കേരള കോൺഗ്രസ് യു.ഡി.എഫിനെ ചതിച്ചിട്ടില്ല -ജോസ് കെ. മാണി
text_fieldsകേരള കോൺഗ്രസ് യു.ഡി.എഫിനെ ചതിച്ചിട്ടില്ലെന്ന് ജോസ് കെ. മാണി. ചതിച്ച ചരിത്രം കേരള കോൺഗ്രസിനില്ല. എല്ലാ രാഷ്ട്രീയ ധാരണകളും പാലിച്ചു. എന്നാൽ, കേരള കോൺഗ്രസിനെ പടിയടച്ച് പുറത്താക്കി. മാണിയുടെ മരണത്തോടെ പാർട്ടിയെ ഇല്ലാതാക്കാൻ ഗൂഢാലോചന നടന്നു. മാണിയുടെ ആത്മാവിനെ അപമാനിച്ചു. പി.ജെ. ജോസഫ് പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ശ്രമം നടത്തി. യു.ഡി.എഫിന് രേഖാമൂലം പരാതി നൽകിയിട്ടും വിഷയം ചർച്ച ചെയ്തില്ലെന്നും പാലാ ഉപതെരഞ്ഞെടുപ്പിൽ ധാരണ പാലിക്കപ്പെട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ ജോസ് കെ. മാണി ആരോപിച്ചു.
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരുടെ രാഷ്ട്രീയ ഗൂഡാലോചന അരങ്ങത്തേക്ക് വരുന്നതാണ് ഇന്ന് കണ്ടത്. മാണി സാറിന്‍റെ ജീവിതാന്ത്യം കേരളാ കോണ്‍ഗ്രസിന്‍റെയും രാഷ്ട്രീയ അന്ത്യമാകണമെന്ന് ആഗ്രഹിച്ചവരുടെ അജണ്ട വ്യക്തമായിരിക്കുന്നു. നാല് പതിറ്റാണ്ടിലേറെ യു.ഡി.എഫിന്‍റെ ഭാഗമായ കേരള കോണ്‍ഗ്രസ് എം ഒരിക്കല്‍പ്പോലും മുന്നണിയെ ചതിച്ചിട്ടില്ല. ചതി കേരള കോണ്‍ഗ്രസിന്‍റെ സംസ്‌ക്കാരമല്ല. രൂപീകരണകാലം മുതല്‍ ഒപ്പം നിന്ന മാണിസാറിന്‍റെ പ്രസ്ഥാനത്തോട് രാഷ്ട്രീയ വഞ്ചനയാണ് കാട്ടിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ യു.ഡി.എഫില്‍ ഉണ്ടായ എല്ലാ ധാരണകളും കൃത്യമായി പാലിച്ച പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്.
കോട്ടയം ജില്ലാ പഞ്ചായത്തിന്‍റെ കാര്യത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ധാരണയുണ്ടെന്ന് വരുത്താനുള്ള നീക്കമാണ് നടന്നത്. കേരള കോണ്‍ഗ്രസ് യു.ഡി.എഫില്‍ നിന്നും പുറത്തു പോയതല്ല. യു.ഡി.എഫില്‍ തുടരാന്‍ അര്‍ഹതയില്ലയില്ലെന്നും ഇനി ഈ മുന്നണിയില്‍ വേണ്ടെന്നും പ്രഖ്യാപിച്ച് പടിയടച്ച് പുറത്താക്കുകയാണ് ഉണ്ടായത്. അതിന്‍റെ പിന്നിലുള്ള അജണ്ടയാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.
കേരളാ കോണ്‍ഗ്രസ് ചതിച്ചു ആരോപിക്കുന്നവര്‍ നിര്‍ണായകമായ പാലാ ഉപതെരെഞ്ഞെടുപ്പില്‍ തെരെഞ്ഞടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ദേശീയ തെരഞ്ഞെടുപ്പ് കമീഷന് രണ്ടില ചിഹ്നം ലഭിക്കാതിരിക്കാന്‍ കത്തെഴുതുകയും തെരെഞ്ഞെടുപ്പ് ദിവസത്തില്‍പ്പോലും പരസ്യപ്രസ്ഥാവന നടത്തി യു.ഡി.എഫിന്‍റെ പരാജയം ഉറപ്പുവരുത്തുകയും ചെയ്ത ജോസഫ് വിഭാഗത്തിന്‍റെ കടുത്ത രാഷ്ട്രീയ വഞ്ചനയെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. ഇതുമായി ബന്ധപ്പെട്ട് യു.ഡി.എഫിന് നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഒരു നടപടിയും എടുക്കാതെ യുഡി.എഫ് നേതൃത്വം കൈകെട്ടി നോക്കിയിരിക്കുകയായിരുന്നു.
മാണിസാര്‍ രോഗശയ്യയില്‍ ആയപ്പോള്‍ മുതല്‍ കേരള കോണ്‍ഗ്രസ് എമ്മിനെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചവരാണ് ജോസഫ് വിഭാഗം. അവര്‍ക്ക് മാണിസാറിന്‍റെ രാഷ്ട്രീയ പൈതൃകം ചാര്‍ത്തിക്കൊടുത്തവര്‍ ഓരോ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണ് ചെയ്തത്. കേരളാ കോണ്‍ഗ്രസിനെ പുറത്താക്കി അപമാനിച്ചവര്‍ ഈ പ്രസ്താവനയിലൂടെ വീണ്ടും അപമാനിച്ചിരിക്കുകയാണ്.
കെ. എം മാണിയുടെ രാഷട്രീയ പൈതൃകത്തിന്‍റെ കാര്യത്തില്‍ കേരള കോണ്‍ഗ്രസിന് ആരുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. മാണി സാറിന്‍റെ മഹത്വത്തെക്കുറിച്ച് ഇന്ന് പലരും ആവര്‍ത്തിക്കുന്നത് കേട്ടു. അവരൊക്കെ ചെയ്തതിനെ കുറിച്ച് മാണി സാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. കേരളാ കോണ്‍ഗ്രസിന്‍റെ ആത്മാഭിമാനം ആരുടേയും അടിയറവെക്കില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.