ജിഷ്ണു പ്രണോയിയുടെ വീടിപ്പോൾ സമരഭൂമിയാണ്....
text_fieldsവടകര: ശരീരമാകെ തളർന്നുകിടക്കുമ്പോഴും അവിഷ്ണ അശോകിെൻറ തീരുമാനം ഉറച്ചതാണ്. ‘ഏട്ടെൻറ കൊലയാളികളെ പിടികൂടണം. നീതിക്കായി സമരം ചെയ്ത അമ്മയെയും അച്ഛനെയും എന്തിനാ അവർ ഉപദ്രവിച്ചത്...’ ഇടറിയ വാക്കുകളിങ്ങനെ അവൾ പതറിനിർത്തി. അവിടെ, കൂടിനിന്നവരുടെ മുഖത്ത് സങ്കടവും രോഷവും നിറഞ്ഞുനിന്നു. ജിഷ്ണു പ്രണോയിയുടെ വളയത്തെ പൂവംവയലിൽ വീട് ഇന്നൊരു സമരഭൂമിയാണ്.
നാടിെൻറ നാനാതുറകളിലുള്ളവർ വീട്ടിലെത്തുന്നു. ചിലർ പൊട്ടിക്കരയുന്നു. രോഷം കൊള്ളുന്നു. പിന്തുണ അർപ്പിക്കുന്നു. ഇതിൽ ജിഷ്ണുവിനെ നേരിട്ടറിഞ്ഞവർ, വാർത്തകളിലൂടെ മനസ്സിലാക്കിയവർ, കേട്ടറിഞ്ഞവർ എന്നിങ്ങനെ ഏറെയാണ്. മകളെ സമരത്തിൽനിന്ന് പിന്തിരിപ്പിക്കാൻ അമ്മ മഹിജ തിരുവനന്തപുരത്തുനിന്ന് വിളിച്ചു. അവിഷ്ണയുടെ മറുപടി ഇങ്ങനെ: ‘അമ്മേ ഏട്ടന് വേണ്ടി ഇനി ഇതല്ലേ എനിക്ക് ചെയ്യാൻ പറ്റൂ...’
വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ അവിഷ്ണക്കൊപ്പം വളയത്തെ വീട്ടുവാരാന്തയിൽ 14 സ്ത്രീകൾ റിലേ നിരാഹാരസമരം തുടങ്ങി. ഇതിൽ പത്തുപേർ ബന്ധുക്കളും നാലുപേർ അയൽവാസികളുമാണ്. മൂന്നുദിവസമായി നിരാഹാരമിരിക്കുന്ന അവിഷ്ണയുടെ ആരോഗ്യ സ്ഥിതി അതീവഗുരുതരമാണ്. ജിഷ്ണു കൊല്ലപ്പെട്ട ജനുവരി ആറുമുതൽ ഈ വീട്ടിലാരും ഉള്ളറിഞ്ഞ് ഭക്ഷണം കഴിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവിഷ്ണയുടെ ആരോഗ്യം തീരെ മോശമാണ്.
ആരോഗ്യ വകുപ്പധികൃതരും ഡോക്ടർമാരും ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചെങ്കിലും ബന്ധുക്കൾ കൂട്ടാക്കിയില്ല. ജില്ല കലക്ടറുടെ നിർദേശപ്രകാരം സ്ഥലത്തെത്തിയ കൊയിലാണ്ടി തഹസിൽദാർ റംല, നാദാപുരം ഡിവൈ.എസ്.പി കെ. ഇസ്മായിൽ, വടകര തഹസദാർ സതീഷ്കുമാർ തുടങ്ങിയവർ വീട്ടുകാരുമായി ഏറെ നേരം ചർച്ച നടത്തിയെങ്കിലും തീരുമാനത്തിൽനിന്ന് പിന്നോട്ടുപോയില്ല.
സി.പി.ഐ നേതാക്കളായ അഡ്വ. പി. വസന്തം, ടി.കെ. രാജൻ മാസ്റ്റർ, രജീന്ദ്രൻ കപ്പള്ളി തുടങ്ങിയവർ വീട്ടുകാരുമായി നടത്തിയ ചർച്ചയെ തുടർന്ന്, നാദാപുരം താലൂക്ക് ആശുപത്രിയിൽനിന്ന് ഡോക്ടർമാരുടെ സംഘമെത്തി അവിഷ്ണക്ക് ഡ്രിപ്പ് നൽകി. അമ്മയും അച്ഛനുമടങ്ങുന്നവർ നീതി ലഭിച്ച് തിരിച്ചെത്തുന്നതുവരെ സമരം തുടരാനാണ് അവിഷ്ണയുൾപ്പെടെയുള്ള ബന്ധുക്കളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.