കാട്ടാനകളെ നിരീക്ഷിക്കാൻ ഇടുക്കിയിൽ സംയുക്ത പരിശോധന തുടങ്ങി
text_fieldsതൊടുപുഴ: ഇടുക്കി ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ പ്രശ്നക്കാരായ കാട്ടാനകളെ നിരീക്ഷിക്കാൻ വയനാട്, ഇടുക്കി ദ്രുതകർമ സേനകളുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന തുടങ്ങി. ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് ബുധനാഴ്ച പരിശോധന ആരംഭിച്ചത്. നാല് ദിവസം മുമ്പാണ് വയനാട്ടിൽ നിന്നുള്ള ദ്രുതകർമ സേന ശാന്തൻപാറ, ചിന്നക്കനാൽ മേഖലകളിൽ എത്തിയത്.
പ്രശ്നക്കാരായ കൊമ്പന്മാരെ നിരീക്ഷിച്ച് വിവരശേഖരണം നടത്തുകയാണ് ലക്ഷ്യം. നാല് ദിവസത്തിനകം വിവരശേഖരണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തിയത്. ആനകൾ നിൽക്കുന്ന സ്ഥലം എളുപ്പത്തിൽ കണ്ടെത്താനാണ് ഡ്രോൺ ഉപയോഗിക്കുന്നത്. സംഘത്തലവൻ ഡോ. അരുൺ സക്കറിയ വ്യാഴാഴ്ച വൈകീട്ടാണ് ജില്ലയിലെത്തുക.
തുടർന്ന് അദ്ദേഹത്തിന്‍റെ നിർദേശപ്രകാരം ആയിരിക്കും മറ്റു പ്രവർത്തനങ്ങൾ. ആനകളിൽ റേഡിയോ കോളർ ഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. മതികെട്ടാൻ ചോലയിലേക്ക് ആനകളെ തുരത്തുക, അല്ലെങ്കിൽ പിടികൂടി കൊണ്ടുപോവുക എന്നീ രണ്ടു മാർഗങ്ങളാണ് വനം വകുപ്പിന് മുന്നിലുള്ളത്. ഇതിൽ ഏത് സ്വീകരിക്കണമെന്ന് കാര്യത്തിൽ അരുൺ സക്കറിയയാണ് തീരുമാനമെടുക്കുക.
ജില്ലയിലെ അക്രമകാരികളായ കാട്ടാനകളെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ആനകളുടെ സഞ്ചാരപഥം അറിയാൻ വാട്സ് ആപ് ഗ്രൂപ്പുകൾക്ക് രൂപം നൽകാനും തീരുമാനമായി. കാട്ടാനശല്യമുള്ള സ്ഥലങ്ങളിൽ സൂചന ബോർഡുകളും ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കും. അതേസമയം കാട്ടാന പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നു. ഡി.സി.സി ജനറൽ സെക്രട്ടറി എം.പി. ജോസാണ് നിരാഹാരമിരിക്കുന്നത്.
കഴിഞ്ഞ ദിവസം വരെ നിരാഹാരമിരുന്ന യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് കെ.എസ്. അരുണിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് എം.പി. ജോസ് നിരാഹാരത്തിലേക്ക് കടന്നത്. ആരോഗ്യനില വഷളായതിനെ തുടർന്നാണ് അരുണിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.