സരിത ഉൾപ്പെട്ട തൊഴിൽതട്ടിപ്പ് കേസ്: പൊലീസിന് വീഴ്ച സംഭവിച്ചതായി വിലയിരുത്തൽ
text_fieldsതിരുവനന്തപുരം: സരിത എസ്. നായർ ഉൾപ്പെടെയുള്ളവർക്കെതിരായ തൊഴില്‍തട്ടിപ്പ് കേസിെൻറ അന്വേഷണത്തില്‍ പൊലീസിെൻറ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് വിലയിരുത്തല്‍. അറസ്റ്റ് ചെയ്തില്ലെങ്കിലും പ്രതികളെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയാറാകാത്തത് ഗുരുതരമായ വീഴ്ചയാണെന്നാണ് വിലയിരുത്തൽ.
ഇൗ കേസ് സംബന്ധിച്ച ഫയലുകള്‍ പരിശോധിച്ച ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിന് കേസ് ആദ്യം അന്വേഷിച്ചിരുന്ന നെയ്യാറ്റിന്‍കര സി.ഐയോട് വിശദീകരണം തേടി കാരണം കാണിക്കൽ നോട്ടീസ് നല്കി. ചോദ്യം ചെയ്യലും അറസ്റ്റിനുമുള്ള തടസ്സങ്ങളെന്താണെന്ന് വിശദീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഡിസംബര്‍ 12നാണ് സരിതക്കെതിരെ കേസെടുത്തത്. സരിതയുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയത് അടക്കമുള്ള തെളിവുകള്‍ പരാതിക്കാരന് പൊലീസിന് കൈമാറുകയും ചെയ്തു. എന്നാല്‍, സരിതയടക്കം ഒരു പ്രതിയെ പോലും ചോദ്യം ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ഡി.ഐ.ജി കേസ് ഫയലുകള്‍ വിളിച്ചുവരുത്തി പരിശോധിച്ചതും കാരണം കാണിക്കല്‍ നോട്ടീസ് നല്കിയതും. അന്വേഷണം വേഗത്തിലാക്കാന്‍ നിലവിലെ നെയ്യാറ്റിന്‍കര സി.ഐക്ക് നിർദേശം നൽകുകയും ചെയ്തു.
സരിതക്കെതിരെ പരാതി ലഭിച്ചിരുന്നെങ്കിലും തുടർനടപടികൾ സ്വീകരിച്ചിരുന്നില്ല. അതിനിടെ കേസിലെ ഒരു പ്രതി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു.
അതും കോടതി തള്ളിയിട്ടുണ്ട്. അതിനിടെ തെരഞ്ഞെടുപ്പ് ചട്ടപ്രകാരം അന്വേഷണോദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. അതിനിെട പൊലീസ് പാളിച്ചയും വിവാദമായിരുന്നു. അതിനെ തുടർന്നാണ് ഡി.െഎ.ജി കേസ് ഫയൽ വിളിച്ചുവരുത്തി തുടർനടപടികൾ കൈക്കൊണ്ടത്.
സരിത എസ്. നായർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുള്ള പരാതിയാണ് പൊലീസിന് ലഭിച്ചത്. വിവിധ സർക്കാർ വകുപ്പുകളിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പെന്നാണ് പരാതി. ഇതുസംബന്ധിച്ച സരിതയുടേതെന്ന നിലയിലുള്ള ശബ്ദരേഖയും പരാതിക്കാരൻ പൊലീസിന് സമർപ്പിച്ചിരുന്നു.
എന്നാൽ, അതിെൻറ അടിസ്ഥാനത്തിൽ പൊലീസിെൻറ ഭാഗത്തുനിന്ന് അത്തരത്തിലുള്ള ഒരു അന്വേഷണവും നടന്നിരുന്നില്ല. ആ സാഹചര്യത്തിലാണ് ഇപ്പോൾ അന്വേഷണത്തിൽ പൊലീസ് ആസ്ഥാനത്തുനിന്ന് ഇടപെടലുണ്ടായിട്ടുള്ളത്.
സോളാർ കേസ്: സരിതയടക്കം പ്രതികൾക്ക് അറസ്റ്റ് വാറൻറ്
കോഴിക്കോട്: സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട കോഴിക്കോട്ടെ കേസിൽ വിധി കേൾക്കാൻ എത്താത്തതിന് സരിത എസ്. നായരടക്കം പ്രതികൾക്ക് അറസ്റ്റ് വാറൻറ്. കേസ് വിധി പറയാൻ 25ലേക്ക് മാറ്റുകയും ചെയ്തു.
ഒന്നുമുതൽ മൂന്നുവരെ പ്രതികളായ ബിജു രാധാകൃഷ്ണൻ, സരിത എസ്. നായർ, കൊടുങ്ങല്ലൂർ സ്വദേശി ബി. മണിമോൻ എന്നിവർക്കെതിരെയാണ് മൂന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കെ.കെ. നിമ്മിയുടെ നടപടി. മൂന്നു പ്രതികളുടെയും ജാമ്യം റദ്ദാക്കിയ കോടതി ഇവരെ 25ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ജാമ്യമില്ലാ വാറൻറും പുറപ്പെടുവിച്ചു.
പ്രതികൾക്കുവേണ്ടി അവധി അപേക്ഷ നൽകിയെങ്കിലും കോടതി നിരസിച്ചു. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമിക്കുന്നതിനാൽ യാത്രചെയ്യാനാവില്ലെന്നാണ് ബിജുവിനുവേണ്ടി നൽകിയ ഹരജിയിലുള്ളത്.
തിരുവനന്തപുരം ശ്രീചിത്രയിൽ ചികിത്സയിലായതിനാൽ അവധി നൽകണമെന്ന് സരിതയും അപേക്ഷിച്ചു. എന്നാൽ, വിധി പറയൽ മാറ്റരുതെന്നും മൂന്നുപേരുടെയും ജാമ്യം റദ്ദാക്കണമെന്നും അസി.പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജെഫ്രി ജോർജ് ജോസഫ് വാദിച്ചു.
അസോസിയേറ്റഡ് സ്റ്റീൽസ് യാർഡ് ഉടമ അബ്ദുൽ മജീദിനെ 42.70 ലക്ഷം രൂപ വഞ്ചിച്ചതായാണ് സോളാർ ഇടപാട് സംബന്ധിച്ച കോഴിക്കോട്ടെ കേസ്. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരായ ജില്ലയിലെ മറ്റ് കേസുകൾ കൊയിലാണ്ടി, വടകര മജിസ്ട്രേറ്റ് കോടതികളുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.