കാനത്തിന് തന്നോടുള്ള വിരോധം എന്തെന്ന് അറിയില്ലെന്ന് ജോസ് കെ. മാണി
text_fieldsകോട്ടയം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. കാനത്തിന് തന്നോടുള്ള വിരോധം എന്തെന്ന് അറിയില്ലെന്ന് ജോസ് കെ. മാണി പറഞ്ഞു.
കാനത്തിൽ നിന്നും തനിക്കെതിരെ മുമ്പും വ്യക്തിപരമായ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്. താൻ ബഹുമാനിക്കുന്ന നേതാവാണ് അദ്ദേഹം. തെരഞ്ഞെടുപ്പ് സംബന്ധിച്ച സി.പി.ഐ റിപ്പോർട്ടിൽ പരാതിയില്ലെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിനെ ചൊല്ലിയാണ് എൽ.ഡി.എഫ് ഘടകകക്ഷികളായ സി.പി.ഐയും കേരള കോൺഗ്രസ് എമ്മും തമ്മിൽ പോര് തുടരുന്നത്. കേരള കോണ്‍ഗ്രസ് മുന്നണിയിലെത്തിയതിന്റെ പേരില്‍ വലിയ നേട്ടമൊന്നുമുണ്ടായില്ലെന്നും തട്ടകമായ പാലായിലും കടുത്തുരുത്തിയിലും പരാജയപ്പെട്ടുവെന്നും സി.പി.ഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.
പാലായില്‍, ജോസ് കെ. മാണിയെക്കാള്‍ സ്വീകാര്യത മാണി സി. കാപ്പനുണ്ടായിരുന്നുവെന്നും പരാമര്‍ശിച്ചിരുന്നു. ഇതാണ് കേരള കോൺഗ്രസിനെ പ്രകോപിപ്പിച്ചത്. കേരള കോൺഗ്രസ് ഉന്നതാധികാരസമിതി യോഗത്തിൽ സി.പി.ഐക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. സി.പി.ഐ യോജിച്ച് പ്രവര്‍ത്തിക്കുന്നില്ല. കടുത്തുരുത്തിയിലും പാലായിലും സി.പി.ഐയുടെ സഹായം ലഭിച്ചില്ലെന്നും പരാതിയുണ്ട്.
രൂക്ഷഭാഷയില്‍ കടന്നാക്രമിച്ചതിന് പിന്നാലെ, സി.പി.ഐക്കെതിരെ ഇടതുമുന്നണി നേതൃത്വത്തെ സമീപിക്കാനും കേരള കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. എതിര് ചേരിയിലുള്ളവരോടെന്ന പോലെയാണ് സി.പി.ഐ. പെരുമാറ്റമെന്ന് കാട്ടി എൽ.ഡി.എഫിന് പരാതി നൽകാനാണ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.