റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിനെതിരെ ജോയിന്റ് കൗൺസിൽ
text_fieldsതിരുവനന്തപുരം: റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാൾ ബിസ്വാളിനെതിരെ ജോയിന്റ് കൗൺസിൽ. സ്വന്തം ചികിത്സക്ക് വേണ്ടി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും മണിക്കൂറുകള്‍ കാത്ത് നിര്‍ത്തുകയും ചെയ്ത തിരുവനന്തപുരം കലക്ടറുടെ നടപടിയെ ഒരു ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ച ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നടപടി സംഘടനാ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം ആണെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഒ.പി വിഭാഗത്തില്‍ രോഗികളെ പരിശോധിച്ചു കൊണ്ടിരുന്ന ഡോക്ടറെയാണ് വസതിയിലേക്ക് വിളിച്ചു വരുത്തിയത്. സാധാരണ രോഗികള്‍ക്ക് ലഭിക്കേണ്ട ചികിത്സ നിഷേധിച്ച കളക്ടറുടെ നടപടി അധികാര ദുര്‍വിനിയോഗവും ഉദ്യോഗസ്ഥ ദുഷ് പ്രഭുത്വവുമാണ്.
സര്‍ക്കാരിനും റവന്യൂ വകുപ്പിനും പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കുന്നതായിരുന്നു കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നടപടി. ഇതിനുമുന്‍പ് സിവില്‍ സ്റ്റേഷനിലെ ലിഫ്റ്റ് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത വിധം തന്റെ മാത്രം ഉപയോഗത്തിനായി പിടിച്ചിട്ടത് മാധ്യമ വാര്‍ത്തയായിരുന്നു. ഇത്തരത്തില്‍ നിരന്തരം സര്‍ക്കാരിന് അവമതിപ്പുണ്ടാക്കുന്ന കളക്ടറോട് വിശദീകരണം ചോദിക്കേണ്ടതിനു പകരം സർവീസ് സംഘടനാ ഭാരവാഹികള്‍ക്കെതിരെ ചട്ടങ്ങളെ വളച്ചൊടിച്ച് അച്ചടക്ക ഭീഷണി മുഴക്കുന്നത് അംഗീകരിക്കാന്‍ ആവില്ല.
ജനാധിപത്യ കേരളം ലോകത്തിന് മാതൃകയായി മാറിയത് സിവില്‍ സർവീസിലെ ജീവനക്കാരുടെ കഠിനാദ്ധ്വാനത്തിന്റെയും ജനാധിപത്യ ബോധമുള്ള ഭരണകൂടങ്ങളുടെ ഇച്ഛാശക്തിയുടെയും ഫലമായാണ്. രാജവാഴ്ചയിലേക്ക് തിരികെ കൊണ്ടുപോകാന്‍ ഏതെങ്കിലും ബ്യൂറോക്രാറ്റ് ശ്രമിച്ചാല്‍ എന്ത് വില കൊടുത്തും അതിനെ ചെറുക്കും.
റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നടപടിയില്‍ പ്രതിഷേധിച്ച് നാളെ കലക്ടറേറ്റുകളിൽ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.