20 ലക്ഷം പേർക്ക് തൊഴിൽ: ആസ്ട്രേലിയൻ കമ്പനിയുമായി ധാരണ
text_fieldsതിരുവനന്തപുരം: 20 ലക്ഷം വിദ്യാസമ്പന്നർക്ക് അഞ്ചുവർഷം കൊണ്ട് തൊഴിൽ നൽകുന്ന പദ്ധതിക്കായി കെ-ഡിസ്ക് (കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ) ആസ്ട്രേലിയ ആസ്ഥാനമായ ഫ്രീലാൻസർ ഡോട്ട് കോമുമായി ധാരണയിലെത്തി. അന്താരാഷ്ട്ര തലത്തിലെ തൊഴിലവസരങ്ങൾ കേരളത്തിലെ തൊഴിലന്വേഷകർക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. തൊഴിലവസരങ്ങൾ ഫ്രീലാൻസർ കെ -ഡിസ്കിന് നൽകും.
കൈമാറുന്ന ഡേറ്റ വെളിപ്പെടുത്താൻ പാടില്ലെന്ന കരാർ കെ- ഡിസ്കും ആസ്ട്രേലിയൻ കമ്പനിയുമായി ഉണ്ടാക്കും. ഇതിന് സർക്കാർ അനുമതി നൽകി. തൊഴിൽ ദാതാവിന് വിവരങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട പൂർണ ഉത്തരവാദിത്തം ഉദ്യോഗാർഥിക്ക് തന്നെയായിരിക്കും. തൊഴിലന്വേഷകരുടെ വിവരങ്ങൾ കെ-ഡിസ്ക് നേരിട്ട് ആർക്കും നൽകില്ല. ഫ്രീലാൻസർ ഡോട്ട്കോം വഴി വരുന്ന അവസരങ്ങളിൽ ഉദ്യോഗാർഥികൾ നേരിട്ട് തന്നെ വിവരങ്ങൾ കൈമാറണമെന്ന വ്യവസ്ഥയാണുള്ളത്. ഡേറ്റ കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കെ-ഡിസ്കിന് ഉത്തരവാദിത്തമുണ്ടാകില്ല.
ലോകത്തെ വമ്പൻ മാർക്കറ്റ് േപ്ലസ് വെബ്സൈറ്റാണ് ഫ്രീലാൻസറെന്ന് ആസൂത്രണ-സാമ്പത്തികകാര്യ വകുപ്പിന്‍റെ ഉത്തരവിൽ പറയുന്നു. താൽപര്യപത്രം ക്ഷണിച്ചാണ് കെ-ഡിസ്ക് അവരെ തെരഞ്ഞെടുത്തത്. ലോകത്തെ തന്നെ മികച്ച കമ്പനികളിൽ വൻതോതിൽ അപ്രന്റിസ്ഷിപ് അവസരങ്ങൾ ഫ്രീലാൻസർ വഴി ലഭ്യമാണ്. ലഭ്യമായ അവസരങ്ങൾ കെ-ഡിസ്കിന് ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റമായി (ഡി.ഡബ്ല്യു.എം.എസ്) ഫ്രീലാൻസർ കൈമാറും. ഇത് ഉദ്യോഗാർഥികൾക്ക് ഉപയോഗപ്പെടുത്താം. പദ്ധതിയുടെ ഭാഗമായാണ് വിവരങ്ങൾ രഹസ്യമാക്കുമെന്നും വെളിപ്പെടുത്തില്ലെന്നുമുള്ള നോൺ ഡിസ്ക്ലോഷർ കരാർ ഉണ്ടാക്കുന്നത്. ഇതിന് സംസ്ഥാന നിയമവകുപ്പ്, ഐ.ടി വകുപ്പ്, ചീഫ് സെക്രട്ടറി എന്നിവർ ഉപാധികളോടെ അംഗീകാരം നൽകി.
നിലവിലെ മാനദണ്ഡങ്ങളും നിയമവും ഐ.ടി ചട്ടവും അനുസരിച്ച് ഡേറ്റ സുരക്ഷ കർശനമായി പാലിക്കണം, പൊതുതാൽപര്യം അനുസരിച്ച് മാത്രമാകണം ഡേറ്റ കൈമാറ്റം, മൂന്നാം കക്ഷിക്ക് വിവരം കൈമാറരുത്, ഇതുമായി ബന്ധപ്പെട്ട കോടതി നിർദേശങ്ങൾ പാലിക്കണം, ഉദ്ദേശിച്ച കാര്യത്തിന് മാത്രമേ ഡേറ്റ ഉപയോഗിക്കാവൂ, കാലാവധിക്ക് ശേഷം ഡേറ്റ എന്ത് ചെയ്യുമെന്നതിൽ വ്യക്തത വേണം എന്നീ വ്യവസ്ഥകളോടെയാണ് അനുമതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.