യോഗ്യത ഒമ്പതാംക്ലാസ്; ശാസ്ത്രജ്ഞൻ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ
text_fieldsകൊടുവള്ളി: ശാസ്ത്രജ്ഞൻ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്നും ലക്ഷങ്ങൾ തട്ടിയയാളുടെ വിദ്യാഭ്യാസ യോഗ്യത ഒമ്പതാംക്ലാസ്. പിടിയിലായ കോട്ടയം ചങ്ങനാശ്ശേരി വാഴൂർ മണ്ണ് പുരയിടത്തിൽ പി.ആർ. അരുണിനെ (36) കൊടുവള്ളി പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തു.
കേന്ദ്ര സർക്കാർ സ്ഥാപനമായ ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷനിൽ (ഡി.ആർ.ഡി.ഒ) ശാസ്ത്രജ്ഞനാണെന്ന വ്യാജേനയാണ് ഇയാൾ പണവും സ്വർണവും തട്ടിയെടുത്തത്. ജൂൺ രണ്ടിന് ചൊവ്വാഴ്ചയാണ് ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ അഖിലേന്ത്യ എൻട്രൻസ് പരീക്ഷയിൽ 118ാം റാങ്ക് ജേതാവാണെന്നും എം.ടെക് ബിരുദധാരിയാണെന്നും പറഞ്ഞാണ് ആളുകളിൽനിന്ന് പണം തട്ടിയെടുക്കുന്നത്. സംശയം തോന്നാതിരിക്കാൻ കേന്ദ്ര ഏജൻസിയിൽ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞെൻറ വ്യാജ തിരിച്ചറിയൽ കാർഡ് കാണിച്ചാണ് ആളുകളെ പരിചയപ്പെടുന്നത്.
കിഴക്കോത്ത് മറിവീട്ടിൽതാഴം സ്വദേശി സുകേഷിൽനിന്ന് ജോലി വാഗ്ദാനം ചെയ്ത് രണ്ടര പവൻ സ്വർണവും കാൽ ലക്ഷം രൂപയും തട്ടിയെടുത്തതിൽ അരുൺ കുന്ദമംഗലത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയപ്പെടുത്തിയ രണ്ടു പവൻ സ്വർണം പൊലീസ് കണ്ടെടുത്തു.
കിഴക്കോത്ത് മറിവീട്ടിൽതാഴത്ത് അരുൺ താമസിച്ച സ്വകാര്യ ക്വാർട്ടേഴ്സിലും എത്തിച്ച് പൊലീസ് തെളിവെടുത്തു. ഇവിടെനിന്ന് ഒരു ലാപ്ടോപ്, നാല് യു.എസ്.ബി, മൂന്ന് മൊബൈൽ ഫോൺ, തിരിച്ചറിയൽ കാർഡ് എന്നിവയും കണ്ടെടുത്തു. ബി.എസ്.എൻ.എൽ സ്ഥാപനത്തിലടക്കം ജോലി വാഗ്ദാനം നൽകി 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മലപ്പുറം താനൂർ പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. താനൂർ പൊലീസ് അരുണിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. കാക്കൂരിലും സമാനമായ രീതിയിൽ 12 ലക്ഷം രൂപയും വയനാട് സ്വദേശിയിൽനിന്ന് മൂന്നു ലക്ഷം രൂപയും തട്ടിയെടുത്തിട്ടുണ്ട്.
സംസ്ഥാനത്തിന് അകത്തും പുറത്തും നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെങ്കിലും ആരും പരാതിയുമായി വന്നിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് മറിവീട്ടിൽതാഴത്ത് സ്വകാര്യ ക്വാർട്ടേഴ്സിൽ തനിച്ചുതാമസിക്കുന്ന ഇയാളുടെ പെരുമാറ്റത്തിൽ സംശയംതോന്നി ദിവസങ്ങളായി കൊടുവള്ളി പൊലീസിെൻറയും കേന്ദ്ര ഏജൻസികളുടെയും നിരീക്ഷണത്തിലായിരുന്ന അരുണിനെ മാർച്ച് 21നാണ് കൊടുവള്ളി പൊലീസ് പിടികൂടുന്നത്. മറിവീട്ടിൽതാഴം സ്വദേശി സുകേഷിൽനിന്ന് ജോലി വാഗ്ദാനം ചെയ്ത് രണ്ടര പവൻ സ്വർണവും കാൽ ലക്ഷം രൂപയും, മറിവീട്ടിൽതാഴം ലോഹിതാക്ഷനിൽനിന്ന് കാൽ ലക്ഷം രൂപയും ഇയാൾ തട്ടിയെടുത്തിരുന്നു.
സമൂഹമാധ്യമങ്ങൾ വഴി ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായി ബന്ധപ്പെട്ടും ഇയാൾ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി സൂചനയുണ്ട്. മറിവീട്ടിൽതാഴത്ത് താമസിച്ചുവരുന്നതിനിടെ വിവാഹിതനാകാനും ശ്രമം നടന്നിരുന്നു. അരുണിനെ ബുധനാഴ്ച വൈകീട്ട് താമരശ്ശേരി കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.