''കോർപറേഷൻ ചെയർമാൻ സ്ഥാനവും സ്റ്റേറ്റ് കാറും തന്നാൽ പാർട്ടി മാറാം''; ശബ്ദരേഖ തന്റേതല്ലെന്ന് ജോണി നെല്ലൂർ
text_fieldsതിരുവനന്തപുരം: ഇടതു മുന്നണിയിൽ ചേരാൻ, യു.ഡി.എഫ്. സെക്രട്ടറിയും കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവുമായ ജോണി നെല്ലൂർ വിലപേശൽ നടത്തുന്നതായി ആരോപിക്കുന്ന ശബ്ദരേഖ പുറത്ത്. ഇടതു മുന്നണിയിലേക്ക് വരാൻ കോർപറേഷൻ ചെയർമാൻ സ്ഥാനവും സ്റ്റേറ്റ് കാറും വേണമെന്നാണ് പുറത്തുവന്ന ശബ്ദരേഖയിൽ. ജോണി നെല്ലൂരിന്റേതെന്ന് ആരോപിക്കപ്പെടുന്ന ശബ്ദരേഖ കേരള കോൺഗ്രസ് മാണി വിഭാഗം നേതാവ് എ.കെ. ഹഫീസാണ് പുറത്തുവിട്ടത്. ശബ്ദരേഖ വ്യാജമാണെന്നും തന്റേതല്ലെന്നും ജോണി നെല്ലൂർ പ്രതികരിച്ചു. എന്നാൽ, ഇത് ജോണി നെല്ലൂരും താനുമായുള്ള സംഭാഷണമാണെന്നും ജോണി നെല്ലൂർ തന്നെ ഇങ്ങോട്ട് വിളിച്ചതാണെന്നും എ.കെ. ഹഫീസും വ്യക്തമാക്കി.
എന്തുകൊണ്ട് പോയി എന്ന് ചോദിച്ചാൽ മറുപടി പറയാനുള്ള തരത്തിൽ മിനിമം ഡിമാൻഡാണ് സ്റ്റേറ്റ് കാറും കോർപറേഷൻ ചെയർമാൻ സ്ഥാനവുമെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. ബി.ജെ.പിയിൽനിന്നും തനിക്ക് മൂന്ന്, നാല് തസ്തിക ഓഫർ ഉണ്ട്. ന്യൂനപക്ഷ കമീഷൻ ചെയർമാൻ, കോഫി ബോർഡ് ചെയർമാൻ, സ്പൈസസ് ബോർഡ് ചെയർമാൻ, കേരള വികസന കോർപറേഷൻ ചെയർമാൻ എന്നിവ. തനിക്ക് ബി.ജെ.പിയിലേക്ക് പോകാൻ താൽപര്യമില്ല. മാത്യു സ്റ്റീഫനൊക്കെ പോകും. ഹഫീസിന്റെ ഇപ്പോഴത്തെ സ്വാധീനം വെച്ച് ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കാനാകുമോ എന്ന് നോക്കാനും രണ്ടു ദിവസത്തിനകം പറയാനും ശബ്ദരേഖയിൽ ആവശ്യപ്പെടുന്നു.തനിക്കെതിരായി കേസ് കൊടുക്കാൻ ജോണി നെല്ലൂരിനെ വെല്ലുവിളിക്കുന്നതായി എ.കെ. ഹഫീസ് പറഞ്ഞു.
ഫോൺ സറണ്ടർ ചെയ്യാൻ ഒരുക്കമാണെന്നും ഹഫീസ് പറഞ്ഞു. 'നമ്മൾ തമ്മിലുള്ള ബന്ധം ഫോണിൽകൂടി പറയാൻ കഴിയുന്നതല്ലെന്നും അത്രമാത്രം ഹൃദയത്തിന്റെ അടിത്തട്ടിലുള്ളതാണെന്നും' പറയുന്ന ജോണി നെല്ലൂരിന്റേത് എന്ന് ആരോപിക്കുന്ന മറ്റൊരു ശബ്ദ സന്ദേശവും പുറത്തായി. ജോണി നെല്ലൂർ തനിക്ക് അയച്ച വാട്സ്ആപ് സന്ദേശമാണിതെന്നാണ് ഹഫീസ് പറയുന്നത്.അതിനിടെ, കേരള കോൺഗ്രസ് എം പ്രതിനിധി എന്ന പേരിൽ പുറത്തുവന്ന വാർത്തയുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. പാർട്ടി കാര്യങ്ങൾ അറിയിക്കാനോ ചർച്ചകളിൽ പങ്കെടുക്കാനോ എ.എച്ച്. ഹഫീസിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും സ്റ്റീഫൻ ജോർജ് അറിയിച്ചു.
'ശബ്ദരേഖ എന്റേതല്ല; നിയമനടപടി സ്വീകരിക്കും'
കോഴിക്കോട്: പുറത്തുവന്ന ശബ്ദരേഖ തന്റേതല്ലെന്നും ആരോ മനഃപൂർവം തന്റെ പേരിൽ കെട്ടിച്ചമച്ചതാണെന്നും ജോണി നെല്ലൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ജാള്യം മറയ്ക്കാനും യു.ഡി.എഫ് നേതാക്കളെ അപകീർത്തിപ്പെടുത്താനുമാണ് ശ്രമം. വിഷയത്തിൽ ഉചിതമായ നിയമനടപടി സ്വീകരിക്കും മെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.