ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതിയും സഹായിയും പിടിയിൽ
text_fieldsചേർത്തല: പൊതുമേഖല സ്ഥാപനങ്ങളിലും മാനേജ്മെന്റ് സ്കൂളുകളിലും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ യുവതിയും സഹായിയും പിടിയിൽ. തിരുവനന്തപുരം ജെ.എം അപ്പാർട്മെന്റ് രണ്ട് ഡി ഫ്ലാറ്റിൽ ഇന്ദു (സാറ -35), ചേർത്തല നഗരസഭ 34ാം വാർഡ് മന്നനാട്ട് വീട്ടിൽ ശ്രീകുമാർ (53) എന്നിവരെയാണ് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമികമായി കണ്ടെത്തിയത്. ഇതുവരെ 38 പരാതി ചേർത്തല പൊലീസിന് ലഭിച്ചു. ചേർത്തലയിലെയും ആലപ്പുഴയിലെയും മുതിർന്ന രാഷ്ട്രീയ നേതാക്കളടക്കം തട്ടിപ്പിനിരയായി. വിവാഹത്തിലൂടെ ആലപ്പുഴ കലവൂരിലെത്തിയ ഇന്ദുവാണ് മുഖ്യസൂത്രധാരയെന്ന് പൊലീസ് പറഞ്ഞു. ഇവർക്കെതിരെ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ രണ്ട് സാമ്പത്തിക വഞ്ചനക്കേസ് നിലവിലുണ്ട്. വയനാട് അമ്പലവയൽ സ്റ്റേഷൻ പരിധിയിൽ ഒമ്പതുപേരിൽനിന്ന് 18 ലക്ഷം തട്ടിയതായാണ് മറ്റൊരു പരാതി. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. യുവതിയുമായി നേരിട്ടു ബന്ധമുള്ള ആളാണ് ശ്രീകുമാർ.
വർഷങ്ങൾക്കുമുമ്പ് താലൂക്കിൽ ആർ.എസ്.എസ് നേതൃനിരയിൽ പ്രവർത്തിച്ചിരുന്നു. ഇയാൾ വഴിയാണ് തട്ടിപ്പിനിരയായവർ യുവതിക്ക് പണം നൽകിയതെന്നാണ് പൊലീസ് പറയുന്നത്. യുവതി തന്റെ മക്കൾക്ക് ജോലി നൽകാമെന്നുപറഞ്ഞ് 5.15 ലക്ഷം തട്ടിയെന്ന് കാണിച്ച് ശ്രീകുമാറും പൊലീസിന് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ദു പിടിയിലായത്. ചോദ്യം ചെയ്യലിൽ ശ്രീകുമാറിനും തട്ടിപ്പുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തലുണ്ടായതോടെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ ജാമ്യത്തിൽ വിട്ടു.
സംസ്ഥാന പൊതുമേഖല സ്ഥാപനമായ ഹോംകോയിലെയും മാനേജ്മെന്റ് സ്കൂളുകളിലെയും വ്യാജ ലെറ്റർപാഡുകളിൽ പ്രവേശന രേഖയടക്കം തയാറാക്കി വ്യാജ ഇ-മെയിൽ വിലാസമുണ്ടാക്കിയുമാണ് തട്ടിപ്പുനടത്തിയത്. ഹോംകോയിൽ പാർട്ട്ടൈം അൺസ്കിൽഡ് ജോലിയാണ് വാഗ്ദാനം ചെയ്തിരുന്നത്. ഹോംകോയിലേക്ക് മൂന്നുലക്ഷവും സ്കൂളുകളിലേക്കുള്ള നിയമനത്തിന് എട്ടുലക്ഷവും വരെ വാങ്ങിയതായാണ് പരാതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.