‘മുല്ലപ്പള്ളി വിളിച്ചപ്പോൾ താനാണ് ഫോൺ കൈമാറിയത്; ലിനിയുടെ ആത്മാവിനെ സജീഷ് വേദനിപ്പിക്കരുത്’
text_fieldsകോഴിക്കോട്: സിസ്റ്റർ ലിനി നിപ ബാധിച്ച് മരിച്ചപ്പോൾ വടകര എം.പിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ഫോൺ വിളിച്ചുപോലും ആശ്വസിപ്പിച്ചില്ലെന്ന ലിനിയുടെ ഭർത്താവ് സജീഷിന്‍റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ജിതേഷ് മുതുകാട്. തന്‍റെ ഫോണിലേക്ക് മുല്ലപ്പള്ളി വിളിച്ചപ്പോൾ ആ ഫോൺ താനാണ് സജീഷിന് കൈമാറിയത്. മുല്ലപ്പള്ളി വിളിച്ചില്ലെന്ന് സജീഷിന് തന്‍റെ മുഖത്തുനോക്കി പറയാൻ കഴിയുമോയെന്നും ജിതേഷ് മുതുകാട് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.
മുല്ലപ്പള്ളി വിളിച്ചത് അന്നത്തെ മാനസികാവസ്ഥയിൽ സജീഷ് ഓർക്കാതിരിക്കുകയാണെങ്കിൽ താൻ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ അതാണ് സത്യം. മറിച്ചാണെങ്കിൽ ആർക്കു വേണ്ടിയാണ് സുഹൃത്തേ ഈ കള്ളം പറയുന്നത്.
മരണശേഷവും ലോകത്തിന്‍റെ നെറുകയിൽ നിൽക്കുന്ന പ്രിയപ്പെട്ട ലിനി സിസ്റ്ററുടെ ഭർത്താവ് തരംതാണ സി.പി.എം നേതാക്കളുടെ നിലയിലേക്ക് അധ:പതിക്കരുതെന്നും ജിതേഷ് മുതുകാട് പറഞ്ഞു.
മന്ത്രി കെ.കെ. ശൈലജക്കെതിരെ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പരാമർശങ്ങൾ വിവാദമായ സാഹചര്യത്തിലാണ് ലിനി മരിച്ച സമയത്ത് മുല്ലപ്പള്ളി വിളിച്ചിരുന്നില്ലെന്ന് സജീഷ് പറഞ്ഞത്. അന്ന് താങ്ങും തണലുമായി ഉണ്ടായിരുന്നത് മന്ത്രി ശൈലജയായിരുന്നെന്നും സജീഷ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.