ഖത്തർ പ്രതിസന്ധി: ആശങ്കയോടെ ഗൾഫ് തൊഴിലന്വേഷകർ
text_fieldsതിരുവനന്തപുരം: ഖത്തറുമായുള്ള നയതന്ത്ര ബന്ധം വേർപെടുത്തിയതിനെ തുടർന്ന് ഗൾഫ് മേഖലയിലുണ്ടായ പ്രതിസന്ധി തൊഴിലന്വേഷകരെ ആശങ്കയിലാക്കി. ജീവിക്കാനായി കടൽ കടക്കാൻ ഒരുങ്ങി നിന്ന പതിനായിരക്കണക്കിന് യുവാക്കൾക്കു മുന്നിലാണ് കരിനിഴൽ വീണത്. സാഹചര്യം മാറുന്നതുവരെ ഗൾഫ് മേഖലയിലെ കമ്പനികളൊന്നും ആരെയും പുതുതായി നിയമിക്കില്ലെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽനിന്നായി പ്രതിദിനം 3000 പേരെങ്കിലും ഖത്തറിലേക്ക് മാത്രം പോവുന്നുണ്ട്. ഇതിൽ നല്ലൊരു ശതമാനം തൊഴിലന്വേഷകരാണ്. സന്ദർശക വിസയിൽ പോയി ജോലി കണ്ടെത്തുകയാണ് ഇവരുടെ പതിവ്.
ഖത്തറിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർ യാത്ര നീട്ടിവെക്കുകയാണെന്നും ടിക്കറ്റ് റദ്ദാക്കുന്നവരില്ലെന്നും എയർ ട്രാവൽസ് എൻറർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് സി.എം.ഡി ഇ.എം. നജീബ് പറഞ്ഞു. മധ്യസ്ഥ ചർച്ചകളിൽ പ്രതീക്ഷയർപ്പിച്ചിരിക്കയാണ് യാത്രക്കാരെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽനിന്ന് ഖത്തറിലേക്ക് സർവിസ് നടത്തിയിരുന്ന എമിറേറ്റ്സ്, ഇത്തിഹാദ്, എയർഅറേബ്യ, ഫ്ലൈ ദുബൈ, ഗൾഫ് എയർ തുടങ്ങിയ വിമാനങ്ങൾ സർവിസ് നിർത്തിവെച്ചതിനാൽ ഒേട്ടറെ പേരാണ് യാത്ര നീട്ടിവെച്ചത്.
എയർ ഇന്ത്യ, ഖത്തർ എയർവേസ്, ജെറ്റ് എയർവേസ്, ഒമാൻ എയർവേസ്, കുവൈത്ത് എയർ തുടങ്ങിയ കമ്പനികളാണ് കേരളത്തിൽനിന്ന് ഇപ്പോൾ ഖത്തറിലേക്ക് സർവിസ് നടത്തുന്നത്. നയതന്ത്ര വിലക്ക് ഏർപ്പെടുത്തിയ സൗദിയും യു.എ.ഇയും ഉൾപ്പെടുന്ന രാജ്യങ്ങളുടെ വ്യോമപാതയും ഇൗ വിമാനങ്ങൾക്ക് ഉപയോഗിക്കാനാവില്ല. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഖത്തർ എയർേവസ്, ജെറ്റ് എയർവേസ്, എയർഇന്ത്യ എക്സ്പ്രസ് എന്നിവയാണ് ഖത്തറിലേക്ക് സർവിസ് നടത്തുന്നത്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽനിന്നാണ് കൂടുതൽ വിമാനങ്ങളുമുള്ളത്.
ഖത്തറിൽ കഴിയുന്ന ആറു ലക്ഷം ഇന്ത്യക്കാരിൽ പകുതിയും മലയാളികളെന്ന നിലക്ക് എല്ലാ ദിവസവും നോർക്ക അധികൃതർ ബന്ധപ്പെടുന്നുണ്ട്. പുറമേ പ്രചരിക്കുന്ന പ്രശ്നമൊന്നും ഖത്തറിലില്ലെന്നും എല്ലാം പതിവുപോലെയാണെന്നും നോർക്ക-റൂട്സ് സി.ഇ.ഒ ഡോ.കെ.എൻ. രാഘവൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
നോർക്കയുടെ 24 മണിക്കൂർ കാൾ സെൻററിൽ ഇതിനകം പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നത് ഇതിെൻറ തെളിവാണെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.