തൊഴിൽ തട്ടിപ്പ്; കംബോഡിയയിൽ കുടുങ്ങിയ യുവാക്കൾ തിരിച്ചെത്തി, പൊലീസിൽ മൊഴി നൽകി
text_fieldsവടകര/ നെടുമ്പാശേരി: കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായ യുവാക്കൾ തിരിച്ചെത്തി പൊലീസിൽ മൊഴി നൽകി. പതിയാരക്കര ചാലു പറമ്പത്ത് അഭിനന്ദ്, മണിയൂർ പിലാതോട്ടത്തിൽ സെമിൽ ദേവ്, എടത്തുംകര ചങ്ങരോത്ത്കണ്ടി അഭിനന്ദ്, മന്തരത്തൂർ പുളിക്കൂൽ താഴകുനി അരുൺ, തോടന്നൂർ കല്ലായി മീത്തൽ അശ്വന്ത് ബാബു, മലപ്പുറം എടപ്പാൾ സ്വദേശി അജ്മൽ, മംഗലാപുരം സ്വദേശി റോഷൻ ആന്റണി എന്നിവരാണ് കബളിപ്പിക്കപ്പെട്ട് കംബോഡിയയിൽ കുടുങ്ങിയത്. ഞായറാഴ്ച രാത്രി 11.20ഓടെയാണ് കംബോഡിയയിൽ നിന്നു മലേഷ്യ വഴി ഇവർ നെടുമ്പാശ്ശേരിയിൽ എത്തിയത്.
തിങ്കളാഴ്ച രാവിലെ പത്തോടെ നെടുമ്പാശ്ശേരി പൊലീസിലെത്തിയാണ് മൊഴി നൽകിയത്. ഏഴുപേരെയും കമ്പനിക്ക് വിൽപന നടത്തിയത് ഒരാൾക്ക് രണ്ടര ലക്ഷം രൂപ വീതം കൈപ്പറ്റിയാണെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. പാലക്കാട് സ്വദേശി നസറുദ്ദീൻ ഷാ, തോടന്നൂർ സ്വദേശികളായ അനുരാഗ്, അദിരഥ്, കുറുന്തോടി സ്വദേശി മുഹമ്മദ് റസ്ലിൻ എന്നിവരുടെ പേരിലാണ് പരാതി നൽകിയത്. ഇവരെ കംബോഡിയയിൽ എത്തിക്കാനുള്ള ഏജന്റായി പ്രവർത്തിച്ചവരാണ് നാലുപേരും. തൊഴിൽ ചൂഷണത്തിനിരയായി കംബോഡിയയിൽ നിരവധി മലയാളികൾ കുടുങ്ങിക്കിടക്കുന്നതായി തിരിച്ചെത്തിയവർ പറഞ്ഞു. പണം വാങ്ങിയവർ ഇപ്പോൾ കംബോഡിയയിലാണുള്ളത്. ഇവർ നിത്യേന നിരവധി മലയാളികളെ ജോലിക്കെന്ന് പറഞ്ഞ് ഇവിടേക്ക് കൊണ്ടുവരുന്നുണ്ടെന്നും രക്ഷപ്പെട്ടവർ പറഞ്ഞു.
ആഗസ്റ്റ് 19നാണ് ബാങ്കോക്കിൽ പരസ്യ കമ്പനിയിൽ ജോലി നൽകാമെന്നുപറഞ്ഞ് ഏഴുപേരെയും ബാങ്കോക്കിൽ എത്തിച്ചത്. രണ്ടുദിവസത്തിനുശേഷം അവിടെ നിന്നു കംബോഡിയയിലേക്ക് പോവണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കംബോഡിയയിൽ നിന്നു ഇവരെ ഒരു ടാക്സിയിൽ നാട്ടിലേക്ക് പോവാൻ എന്ന വ്യാജേന വിയറ്റ്നാം അതിർത്തിയിൽ എത്തിക്കാനുള്ള ശ്രമത്തിനിടെ ടാക്സി ഡ്രൈവറുടെ സഹായത്തോടെ ഇന്ത്യൻ എംബസിയിൽ അഭയം തേടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.