ജയിലിൽ കഴിയേണ്ടിവന്നത് തെറ്റുചെയ്യാതെയെന്ന് ജോപ്പൻ
text_fieldsകൊട്ടാരക്കര: സോളാർ കേസിൽ 69 ദിവസം ജയിലിൽ കഴിയേണ്ടിവന്നത് തെറ്റ് ചെയ്യാതെയാണെന്ന് ഉമ്മൻ ചാണ്ടിയുടെ മുൻ പേഴ്സനൽ സ്റ്റാഫ് ടെനി ജോപ്പൻ. കേസുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ തൽക്കാലം പറയുന്നില്ല. ഉമ്മൻ ചാണ്ടിക്കെതിരെ 2013ൽ ഉയർന്ന ലൈംഗികാരോപണം അടിസ്ഥാനരഹിതമായിരുന്നെന്ന ‘ദേശാഭിമാനി’ മുൻ കൺസൽട്ടിങ് എഡിറ്റർ എൻ. മാധവൻകുട്ടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ‘മാധ്യമ’ത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഉമ്മൻ ചാണ്ടിയുടെ വിയോഗം വലിയ വേദനയുണ്ടാക്കി. അദ്ദേഹം പിതാവിനെപ്പോലെയായിരുന്നു. ഉമ്മൻ ചാണ്ടി മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ ജനപ്രതിനിധികളടക്കം തന്റെ നമ്പറിലാണ് വിളിച്ചിരുന്നത്. തിരിച്ചും വിളിച്ചിട്ടുണ്ട്. അതിൽ സോളാർ കേസിലെ പ്രതിയും വിളിച്ചു. എന്നാൽ, ഒരു കുറ്റവും ചെയ്യാത്ത തന്നെ ജയിലിലടക്കുകയായിരുന്നു -ജോപ്പൻ പറഞ്ഞു. കേസില്‍ കുടുങ്ങി 2013ല്‍ സെക്രട്ടേറിയറ്റില്‍നിന്ന് ഇറങ്ങിയ ശേഷം ഉമ്മന്‍ ചാണ്ടിയെ കണ്ടിട്ടില്ല. പേഴ്സനൽ സ്റ്റാഫിൽനിന്ന് ഒഴിവാക്കപ്പെട്ട ശേഷം പുത്തൂർ വെണ്ടാറിലെ വീടിനോട് ചേർന്ന് ബേക്കറി നടത്തിയാണ് ഉപജീവനം.
തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിൽനിന്ന് കെ.എസ്.യു പ്രവര്‍ത്തകനായി പൊതുരംഗത്തെത്തിയ ജോപ്പൻ, ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായത് വേഗത്തിലായിരുന്നു. പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയുമായിരുന്നപ്പോൾ ഉമ്മൻ ചാണ്ടിക്കൊപ്പം ജോപ്പൻ എപ്പോഴുമുണ്ടായിരുന്നു. 2013 ജൂണിൽ സോളാര്‍ കേസിലെ മുഖ്യപ്രതിയുടെ ഫോണ്‍കാള്‍ ലിസ്റ്റില്‍ ജോപ്പന്റെ നമ്പർ വന്നതോടെ വിവാദം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കെത്തി. രാഷ്ട്രീയ ഒച്ചപ്പാടുകൾക്കിടെ ജൂൺ 14ന് ജോപ്പനെ പേഴ്സനൽ സ്റ്റാഫിൽനിന്ന് മാറ്റി. തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. സോളാർ പദ്ധതിക്ക് പണം നല്കാന് പ്രേരിപ്പിച്ചെന്ന കോന്നിയിലെ വ്യവസായിയുടെ പരാതിയിലായിരുന്നു അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.