ജിഷ്ണുവിന്‍റെ കുടുംബത്തെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു VIDEO
text_fieldsതിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് അനിശ്ചിതകാല സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ കുടുംബത്തെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കേസ് അന്വേഷണം പൊലീസ് അട്ടിമറിക്കുന്നുവെന്നാരോപിച്ചാണ് ജിഷ്ണുവിന്‍റെ മാതാപിതാക്കളും ബന്ധുക്കളും ഡി.ജി.പി ഓഫിസിന് മുന്നിൽ സമരത്തിനെത്തിയത്. എന്നാൽ പൊലീസ് ആസ്ഥാനത്ത് സമരം അനുവദിക്കില്ലെന്നായിരുന്നു പൊലീസിന്‍റെ നിലപാട്. ഏറെ നേരത്തേ സംഘർഷത്തിനൊടുവിലാണ് ജിഷ്ണുവിന്‍റെ ബന്ധുക്കളായ 16 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. അറസ്റ്റിന് വഴങ്ങാതെ റോഡിൽ കിടന്ന അമ്മ മഹിജയെ വലിച്ചിഴച്ചാണ് പൊലീസ് വാനിലേക്ക് കയറ്റിയത്.
ഡി.ജി.പി ഓഫീസിലേക്ക് മാർച്ച് ചെയ്ത് എത്തിയവരെ റോഡിൽ തന്നെ പൊലീസ് തടയുകയായിരുന്നു. പിരിഞ്ഞുപോകണമെന്ന ആവശ്യം അംഗീകരിക്കാൻ ബന്ധുക്കൾ തയാറായില്ല. തുടർന്ന് വേണമെങ്കിൽ അഞ്ചുപേരെ അകത്തേക്ക് കടത്തിവിടാമെന്ന് പൊലീസ് അറിയിച്ചെങ്കിലും ബന്ധുക്കൾ ഈ നിർദേശം സ്വീകരിച്ചില്ല. തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് ഇവരെ അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് റോഡിൽ കിടന്ന അമ്മയെ പൊലീസ് വലിച്ചിഴച്ചാണ് കൊണ്ടുപോയത്. ശേഷം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇവരെ പേരൂർക്കട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പ്രതിഷേധം ഡി.ജി.പി ഓഫീസിന് മുന്നിലേക്കു എത്തുന്നതിനു മുന്‍പ് പൊലീസ് തടയുകയായിരുന്നു. നാട്ടുകാര്‍ ഉള്‍പ്പെടെ അഞ്ചോളം സ്ത്രീകളും പന്ത്രണ്ടോളം പുരുഷന്മാരും അടങ്ങുന്ന 16 പേരടങ്ങുന്ന സംഘമാണ് കേസില്‍ നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് സമരം നടത്താനെത്തിയത്. ഡി.ജി.പി ഓഫീസിന് മുന്നില്‍ സമരം അനുവദിക്കില്ലെന്നും ആവശ്യമെങ്കില്‍ സെക്രട്ടേറിയേറ്റിൽ സമരം നടത്താമെന്നുമായിരുന്നു പൊലീസ് അറിയിച്ചത്. ജിഷ്ണു മരിച്ച് 80 ദിവസമായിട്ടും കേസില്‍ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബം സമരത്തിനെത്തിയത്.
കേസിലെ ഒന്നാം പ്രതിയായ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയിക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യമുള്ളതിനാലാണ് ഒരു ലക്ഷം രൂപയുടെയും രണ്ട് പേരുടെ ആള്‍ ജാമ്യത്തിലും കൃഷ്ണദാസിനെ വിട്ടയച്ചത്. എന്നാൽ പൊലീസ് പ്രതികളുമായി ഒത്തുകളിക്കുന്നുവെന്നാണ് ജിഷ്ണുവിന്‍റെ കുടുംബത്തിന്‍റെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.