ജോലി വാഗ്ദാനം നൽകി തട്ടിപ്പ്: അന്വേഷണം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരിലേക്കും
text_fieldsമാവേലിക്കര: ദേവസ്വം ബോര്‍ഡില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം നൽകി തട്ടിപ്പുനടത്തിയ കേസില്‍ അന്വേഷണം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരിലേക്കും. തട്ടിപ്പുകേസില്‍ ഒന്നാം പ്രതിയായ ചെട്ടികുളങ്ങര കടവൂര്‍ കല്ലിട്ടകടവില്‍ വി. വിനീഷ് രാജിന്‍റെ (32) പെറ്റ്‌സ് ഷോപ്പില്‍ നടത്തിയ പരിശോധനയില്‍ മൂന്നു ലക്ഷത്തോളം രൂപയുടെ വെറ്ററിനറി മരുന്ന് കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് വകുപ്പ് ആദ്യം അന്വേഷണം നടത്തിയെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.
ലൈസന്‍സുള്ള മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മാത്രമാണ് ഇത്രയും വിലയുടെ മരുന്നുകള്‍ നല്‍കുന്നത്. വില കൂടിയ മരുന്നുകള്‍ ഉള്‍പ്പെടെ ഇവിടെനിന്ന് കണ്ടെത്തിയിരുന്നു. മാവേലിക്കര പൊറ്റമേല്‍ക്കടവിലെ വെറ്ററിനറി ആശുപത്രിയില്‍ ഗ്രേഡ് രണ്ട് തസ്തികയില്‍ വിനീഷ്‌രാജ് ജോലി ചെയ്തിരുന്നു.താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഇവിടെ ജോലിയില്‍ പ്രവേശിച്ച ഇയാള്‍ രണ്ടു മാസത്തിനുള്ളില്‍ തന്നെ ക്രമക്കേട് നടത്തിയതിനെത്തുടര്‍ന്ന് ജോലിയില്‍നിന്ന് ഒഴിവാക്കിയതായാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
ഇവിടെ ജോലി ചെയ്തിരുന്ന സമയത്ത് ഉണ്ടാക്കിയെടുത്ത ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഇത്രയധികം മരുന്നുകള്‍ സ്‌റ്റോക് ചെയ്തിരുന്നത്. ഇത്രയധികം മരുന്ന് അനധികൃതമായി സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നതിനു പിന്നില്‍ മൃഗസംരക്ഷണ വകുപ്പിലെ അവിശുദ്ധ ബന്ധങ്ങളായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഇതോടൊപ്പം താന്‍ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥനാണെന്ന് ബോധ്യപ്പെടുത്താന്‍ തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡിനൊപ്പം ആലപ്പുഴ ജില്ല സഹകരണ സ്പിന്നിങ് മില്ലില്‍ ജോലി നല്‍കാമെന്ന പേരിലും ഇവര്‍ തട്ടിപ്പ് നടത്തി. തട്ടിപ്പുകേസില്‍ ആകെ 14 പ്രതികളാണുള്ളത്. ഇതില്‍ 13 പേരെയും അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര ഈരേഴ വടക്ക് സ്വദേശി ദീപു ത്യാഗരാജനാണ് പിടിയിലാകാനുള്ളത്. വിദേശത്തേക്കു കടന്ന ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.ആറു കോടിയിലധികം രൂപയുടെ തട്ടിപ്പാണ് സംഘം നടത്തിയത്. എന്നാല്‍, ഇത് 10 കോടിയോളം വരാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.