മറുകണ്ടം ചാടിയവരെ തിരികെ കൊണ്ടുവരാൻ നീക്കം ശക്തമാക്കി ജോസ് കെ. മാണി വിഭാഗം
text_fieldsകോട്ടയം: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ തീരുമാനം അനുകൂലമായതോടെ മറുകണ്ടം ചാടിയവരെ തിരികെ കൊണ്ടുവരാൻ നീക്കം ശക്തമാക്കി കേരള കോൺഗ്രസ് -എം ജോസ് വിഭാഗം.
ഇതിന് പാർട്ടിയുടെ സീനിയർ നേതാക്കളെ ചെയർമാൻ ജോസ് കെ. മാണി ചുമതലപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് മുന്നണിപ്രവേശനം ഉണ്ടാകുമെന്ന് ജോസ് കെ. മാണി വ്യക്തമാക്കിയ സാഹചര്യത്തിൽ പഞ്ചായത്ത് തലത്തിലും നീക്കങ്ങൾ സജീവമാക്കും.
രണ്ടിലയിൽ മത്സരിച്ച് ജയിച്ചശേഷം ജോസഫിനൊപ്പം പോയ പഞ്ചായത്ത് അംഗങ്ങൾ അടക്കമുള്ളവരെ എങ്ങനെയും പുറത്തു ചാടിക്കാനാണ് ശ്രമം.
പോയവർ തിരികെ വരണമെന്ന് ജോസ് കെ. മാണി ആവശ്യപ്പെട്ടുകഴിഞ്ഞു. അല്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുള്ളതിനാൽ പലരും മറിച്ചു ചിന്തിക്കാനും സാധ്യതയുണ്ട്. ജോസഫ് വിഭാഗത്തെ ദുർബലപ്പെടുത്താനുള്ള രാഷ്ട്രീയ തന്ത്രവും ജോസ് വിഭാഗം പയറ്റുകയാണ്.
അതിനിടെ, കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിനെതിരെ ജോസഫ് വിഭാഗം ഡൽഹി ഹൈകോടതിയിൽ തടസ്സവാദം ഉന്നയിക്കാൻ തീരുമാനിച്ചതിനാൽ ജോസ് കെ. മാണിയും ബുധനാഴ്ച ഡൽഹിക്ക് പോയി.
തെരഞ്ഞെടുപ്പ് കമീഷെൻറ ഉത്തരവ് തിരിച്ചടിയായതോടെ ജോസ് കെ. മാണിയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും അണിയറയിൽ സജീവമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് പിന്നാലെ നിലപാട് മയപ്പെടുത്തി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളിയും രംഗത്ത് വന്നു. യു.ഡി.എഫ് ഘടകകക്ഷി നേതാക്കളും അനുനയ പാതയിലാണ്. ബുധനാഴ്ച ഡൽഹിക്ക് പോയ ജോസ് കെ. മാണി മടങ്ങിയെത്തിയശേഷം നേരിട്ട് ചർച്ച നടത്താനാണ് യു.ഡി.എഫ് തീരുമാനം.
ജോസ്.കെ.മാണിക്ക് യു.ഡി.എഫിലേക്ക് വരവ് എളുപ്പമാകില്ല –ജോസഫ്
തൊടുപുഴ: ജോസ് കെ. മാണിക്ക് എളുപ്പം യു.ഡി.എഫിലേക്ക് തിരിച്ചുവരാനാകില്ലെന്ന് പി.ജെ. ജോസഫ്. ജോസ് വിഭാഗം വിപ്പ് ലംഘിച്ചവരാണ്. തികച്ചും യു.ഡി.എഫ് വിരുദ്ധ നിലപാട് സ്വീകരിക്കുന്ന അവർക്ക് എളുപ്പത്തിൽ മുന്നണിയിലേക്ക് വരാൻ കഴിയില്ല. ജോസ് കെ. മാണിയെ തിരികെ കൊണ്ടുവരാൻ യു.ഡി.എഫിൽ ഘടകകക്ഷികളാരും ശ്രമം നടത്തുന്നില്ല.
അങ്ങനെ ജോസ് വിഭാഗം തന്നെ പ്രചരിപ്പിക്കുന്നതാണ്. ഇടതുപക്ഷവുമായി ധാരണയാകുന്നുവെന്നാണ് അവർ പറഞ്ഞുകൊണ്ടിരിക്കുന്നത്. നല്ല കുട്ടികളായി വന്നാൽ തിരിച്ചെടുക്കാമെന്ന് നേരത്തേ പറഞ്ഞിട്ടുണ്ട്. പക്ഷെ, അവരുടെ പോക്ക് അങ്ങനെയല്ല. തെരഞ്ഞെടുപ്പ് കമീഷെൻറ വിധിക്കെതിരെ കോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്യും.
കേരളകോൺഗ്രസ് (എം) ചെയർമാൻ എന്ന സ്ഥാനം ജോസ് കെ. മാണി ഉപയോഗിക്കുകയോ പ്രവർത്തനം നടത്തുകയോ ചെയ്യരുതെന്ന് ഇടുക്കി മുൻസിഫ് കോടതിയുടെ വിധി ഇന്നും നിലനിൽക്കുകയാണ്. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ ഉന്നയിച്ച് ചെറുതോണിയിൽ നടത്തുന്ന സമരം അട്ടിമറിക്കാനുള്ള ശ്രമത്തിൽനിന്ന് ജോസ് വിഭാഗം പിന്മാറണമെന്നും ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.