ചെയ്യാത്ത തെറ്റുകൾക്ക് ആവർത്തിച്ച് ക്രൂശിക്കപ്പെട്ടു, സത്യം മറനീക്കി പുറത്തുവന്നു -ജോസ് കെ. മാണി
text_fieldsതിരുവനന്തപുരം: സോളാർ കേസ് പ്രതിയുമായി ബന്ധപ്പെട്ട ലൈംഗികാരോപണത്തിൽ സത്യം മറനീക്കി പുറത്തുവന്നതിൽ സന്തോഷമുണ്ടെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. സോളാർ കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പണ്ടും താൻ പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നുണകൾ ആവർത്തിച്ച് ആഘോഷിക്കപ്പെട്ടപ്പോൾ വലിയ വേദനയുണ്ടാക്കി. ചെയ്യാത്ത തെറ്റുകൾക്ക് ആവർത്തിച്ച് ക്രൂശിക്കപ്പെട്ടപ്പോൾ ഒരിക്കൽ സത്യം മറനീക്കി പുറത്തുവരുമെന്ന് അറിയാമായിരുന്നു. സത്യം എന്താണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു.
സോളാർ കേസിൽ ആവശ്യമെങ്കിൽ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിട്ടുണ്ട്. ഏത് അന്വേഷണവും നടത്താമെന്നാണ് പറഞ്ഞത്. അതാണ് സർക്കാറിന്‍റെ നിലപാടെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.
സോളാർ പരാതിക്കാരി എഴുതിയ ആദ്യ കത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയോ ജോസ് കെ. മാണിയുടെയോ പേരില്ലായിരുന്നു എന്നാണ് മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ ഇന്നലെ വ്യക്തമാക്കിയത്. എന്നാൽ, കത്തിന്റെ രണ്ടാം പേജിൽ ഗണേഷ് കുമാർ ലൈംഗികമായി പീഡിപ്പിച്ചതായി ഉണ്ടായിരുന്നു. ഈ പേജ് മാറ്റി ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ. മാണിയുടെയും പേര് ചേർത്തു.
മറ്റ് പല പ്രമുഖരുടെയും പേരുകൾ ആദ്യ കത്തിൽ ഉണ്ടായിരുന്നു. ഗണേഷിന് മന്ത്രി സ്ഥാനം ലഭിക്കാനായി കത്ത് ഉപയോഗിക്കാനായിരുന്നു ശ്രമം. എന്നാൽ, ഇത് നടക്കാതെ വന്നതോടെ ഉമ്മൻചാണ്ടി സർക്കാറിനെ താഴെയിറക്കാൻ കത്ത് തിരുത്തി പ്രചരിപ്പിക്കുകയായിരുന്നു. മരിക്കും മുമ്പ് ഉമ്മൻ ചാണ്ടിയെ വീട്ടിൽ പോയി കണ്ടിരുന്നു.
‘ആ സ്ത്രീ എന്തിന് എന്‍റെ പേരെഴുതി’ എന്നാണ് ചോദിച്ചത്. ഗണേഷ് കുമാറിന്‍റെയും സംഘത്തിന്‍റെയും ഗൂഢാലോചന പറഞ്ഞു. സത്യം അറിഞ്ഞപ്പോൾ ‘തനിക്ക് ആരോടും പരാതിയില്ലെ’ന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.