സ്വതന്ത്ര നിലപാടിൽ മാറ്റമില്ല; മുന്നണിയിൽ ഇല്ലാത്തതിനാൽ വിപ്പ് ബാധകമല്ല -ജോസ് കെ. മാണി
text_fields
കോട്ടയം: രാജ്യസഭ തെരഞ്ഞെടുപ്പിലും ഇടത് സർക്കാറിനെതിരായ അവിശ്വാസ പ്രമേയത്തിലും സ്വതന്ത്ര്യ നിലപാട് സ്വീകരിക്കുമെന്ന് കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ. മാണി. യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കില്ലെന്നും ജോസ് മാധ്യമങ്ങളോട് പറഞ്ഞു.
പി.ജെ. ജോസഫ് വിഭാഗം നൽകിയ വിപ്പ് അംഗീകരിക്കില്ല. പാർട്ടി എം.എൽ.എമാർക്ക് വിപ്പ് നൽകാനുള്ള അധികാരം റോഷി അഗസ്റ്റിനാണ്. തങ്ങളെ മുന്നണിയിൽ നിന്ന് പുറത്താക്കിയതാണെന്നും അതിനാൽ മുന്നണിക്ക് നടപടി സ്വീകരിക്കാൻ സാധിക്കില്ലെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്നും അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാനാണ് ജോസ് പക്ഷത്തിന്റെ തീരുമാനം. എന്നാൽ, ജോസഫ് വിഭാഗത്തിന്റെ നിലപാട് യു.ഡി.എഫിന് അനുകൂലമാണ്.
നാളെ നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പും അവിശ്വാസ പ്രമേയവും ചൂണ്ടിക്കാട്ടിയാണ് കേരള കോണ്‍ഗ്രസിലെ അഞ്ചംഗങ്ങള്‍ക്ക് യു.ഡി.എഫ് മൂന്നുവരി വിപ്പാണ് നല്‍കിയത്. രാജ്യസഭാ തെരഞ്ഞെടുപ്പിലും നിയമസഭയിലെ ചര്‍ച്ചകളിലും എന്ത് നിലപാട് സ്വീകരിക്കണമെന്നാണ് നിയമസഭയിലെ യു.ഡി.എഫ് വിപ്പ് സണ്ണി ജോസഫ് നല്കിയ വിപ്പില്‍ നിർദേശിച്ചിട്ടുള്ളത്. നിയമസഭാ നടപടികളില്‍ മൂന്നുവരി വിപ്പ് ലംഘിച്ചാല്‍ അയോഗ്യരാക്കുന്നതുള്‍പ്പെടെ നടപടികള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.
എന്നാല്‍, മുന്നണിയുടെ വിപ്പിന് എത്രമാത്രം നിയമസാധുതയുണ്ടാകുമെന്ന സംശയവുമുണ്ട്. പാർട്ടി നിലപാടുകളുടെ അടിസ്ഥാനത്തില്‍ സ്വന്തം അംഗങ്ങൾക്ക് അതത് പാര്‍ട്ടിയാണ് വിപ്പ് നല്‍കേണ്ടത്. ഇതനുസരിച്ച് കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളും പരസ്പരം വിപ്പ് നല്കി. ലംഘിച്ചാൽ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും ഇരുപക്ഷവും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.