കോടതി വിധി സ്വാഗതാർഹം; വിചാരണ നടക്കട്ടെയെന്ന് ജോസ് കെ. മാണി
text_fieldsകോട്ടയം: നിയമസഭ കയ്യാങ്കളിക്കേസിലെ പ്രതികൾ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി മുൻ ധനമന്ത്രി കെ.എം. മാണിയുടെ മകനും കേരള കോൺഗ്രസ് എം ചെയർമാനുമായ ജോസ് കെ. മാണി. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ജോസ് കെ. മാണി പറഞ്ഞു.
സുപ്രീംകോടതിയുടെ വിധിയിലെ തെറ്റിനെയോ ശരിയെയോ കുറിച്ച് പ്രതികരിക്കുന്നില്ല. കേസിൽ വിചാരണ നടപടികൾ മുന്നോട്ടു പോകട്ടെ എന്ന് ജോസ് കെ. മാണി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട നിരവധി ചർച്ചകൾ മുമ്പ് നടന്നിട്ടുള്ളതാണ്. ഈ വിഷയത്തിൽ വ്യക്തമായ വിധി ഹൈകോടതി നേരത്തെ പ്രഖ്യാപിച്ചതാണ്.
രാജിവെക്കുന്നത് സംബന്ധിച്ച് മന്ത്രി ശിവൻകുട്ടി തന്നെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. വിചാരണക്ക് ശേഷം അന്തിമവിധി വന്ന ശേഷം കൂടുതൽ പ്രതികരിക്കാമെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.
2015ൽ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ പ്രതിപക്ഷാംഗങ്ങൾ നിയമസഭയിൽ നടത്തിയ അതിക്രമങ്ങളാണ് കേസിനാധാരം. നിയമസഭ കയ്യാങ്കളിക്കേസ് അവസാനിപ്പിക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി കോടതി തള്ളിയിരുന്നു.
കേസ് പിൻവലിക്കാനാകില്ലെന്നും മന്ത്രി വി. ശിവൻകുട്ടി അടക്കം ആറു പ്രതികളും വിചാരണ നേരിടണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചു. മന്ത്രി ശിവൻ കുട്ടിയെ കൂടാതെ മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, മുൻ എം.എൽ.എമാരായ കെ. അജിത്, സി.കെ. സദാശിവൻ, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് കേസിലെ പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.