സുരേഷ് ഗോപിയോട് സഹാനുഭൂതി കാണിക്കണം, അദ്ദേഹത്തെ ആ രീതിയിൽ കാണണം -പരിഹാസവുമായി ജോണ്‍ ബ്രിട്ടാസ്
text_fieldsമധുര: കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് സഹാനുഭൂതി കാണിക്കണമെന്നും അദ്ദേഹത്തെ ആ രീതിയിൽ കാണണമെന്നും ജോണ്‍ ബ്രിട്ടാസ്. അദ്ദേഹത്തോട് താൻ ഏറ്റുമുട്ടാൻ ഇല്ലെന്നും സഹാനുഭൂതിയും സ്നേഹവും എംപതിയും മാത്രമേ ഉള്ളൂ എന്നും ബ്രിട്ടാസ് പരിഹസിച്ചു. ജബല്‍പൂരില്‍ വി.എച്ച്.പിക്കാർ ക്രൈസ്തവരെ ആക്രമിച്ചതിനെ കുറിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി ‘ബ്രിട്ടാസിന്റെ വീട്ടില്‍ പോയി വെച്ചാല്‍ മതി’യെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിനുള്ള മറുപടി പറയുകയായിരുന്നു ബ്രിട്ടാസ്.
‘സുരേഷ് ഗോപി പറയുന്നത് സീരിയസായി എടുക്കരുത്. അദ്ദേഹം പറയുന്നത് എത്ര ലാഘവത്തോടെയാണ് ഞാൻ കാണുന്നത്. എന്റെ വീട്ടിൽ വന്ന് പറയണമെന്ന് അദ്ദേഹം പറയുമ്പോഴും എനിക്ക് അദ്ദേഹത്തോട് സഹാനുഭൂതിയും സ്നേഹവുമേ ഉള്ളൂ. അദ്ദേഹത്തെ ആ രീതിയിൽ കാണണം. അദ്ദേഹത്തിന്റെ ഓരോ വാക്കും ഗൗരവത്തിൽ കണ്ട് അതിനനുസരിച്ച് പ്രതികരണം നടത്തേണ്ടതില്ല. ഓരോ വ്യക്തിയോടും നമ്മൾ അതിനനുസരിച്ചല്ലേ പെരുമാറേണ്ടത്. അദ്ദേഹത്തിന് പകരം വേറൊരു നേതാവാണ് പറഞ്ഞതെങ്കിൽ നമ്മൾ ഗൗരവത്തോടെ കാണും. സുരേഷ് ഗോപി പറയുന്നതിനെ ബിജെപി പോലും അത് സീരിയസായി എടുക്കുന്നില്ല. കേന്ദ്ര സഹമന്ത്രിയാണ് എന്നത് കറക്റ്റാണ്. എന്നാൽ, അദ്ദേഹത്തോട് സഹാനുഭൂതിയും എംപതിയും പ്രകടിപ്പിക്കണം. നമ്മുടെ ജനപ്രതിനിധിയും സുഹൃത്തുമായ അദ്ദേഹത്തെ തള്ളിക്കളയരുത്. യുക്തിഭദ്രമായി സംസാരിക്കാൻ അദ്ദേഹത്തെ മാധ്യമപ്രവർത്തകരും സഹായിക്കണം’ -ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.
‘സുരേഷ് ഗോപി ശത്രുവല്ല. രാഷ്ട്രീയ പ്രതിയോഗി മാത്രമാണ്. കുറച്ചുകൂടി സഭ്യമായ രീതിയിൽ അദ്ദേഹത്തിന് സംസാരിക്കാമായിരുന്നു. പക്ഷേ, ഞാൻ അദ്ദേഹത്തെ കുറ്റം പറയില്ല. കാരണം, അദ്ദേഹം ദീര്‍ഘകാലം സ്‌ക്രിപ്റ്റ്റൈറ്ററുടെ സഹായത്തോടെയാണ് വിരാജിച്ചത്. ഇപ്പോൾ അതിന്റെ അഭാവമുണ്ട്. രാഷ്ട്രീയ സ്‌ക്രിപറ്റ് റൈറ്ററെ വെക്കാൻ രാജീവ് ചന്ദ്രശേഖർ മുൻകൈയെടുക്കണം. നിങ്ങള്‍ എന്റെ വീട്ടില്‍ വന്നു ചോദിക്കുന്നതില്‍ ബുദ്ധിമുട്ടില്ല. രാജ്യസഭയിലെ ചര്‍ച്ചയ്ക്ക് ശേഷം സുരേഷ് ഗോപി പുറത്തിറങ്ങി ഊഷ്മളതയോടെ എന്നോട് സംസാരിച്ചിരുന്നു. അദ്ദേഹം നടനകലയിലെ വൈഭവം പ്രകടിപ്പിക്കുന്നു. മിത്രമാണ് സുരേഷ്ഗോപി. അദ്ദേഹത്തിന് രാഷ്ട്രീയത്തിലും സ്‌ക്രിപറ്റ് റൈറ്ററുടെ ആവശ്യമുണ്ട്’ -ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
സുരേഷ് ഗോപി ഏത് പാര്‍ട്ടിയിലാണെന്ന് സുരേഷ് ഗോപിക്ക് അറിയില്ലെന്നും ബിജെപിക്കും അക്കാര്യത്തിൽ സംശയമുണ്ടെന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു. ‘അദ്ദേഹം പറയുന്നത് തൂക്കിനോക്കുന്നതിലും കാര്യമില്ല. ജനപ്രതിനിധികള്‍ സംസാരിക്കുമ്പോള്‍ കുറേക്കൂടി സഭ്യത ഉണ്ടാകുന്നത് നല്ലതാണ്. ഞാൻ മുന്നയെയും യൂദാസിനെയും കുറിച്ച് രാജ്യസഭയിൽ പറഞ്ഞപ്പോൾ അത് താനാണ് എന്ന് അദ്ദേഹത്തിന് ഒരു ഉൾവിളി തോന്നിയിരിക്കാം. സ്വയം തോന്നിയത് കൊണ്ടാണ് അദ്ദേഹം എഴുന്നേറ്റ് നിന്ന് പ്രതികരിച്ചത്. അതുകൊണ്ടായിരിക്കാം സംഭവിച്ചത്. അദ്ദേഹം ഒരു നടനാണല്ലോ എന്തൊക്കെ പറഞ്ഞാലും’ -ബ്രിട്ടാസ് പറഞ്ഞു.
ഇന്ന് രാവിലെ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ബ്രിട്ടാസിനെതിരെയും മാധ്യമപ്രവർത്തകർക്കെതിരെയും സുരേഷ് ഗോപി പൊട്ടിത്തെറിച്ചിരുന്നു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ വൈദികര്‍ നേരിട്ട ആക്രമണത്തെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു സുരേഷ് ഗോപി ക്ഷുഭിതനായി പ്രതികരിച്ചത്. 'നിങ്ങള്‍ ആരാ, ആരോടാണ് സംസാരിക്കുന്നത്. വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാണ്. ജനങ്ങളാണ് വലുത്. സൗകര്യമില്ല ഉത്തരം പറയാന്‍. അക്രമം അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ കേരളത്തിലും അക്രമം നടക്കുന്നുണ്ട്. ജബല്‍പൂരില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ നിയമപരമായി നടപടിയെടുക്കും’-എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഒരു സീറ്റ് പൂട്ടിക്കും എന്ന് ബ്രിട്ടാസ് പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അതിലെ ഒരക്ഷരം മാറ്റണമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.