Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചൈനീസ് കമ്മ്യൂണിസ്റ്റ്...

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ക്ഷണം സ്വീകരിച്ച് ബി.ജെ.പി സംഘം ചൈന സന്ദർശിച്ചിട്ടില്ലേ​? -ജോൺ ബ്രിട്ടാസ് എം.പി

text_fields
bookmark_border
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ക്ഷണം സ്വീകരിച്ച് ബി.ജെ.പി സംഘം ചൈന സന്ദർശിച്ചിട്ടില്ലേ​? -ജോൺ ബ്രിട്ടാസ് എം.പി
cancel

തിരുവനന്തപുരം: ന്യൂസ്‌ക്ലിക്കിനെതിരായ പൊലീസ് നടപടിയിൽ ഒട്ടേറെ ദുരൂഹതകളുണ്ടെന്നും കോർപറേറ്റ് മാധ്യമങ്ങൾ തമസ്‌കരിക്കുന്ന വിഷയങ്ങൾക്ക് ഊന്നൽ നൽകിയതിനാലാണ് ന്യൂസ്‌ക്ലിക്ക് മോദി സർക്കാറിന്റെ കണ്ണിലെ കരടായതെന്നും ജോൺ ബ്രിട്ടാസ് എം.പി. ‘ചൈന’ എന്ന് പറഞ്ഞ് എന്തും ചെയ്യാനുള്ള ലൈസൻസ് ഏതെങ്കിലും ഏജൻസിക്ക് ലഭിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ചൈനയ്‌ക്ക് വേണ്ടി ന്യൂസ് ക്ലിക്ക് പ്രചരണം നടത്തിയിട്ടുണ്ടെങ്കിൽ അത് ഉള്ളടക്കം പരിശോധിച്ചാൽ ആർക്കും വ്യക്തമാക്കുന്ന കാര്യമാണ്. എത്രയോ ചൈനീസ് കമ്പനികൾ ‘പി.എം കെയറി’ലേക്ക് സംഭാവന ചെയ്‌തിട്ടുണ്ട്. ഈ കാരണം പറഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫിസ് റെയ്‌ഡ് ചെയ്യാൻ ഡൽഹി പൊലീസ് മുതിരുമോ? ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ക്ഷണം സ്വീകരിച്ച് ബി.ജെ.പി പ്രതിനിധി സംഘം ചൈന സന്ദർശിച്ചിട്ടില്ലേ​? -ജോൺ ബ്രിട്ടാസ് ചോദിച്ചു.

നിയമനിര്‍മാണവും ഭരണ നിര്‍വഹണവും നീതിന്യായവും ഉണ്ടെങ്കിലും സ്വതന്ത്ര മാധ്യമങ്ങൾ ഇല്ലെങ്കിൽ ആ രാജ്യത്ത് ജനാധിപത്യം ഉണ്ടാവില്ല. മാധ്യമ സ്വാതന്ത്യമില്ലാത്ത രാജ്യത്തെ ജനാധിപത്യരാജ്യമെന്ന് വിശേഷിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

ന്യൂസ് ക്ലിക്ക് എന്ന ഡിജിറ്റൽ മാധ്യമവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് നടത്തിയ വ്യാപകമായ റെയ്‌ഡും അറസ്റ്റും രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചർച്ചകളെ സജീവമാക്കിയിരിക്കുകയാണ്. ബദൽ മാധ്യമപ്രവർത്തന സംരംഭമായ ന്യൂസ് ക്ലിക്ക് ചൈനയ്‌ക്ക് വേണ്ടി പ്രചരണം നടത്തിയെന്നാണ് ആരോപണം. ചൈനയുമായി ബന്ധമുള്ള അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഹയിൽ നിന്നും പണം വാങ്ങി എന്നതാണ് ഡൽഹി പൊലീസിന്റെ പരാതിയുടെ ഇതിവൃത്തം.

മറ്റൊരു രാജ്യത്തിന് വേണ്ടി ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച് നിയമപരമായി നടപടിയെടുക്കുക തന്നെ വേണം. എന്നാൽ, ഇന്ത്യയിലെ വിവിധ മാധ്യമ സംഘടനകൾ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്‌താവനയുടെ അകക്കാമ്പ് പരിശോധിക്കുമ്പോൾ പൊലീസ് നടപടിയിൽ ഒട്ടേറെ ദുരൂഹത കാണാൻ കഴിയും.

ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകായസ്‌ത അറിയപ്പെടുന്ന ആക്‌ടിവിസ്റ്റാണ്. അമിതാധികാരത്തിനെതിരെ ജെ.എൻ.യുവിൽ വിദ്യാർഥി ആയിരിക്കുമ്പോൾ തന്നെ പോരാടിയിട്ടുള്ള പശ്ചാത്തലമുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ഇക്കാരണത്താൽ തന്നെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു. കോർപറേറ്റ് മാധ്യമങ്ങൾ തമസ്‌കരിക്കുന്ന വിഷയങ്ങൾക്കാണ് ന്യൂസ് ക്ലിക്ക് എന്നും ഊന്നൽ നൽകിയിട്ടുള്ളത്. കർഷകസമരവും പൗരത്വ ഭേദഗതി ബില്ലിലുള്ള പ്രക്ഷോഭവും മണിപ്പൂരുമൊക്കെ ഇതിൽ ചില ഉദാഹരണങ്ങൾ. മോദി സർക്കാറിന്റെ കണ്ണിലെ കരട് ആകുവാൻ ഇതുതന്നെ ധാരാളം.

വിദേശത്ത് നിന്ന് നിയമാനുസൃത വഴിയിലൂടെയാണ് തങ്ങൾക്ക് ഫണ്ട് ലഭിച്ചതെന്നും 2021 മുതൽ വിവിധ ഏജൻസികൾ ഇതേക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടെന്നുമാണ് ന്യൂസ് ക്ലിക്ക് പ്രസ്‌താവനയിൽ പറഞ്ഞത്. ഇതിലേക്കൊന്നും പോകാതെ തീവ്രവാദികളെ കൈകാര്യം ചെയ്യുന്ന പോലെ യു.എ.പി.എയാണ് പ്രബീറിനും സഹപ്രവർത്തകനും മേൽ ചുമത്തിയിരിക്കുന്നത്.

‘ചൈന’ എന്ന് പറഞ്ഞ് എന്തും ചെയ്യാനുള്ള ലൈസൻസ് ഏതെങ്കിലും ഏജൻസിക്ക് ലഭിച്ചിട്ടുണ്ടോ? ചൈനയ്‌ക്ക് വേണ്ടി ന്യൂസ് ക്ലിക്ക് പ്രചരണം നടത്തിയിട്ടുണ്ടെങ്കിൽ അത് ഉള്ളടക്കം പരിശോധിച്ചാൽ ആർക്കും വ്യക്തമാക്കുന്ന കാര്യമല്ലേ.

പ്രശസ്‌ത മാധ്യമപ്രവർത്തകൻ ടി.കെ. അരുൺ ചൂണ്ടിക്കാണിച്ച പോലെ എത്രയോ ചൈനീസ് കമ്പനികൾ ‘പി.എം കെയറി’ലേക്ക് സംഭാവന ചെയ്‌തിട്ടുണ്ട്. ഈ കാരണം പറഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫിസ് റെയ്‌ഡ് ചെയ്യാൻ ഡൽഹി പൊലീസ് മുതിരുമോ? മോദി ഗവൺമെന്റ് അധികാരത്തിൽ വന്നശേഷം ചൈനയുമായുള്ള വ്യാപാര ബന്ധം ഇരട്ടിക്കുകയല്ലേ ചെയ്‌തത്? വ്യാപാരകമ്മി ഇരട്ടിയായെന്ന് എന്റെ തന്നെ ചോദ്യത്തിന് മറുപടിയായി വാണിജ്യമന്ത്രി പിയൂഷ് ഗോയൽ മറുപടി നൽകുകയുണ്ടായി.

നോട്ട് നിരോധന കാലത്ത് ലാഭം കൊയ്‌ത ഡിജിറ്റൽ കറൻസി വിനിമയ സംരംഭങ്ങളിലൊക്കെ ചൈനീസ് കമ്പനികൾക്ക് നിക്ഷേപമുണ്ടായിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ക്ഷണം സ്വീകരിച്ച് ബി.ജെ.പി പ്രതിനിധി സംഘം ചൈന സന്ദർശിച്ചിട്ടില്ലേ? ഇന്നത്തെ ഇക്കണോമിക് ടൈംസിലെ ഒരു വാർത്ത എന്റെ കണ്ണിൽ ഉടക്കി. ഇന്ത്യൻ റെയിൽവേ തീവണ്ടികൾക്കായി ചൈനയിൽ നിന്ന് ചക്രം ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് കാര്യമായി ആലോചിക്കുന്നു!

ഏതാനും ദിവസം മുമ്പ് ഹൈദരാബാദിൽ ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. തൊട്ടുപുറകെ ന്യൂസ് ക്ലിക്കിന്റെ മേലുള്ള അടിച്ചമർത്തൽ ഉണ്ടാകുമെന്ന് അപ്പോൾ പ്രതീക്ഷിച്ചിരുന്നില്ല.

ജോൺ ബ്രിട്ടാസ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAPAJohn BrittasbjpNews Click Case
News Summary - John brittas MP aganist News Click raid and arrest
Next Story