ജോണി നെല്ലൂർ പാർട്ടി വിട്ടു; ബി.ജെ.പി പിന്തുണയോടെ പുതിയ പാർട്ടിയെന്ന് സൂചന
text_fieldsകൊച്ചി: ബി.ജെ.പി പിന്തുണയോടെ പുതിയ ക്രൈസ്തവ പാർട്ടി രൂപവത്കരിക്കുമെന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവും മുൻ എം.എൽ.എയുമായ ജോണി നെല്ലൂർ പാർട്ടി വിട്ടു. യു.ഡി.എഫ് സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം എറണാകുളം പ്രസ് ക്ലബിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഈ മാസം 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ വരുന്നതിനുമുമ്പ് പുതിയ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്. ദേശീയ മതേതര പാർട്ടി രൂപവത്കരിക്കുകയാണ് ലക്ഷ്യമെന്നും എൻ.ഡി.എ മുന്നണിയുടെ ഭാഗമാകുമെന്നും ജോണി നെല്ലൂർ വിശദീകരിച്ചു.
എല്ലാ സമുദായത്തിലുംപെട്ടവർ പാർട്ടിയിലുണ്ടാകും. ഹിന്ദു പാർലമെന്റ് ഉൾപ്പെടെ സംഘടനകളുടെ നേതാക്കളുമായി സംസാരിച്ചിരുന്നു. സി.പി.ഐ, സി.പി.എം, മുസ്ലിം ലീഗ്, കോൺഗ്രസ് പാർട്ടികളിൽപെട്ടവരും പുതിയ പാർട്ടിയുടെ ഭാഗമാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തുകയാണ് പുതിയ പാർട്ടിയുടെ ലക്ഷ്യം.
നാഷനൽ പ്രോഗ്രസിവ് പാർട്ടി (എൻ.പി.പി) എന്നാണ് പുതിയ പാർട്ടിയുടെ പേരെന്നാണ് വിവരം. പാർട്ടി ചെയർമാൻ പി.ജെ. ജോസഫിനും യു.ഡി.എഫ് ചെയർമാൻ വി.ഡി. സതീശനും രാജിക്കത്ത് നൽകിയെന്നും അദ്ദേഹം പറഞ്ഞു
‘ജോണി നെല്ലൂരിന് ഗൂഢലക്ഷ്യം’
തൊടുപുഴ: ജോണി നെല്ലൂര്‍ പാര്‍ട്ടിവിട്ടത് ഗൂഢലക്ഷ്യങ്ങളോടെയാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ്. പാര്‍ട്ടി രൂപവത്കരിക്കുമെന്ന് പറഞ്ഞതിലും ഇതേ നിഗൂഢതയുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.