ജിഷ്ണുവിന്റെ കുടുംബത്തെ സര്‍ക്കാറിനെതിരെ തിരിച്ചുവിടാനുള്ള ഗൂഢശ്രമം നടന്നു -കോടിയേരി
text_fieldsതിരുവനന്തപുരം: ജിഷ്ണുവിന്‍റെ കുടുംബത്തെ സര്‍ക്കാറിനെതിരെ തിരിച്ചുവിടാനുള്ള ഗൂഢശ്രമങ്ങളാണ് നടന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശാഭിമാനി പത്രത്തിൽ 'ജിഷ്ണു സമരം: ബാക്കിപത്രം' എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് ജിഷ്ണു പ്രണോയിയുടെ കുടുംബം നടത്തിയ സമരത്തെ വിമർശിച്ച് കോടിയേരി രംഗത്തെത്തിയത്.
ജിഷ്ണുവിന്റെ കുടുംബത്തിന്‍റെ മറപറ്റി എൽ.ഡി.എഫ് സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗ്രാന്‍ഡ് മാസ്റ്റര്‍ ഡിസൈനാണ് തയാറാക്കിയിരുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി കാവിസംഘവുമായി സഹകരിച്ചായിരുന്നു ഇത് നടപ്പാക്കിയത്. ബൂര്‍ഷ്വാമാധ്യമങ്ങളാകട്ടെ അസാധാരണമായ രീതിയില്‍ അതിനോട് ചായുകയും ചെയ്തുവെന്നും ലേഖനത്തിൽ കോടിയേരി ആരോപിക്കുന്നു.
പൊലീസിനെ പഴി പറഞ്ഞ് എൽ.ഡി.എഫ് സര്‍ക്കാറിനെ ന്യൂനപക്ഷവിരുദ്ധമെന്നും പൗരാവകാശങ്ങള്‍ ലംഘിക്കുന്ന സംവിധാനമാണെന്ന് വരുത്താനുമാണ് ശ്രമം. ജിഷ്ണുവിന്റെ കുടുംബം ഡി.ജി.പി ഓഫീസിനുമുന്നില്‍ നടത്തിയ സമരത്തെ തുടര്‍ന്ന് ആ കുടുംബം താമസിക്കുന്ന നാദാപുരത്തും വളയത്തും ഇടതുപക്ഷ തൊഴിലാളിപ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനുള്ള മുതലെടുപ്പ് രാഷ്ട്രീയവും അരങ്ങേറിയിരുന്നു. ഡി.ജി.പി ഓഫീസ് പരിസരം നിരോധിതമേഖലയായി പ്രഖ്യാപിച്ചത് 2002ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. അത്തരം സ്ഥലങ്ങളില്‍ ആര് സമരത്തിന് പോയാലും സംഘം ചേര്‍ന്നാലും നിയമവിരുദ്ധനടപടിയായി കണ്ട് കേസ് രജിസ്റ്റര്‍ ചെയ്യുകയെന്നത് എല്ലാ കാലത്തും ചെയ്തുപോന്നിട്ടുള്ള നടപടിമാത്രമാണ്.
അവിടെ അറസ്റ്റ് ചെയ്ത ആരോടെങ്കിലും പ്രത്യേകവിരോധം തീര്‍ക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ 11 മാസംവരെ കാത്തിരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലല്ലോ. ഇത്തരം കേസുകള്‍ ചാര്‍ജ് ചെയ്യുന്നത് ഭരണനേതൃത്വത്തിന്റെ അറിവോടെയോ നിര്‍ദേശത്തോടെയോ അല്ല. പൌരാവകാശത്തെ പറ്റിയുള്ള വാചകക്കസര്‍ത്തുകള്‍ എന്തായാലും അതില്‍ പലതിലും ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയം സ്വാഗതാര്‍ഹമല്ല. ബിജെപി- ആര്‍എസ്എസ് ഭരണത്തിലെ ഭരണാവകാശധ്വംസനങ്ങള്‍ കേരളത്തിലും ഉണ്ടാകുന്നുവെന്ന അഭിപ്രായം ദേശീയസംഭവവികാസങ്ങളെ സമചിത്തതയോടെ കാണുന്നവര്‍ അംഗീകരിക്കില്ലെന്നും കോടിയേരിയുടെ ലേഖനത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.