അഭയ കൊലക്കേസ്: ജസ്റ്റിസ് സിറിയക് ജോസഫിന്‍റെ ഇടപെടലുകളെച്ചൊല്ലി വാദപ്രതിവാദം
text_fieldsതിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ ജസ്റ്റിസ് സിറിയക് ജോസഫിന്‍റെ ഇടപെടലുകളെച്ചൊല്ലി പുസ്തക പ്രകാശനവേദിയിൽ വാദപ്രതിവാദം. അഭയകേസുമായി ബന്ധപ്പെട്ട് 30 വർഷത്തോളമായി തുടരുന്ന തന്‍റെ നിയമപോരാട്ടം സംബന്ധിച്ച പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലിന്‍റെ ആത്മകഥയായ 'ദൈവത്തിന്‍റെ സ്വന്തം വക്കീൽ' എന്ന പുസ്തകത്തിന്‍റെ പ്രകാശന വേദിയിലായിരുന്നു ഇത്. പുസ്തകത്തിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്‍റെ ഇടപെടൽ സംബന്ധിച്ച് രൂക്ഷമായ വിമർശനങ്ങളാണ് ജോമോൻ പുത്തൻപുരയ്ക്കൽ ഉന്നയിച്ചിട്ടുള്ളത്.
എന്നാൽ, സിറിയക് ജോസഫ് കേസിൽ ഇടപെട്ടിട്ടില്ലെന്നും വ്യക്തിപരമായി താൻ ഇക്കാര്യം അന്വേഷിച്ചിരുന്നുവെന്നുമുള്ള രാജ്യസഭ മുൻ ഡെപ്യൂട്ടി സ്പീക്കർ പി.ജെ. കുര്യന്‍റെ പ്രതികരണം ജോമോൻ പുത്തൻപുരയ്ക്കലുമായുള്ള വാദപ്രതിവാദത്തിനിടയാക്കി. പി.ജെ. കുര്യനെ തെറ്റിദ്ധരിപ്പിച്ചതാണെന്നും എഴുതിയതിൽ ഉറച്ചു നിൽക്കുന്നെന്നുമായിരുന്നു ജോമോന്‍റെ മറുപടി.
പുസ്തകം പരിചയപ്പെടുത്തി സംസാരിച്ച കെ.ടി. ജലീൽ എം.എൽ.എ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ലോകായുക്ത പദവി സിറിയക് ജോസഫ് രാജിവെക്കണമെന്നാവശ്യപ്പെട്ടു. ജോമോന് പൊലീസ് സുരക്ഷ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനാണ് പുസ്തകം പ്രകാശനം ചെയ്തത്. സിസ്റ്റർ ലൂസി കളപ്പുര ആദ്യ പ്രതി ഏറ്റുവാങ്ങി. ജസ്റ്റിസ് സിറിയക് ജോസഫ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന വിവരങ്ങൾ പുസ്തകത്തിലുണ്ട്. മനുഷ്യാവകാശ കമീഷൻ അംഗമായി സിറിയക് ജോസഫിനെ പരിഗണിച്ചപ്പോൾ സെർച്ച് കമ്മിറ്റി അംഗമായിരുന്ന താൻ വ്യക്തിപരമായി ഇക്കാര്യം അന്വേഷിച്ചെന്നായിരുന്നു പി.ജെ. കുര്യന്‍റെ വാദം.
പുസ്തകത്തിലെ പരാമർശങ്ങളാണ് താൻ പറഞ്ഞതെന്ന് പറഞ്ഞ് ജലീൽ ഒഴിഞ്ഞുമാറിയപ്പോൾ വേദിയിലുണ്ടായിരുന്ന ഇ.പി. ജയരാജനും ലൂസിയും പന്ന്യൻ രവീന്ദ്രനും രാമചന്ദ്രൻ കടന്നപ്പള്ളിയും ജസ്റ്റിസ് നാരായണക്കുറുപ്പുമെല്ലാം മൗനം പാലിച്ചു. എന്നാൽ, പി.ജെ. കുര്യന്‍റെ വാദങ്ങൾ തള്ളി ജോമോൻ പുത്തൻപുരയ്ക്കൽ വേദിയിൽ സംസാരിച്ചു.
കേസ് അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനുമായി സിറിയക് ജോസഫ് ഇടപെട്ടതിന് വ്യക്തമായ തെളിവുകളുണ്ടെന്നും അക്കാര്യങ്ങളാണ് പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ ആരോപണങ്ങൾ തെറ്റാണെങ്കിൽ എന്തുകൊണ്ട് കേസ് കൊടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു.
സിറിയക് ജോസഫിനെ മാത്രമല്ല, അഭയയുടെ ഇൻക്വസ്റ്റ് നടത്തിയ എ.എസ്.ഐ വി.വി. അഗസ്റ്റിനും കെ.ടി. മൈക്കിളും നടത്തിയ നിയമലംഘനങ്ങൾ, കേസ് വാദിക്കാമെന്ന് സമ്മതിച്ച് പിൻവാങ്ങിയ അഭിഭാഷകർ, കേസിലുടനീളം സി.ബി.ഐ കാണിച്ച ലാഘവം എന്നിവയെല്ലാം പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.