ജയപരാജയം നോക്കി മുന്നണി മാറില്ലെന്ന് ജോസ് കെ. മാണി
text_fieldsതിരുവനന്തപുരം: ജയപരാജയം നോക്കി മുന്നണി മാറില്ലെന്ന് കേരള കോൺഗ്രസ്(എം) അധ്യക്ഷൻ ജോസ് കെ.മാണി. തങ്ങളുടെ ആവശ്യങ്ങൾ സി.പി.എമ്മിനെ അറിയിച്ചിട്ടുണ്ട്. അതിലവർ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. കേരള കോൺഗ്രസിന് ബി.ജെ.പിയുടെ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന വാർത്ത മാധ്യമങ്ങളുടെ ഗോസിപ്പ് മാത്രമാണ്. അത്തരം വാർത്തകൾ ആരും പ്രചരിപ്പിക്കരുതെന്നും ജോസ് കെ.മാണി പറഞ്ഞു.
രാജ്യസഭ സീറ്റിന്റെ ആവശ്യകതയും എങ്ങനെയാണ് തങ്ങളതിന് അർഹരാകുന്നത് എന്നുമൊക്കെ സി.പി.എമ്മിനെ അറിയിച്ചിട്ടുണ്ട്. അവരത് കേൾക്കുകയും ചെയ്തു. ഇക്കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. കേരള കോൺഗ്രസിനെ യു.ഡി.എഫിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഇതിന് ശേഷം എൽ.ഡി.എഫിനൊപ്പം നിൽക്കാനാണ് പാർട്ടി തീരുമാനിച്ചത്. ഈ തീരുമാനം ഉറച്ചതാണെന്നും ജോസ് കെ.മാണി പറഞ്ഞു.
ജയപരാജയങ്ങൾ വരുമ്പോൾ മാറ്റാനുള്ളതല്ല അത്. പൊളിറ്റിക്കൽ ഗോസിപ്പുണ്ടാക്കി ചർച്ച കൊണ്ടുവരാനുള്ള മാധ്യമങ്ങളുടെ ശ്രമമായേ അതിനെ കാണേണ്ടതുള്ളു. ബിജെപിയിൽ നിന്ന് ഓഫറുണ്ടെന്നതും അങ്ങനെയൊരു ഗോസിപ്പ് ആണ്. അങ്ങനെയൊരു ക്ഷണവും ലഭിച്ചിട്ടില്ല. അത്തരത്തിൽ ഒരു മുന്നണിയുടേയും അടുത്തേക്ക് പോകേണ്ട സാഹചര്യം തങ്ങൾക്കില്ലെന്നും ജോസ് കെ.മാണി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.