മർദിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കാതെ ചർച്ചക്കില്ലെന്ന് ജിഷ്ണുവിന്‍റെ കുടുംബം
text_fieldsതിരുവനന്തപുരം: തങ്ങളെ കൈയേറ്റം ചെയ്യുകയും മര്‍ദിക്കുകയും ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കാതെ ഒരു ചര്‍ച്ചക്കും ഇല്ലെന്ന് ജിഷ്ണു പ്രണോയിയുടെ കുടുംബം. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും ബന്ധുക്കളും ഇന്ന് ഡി.ജി.പിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെയാണ് നടപടിയില്ലാതെ ചര്‍ച്ചക്കില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയത്.
ആശുപത്രിയിൽ നിന്ന് വിട്ടയച്ചാലുടനെ വീണ്ടും ഡി.ജി.പി ഓഫീസിന് മുന്നിൽ സമരം ആരംഭിക്കുമെന്നും ജിഷ്ണുവിന്‍റെ അമ്മാവൻ ശ്രീജിത്ത് വ്യക്തമാക്കി. എവിടെ വെച്ചാണോ തങ്ങളെ തടയുന്നത് അവിടെകിടന്ന് സമരം ചെയ്യും. തങ്ങളെ മര്‍ദിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കുക, ജിഷ്ണുവിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടുക എന്നതുമാത്രമാണ് തങ്ങളുടെ ആവശ്യമെന്നും ശ്രീജിത്ത് വ്യക്തമാക്കി.
ജിഷ്ണുവിന്‍റെ ബന്ധുക്കള്‍ ആശുപത്രിയില്‍ തുടരുന്ന നിരാഹാര സമരം രണ്ടാം ദിനവും തുടരുകയാണ്. ജീഷ്ണുവിന്‍റെ അമ്മ മഹിജ ക്ഷീണിതയാണ്. തങ്ങളെ ആക്രമിച്ച പോലീസ്‌കാര്‍ക്കെതിരെ നടപടിയെടുക്കാതെ ഒരു കാരണവശാലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍. മകന് നീതി തേടി അമ്മ മഹിജയും ബന്ധുക്കളും തലസ്ഥാനത്ത് സമരം തുടരുമ്പോള്‍ ജിഷ്ണുവിന്‍റെ ഏക സഹോദരി അവിഷ്ണയും വളയത്തെ വീട്ടില്‍ നിരാഹാര സമരത്തിലാണ്. ജിഷ്ണുവിന്‍റെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാട്ടുകാരും ബന്ധുക്കളും വളയത്ത് അനിശ്ചിത കാല സമരം ആരംഭിച്ചു.
അതേസമയം, സംഭവത്തക്കുറിച്ച് ഐ.ജിയുടെ സമർപ്പിച്ച റിപ്പോർട്ട് ഡി.ജി.പി തള്ളി. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച കുടുംബത്തെ കൈകാര്യം ചെയ്തതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ല എന്നായിരുന്നു ഐ.ജി മനോജ് എബ്രഹാം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ഇതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടത്.
അതിനിടെ ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ പ്രതികളെ പിടികൂടുന്നതിനുവേണ്ടി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നിതിന്‍ അഗര്‍വാളിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.