ഇവാന്റെ പുഞ്ചിരിക്ക് കാവലാകാൻ കൈകോർക്കൂ
text_fieldsകോഴിക്കോട്: രണ്ടു വയസ്സ് തികയാൻ മുഹമ്മദ് ഇവാന് ഇനി രണ്ടു മാസമേയുള്ളൂ. നിഷ്കളങ്കമായ അവന്റെ പുഞ്ചിരി വാടാതിരിക്കാൻ ഡോക്ടർമാർ കൽപിക്കുന്നതും രണ്ടു മാസം സമയമാണ്. അതിനുള്ളിൽ ലോകമൊന്നാകെ കൈകോർത്താൽ അതിഗുരുതരമായ രോഗത്തിൽനിന്ന് ഇവാനെ രക്ഷിക്കാം. അതിനായി കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് ഗ്രാമം ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയാണ്.
പേരാമ്പ്ര മണ്ഡലത്തിലെ ചങ്ങരോത്ത് പഞ്ചായത്തിൽ പാലേരി കല്ലുള്ളതിൽ നൗഫലിന്റെയും ജാസ്മിന്റെയും ഏക മകനാണ് മുഹമ്മദ് ഇവാൻ. ജനിച്ചപ്പോൾതന്നെ അസുഖബാധിതനായിരുന്നു. ഒട്ടേറെ ആശുപത്രികളിൽ കയറിയിറങ്ങിയ കുഞ്ഞിന് പേശികളുടെ ശക്തി ക്രമേണ നശിക്കുന്ന സ്പൈനൽ മാസ്കുലാർ അട്രോഫി (എസ്.എം.എ) എന്ന ഗുരുതര രോഗമാണെന്ന് സ്ഥിരീകരിച്ചത് കോഴിക്കോട് മെഡിക്കൽ കോളജിലെ ശിശുരോഗ വിഭാഗം തലവൻ ഡോ. വി.ടി. അജിത് കുമാറാണ്. രണ്ടു വയസ്സ് പൂർത്തിയാകുന്നതിനുള്ളിൽ 18 കോടിയോളം ചെലവ് വരുന്ന പ്രത്യേക മരുന്ന് വിദേശത്തുനിന്ന് എത്തിച്ചുനൽകിയാൽ ഇവാന്റെ കുരുന്നുജീവൻ അണയാതെ കാക്കാം. നിത്യവൃത്തിതന്നെ കഴിയാൻ പാടുപെടുന്ന നൗഫലിന്റെയും ജാസ്മിന്റെയും കുടുംബത്തിന് താങ്ങാൻ കഴിയാത്ത ഭീമമായ തുക കണ്ടെത്താൻ നാട്ടുകാരും ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുകയാണ്.
കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ലോകമെങ്ങുമുള്ളവർ കൈകോർക്കണമെന്ന് ചികിത്സസഹായ സമിതിയുടെ നേതൃത്വത്തിൽ കാലിക്കറ്റ് പ്രസ് ക്ലബിൽ നടന്ന വാർത്തസമ്മേളനത്തിൽ പേരാമ്പ്ര മണ്ഡലം എം.എൽ.എ ടി.പി. രാമകൃഷ്ണൻ അഭ്യർഥിച്ചു. കുഞ്ഞിന്റെ ചികിത്സാവശ്യത്തിനായി ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ചെയർമാനായി സഹായസമിതി രൂപവത്കരിച്ചു. കെ. സിദ്ദീഖ് തങ്ങൾ കൺവീനറും സി.എച്ച്. ഇബ്രാഹിംകുട്ടി ട്രഷററുമായ കല്ലുള്ളതിൽ മുഹമ്മദ് ഇവാൻ ചികിത്സസഹായ സമിതിയുടെ പേരിൽ ഫെഡറൽ ബാങ്ക് കുറ്റ്യാടി ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 20470200002625. ഐ.എഫ്.എസ്.സി: FDRL0002047.
ഫോൺ: 9645210541, 9495558786, 9664543333. വാർത്തസമ്മേളനത്തിൽ ഉണ്ണി വേങ്ങേരി, എ.പി. വിജയൻ, എസ്.പി. കുഞ്ഞമ്മദ്, കെ.വി. കുഞ്ഞിക്കണ്ണൻ, സിദ്ദീഖ് തങ്ങൾ, റസാഖ് പാലേരി, മേനികണ്ടി അബ്ദുല്ല, ഡോ. അജിൽ അബ്ദുല്ല എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.