ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ സർക്കാറിനെ അറിയിച്ചു
text_fields
തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ സംസ്ഥാന സർക്കാറിനെ അറിയിച്ചു. കേസ് ഏറ്റെടുക്കാൻ മാത്രം അസാധാരണവും അപൂർവവുമായ യാതൊന്നും കേസിൽ ഇല്ലെന്നും സർക്കാറും ഹൈകോടതിയും നേരത്തേ ഏൽപിച്ച കേസുകളുടെ ജോലിഭാരം അധികമായതിനാൽ പുതിയൊരെണ്ണം കൂടി ഏറ്റെടുക്കാനാവില്ലെന്നുമാണ് ചെന്നൈ സി.ബി.ഐ സോണൽ ജോയൻറ് ഡയറക്ടർ നാഗേശ്വർ റാവു ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയെ രേഖാമൂലം അറിയിച്ചത്. കഴിഞ്ഞ ഒമ്പതിന് കേസ് പരിഗണിച്ചപ്പോൾ അമിത ജോലിഭാരമുള്ളതിനാൽ ജിഷ്‌ണു കേസ് അന്വേഷിക്കാനാവില്ലെന്ന് സി.ബി.ഐ അഭിഭാഷകൻ പറഞ്ഞിരുന്നു.
ജിഷ്‌ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസ് സാധാരണ സ്വഭാവമുള്ളതാണെന്നും അത് അന്വേഷിക്കാനുള്ള കാര്യശേഷി സംസ്‌ഥാന പൊലീസിന് ഉണ്ടെന്നുമായിരുന്നു സി.ബി.ഐയുടെ വാദം. എന്നാൽ, ഇതുസംബന്ധിച്ച് സത്യവാങ്‌മൂലം നൽകാനാണ് സുപ്രീംകോടതി നിർദേശിച്ചത്. വിഷയത്തില്‍ പ്രതികരിക്കാന്‍ വൈകിയ സി.ബി.ഐയെയും കേസ് ഡയറി കോടതിയിൽ സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ട സംസ്ഥാന സർക്കാറിനെയും കോടതി രൂക്ഷമായി അന്ന് വിമര്‍ശിച്ചിരുന്നു. കോടതിയുടെ വിമർശനത്തെതുടർന്നാണ് കേസ് അന്വേഷിക്കാനാവില്ലെന്ന് വെള്ളിയാഴ്ച സി.ബി.ഐ സർക്കാറിനെ അറിയിച്ചത്.
ജിഷ്ണു പ്രണോയ് കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മാതാവ് മഹിജയാണ് സുപ്രീംകോടതിയെ സമീപിച്ചത്. പൊലീസ് അന്വേഷണത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന വാദം ഉന്നയിച്ചാണ് കേസില്‍ മഹിജ കക്ഷി ചേര്‍ന്നതും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതും. പൊലീസ് അന്വേഷണത്തില്‍ തുടക്കം മുതല്‍ സംഭവിച്ച വീഴ്ചകള്‍ തുറന്നുകാട്ടിയായിരുന്നു മഹിജയുടെ ഹരജി. പത്തുമാസത്തെ അന്വേഷണത്തില്‍ കാര്യമായി ഒന്നും കണ്ടെത്താന്‍ പൊലീസിന് സാധിക്കാത്തത് വീഴ്ചയാണ്. മാനേജ്മെൻറിലെ ഉന്നതര്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് സി.ബി.ഐ അന്വേഷണം ആവശ്യമാണെന്നായിരുന്നു മഹിജ സുപ്രീംകോടതിയെ ബോധിപ്പിച്ചത്.
അതേസമയം കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ യാതൊരു കത്തും നൽകിയില്ലെന്ന സി.ബി.ഐയുടെ വാദം പൊളിഞ്ഞെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ആഗസ്റ്റ് 10ന് കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സി.ബി.ഐക്ക് കത്ത് നൽകിയിരുന്നു. ഈ കത്തിന് റഫറൻസ് നൽകിയാണ് വെള്ളിയാഴ്ച സി.ബി.ഐ കേസ് അന്വേഷിക്കാനാവില്ലെന്ന് സർക്കാറിനെ അറിയിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.