പ്രചാരണരംഗത്ത് മാണി സി. കാപ്പൻ സജീവമായിരുന്നോയെന്ന് പരിശോധിക്കണം -ജോസ് കെ. മാണി
text_fieldsകോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ പാലാ എം.എൽ.എ മാണി സി. കാപ്പനെതിരെ കേരള കോൺഗ്രസ് -എം നേതാവ് ജസ് കെ. മാണി. പ്രചാരണരംഗത്ത് അേദ്ദഹം സജീവമായിരുന്നോയെന്ന് മാധ്യമങ്ങൾ പരിശോധിക്കണമെന്ന് ജോസ് കെ. മാണി ആവശ്യപ്പെട്ടു. എതെങ്കിലും ഘടകകക്ഷി നേതാക്കൾ പ്രചാരണരംഗത്ത് സജീവമായിരുന്നില്ലെന്ന തരത്തിൽ പരാതികൾ ഉണ്ടെങ്കിൽ എൽ.ഡി.എഫ് പരിശോധിക്കും. ഇടതുപക്ഷം സംസ്ഥാനത്ത് ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചത്. തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വൻ മുന്നേറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ. മാണിയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി എൻ.സി.പി രംഗത്തെത്തി. എൻ.സി.പി പതിറ്റാണ്ടായി ഇടതുമുന്നണിയുടെ ഭാഗമാണെന്നും മാണി സി. കാപ്പന്റെ ഇടതുനിലപാട് നേരം ഇരുട്ടിവെളുത്തപ്പോൾ ആരംഭിച്ചതല്ലെന്നും എൻ.സി.പി ബ്ലോക്ക് പ്രസിഡൻറ് ജോഷി പുതുമന പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എം.എൽ.എ സജീവമായി പങ്കെടുത്തിരുന്നു. സംശയമുണ്ടെങ്കിൽ കേരള കോൺഗ്രസ് എം ജോസ് വിഭാഗം പാലാ നിയോജകമണ്ഡലം പ്രസിഡന്‍റ് ഫിലിപ്പ് കുഴിക്കുളത്തോട് ചോദിച്ചാൽ മതിയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ഇടതുമുന്നണി പ്രതിപക്ഷത്തുണ്ടായിരുന്നപ്പോഴും എൻ.സി.പി ഒപ്പമുണ്ടായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന്റെ ഉപേക്ഷിക്കപ്പെട്ട സീറ്റായി പരിഗണിക്കപ്പെട്ടതായിരുന്നു പാലാ. രണ്ടു പതിറ്റാണ്ടിനുള്ളിൽ നാല് തെരഞ്ഞെടുപ്പുകളെ നേരിട്ട് മാണി സി. കാപ്പൻ ഇത് ഇടതു മണ്ഡലമാക്കുകയായിരുന്നു. പാലാക്കാർക്ക് എല്ലാം തിരിച്ചറിയാൻ കഴിയുമെന്നും ജോഷി പുതുമന ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.