഒളിവിലാണെന്നും തിരച്ചില്‍ തുടരുന്നതായും സംഘം കോടതിയെ അറിയിച്ചു. കോയമ്പത്തൂരിലും നാമക്കലിലും അന്വേഷിച്ചെങ്കിലും പിടികൂടാനായില്ല. ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഓഫാണ്. ഇതിനിടെ, പ്രതികള്‍ ഹൈകോടതിയെ സമീപിക്കാന്‍ നീക്കം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.