വയനാട്ടിൽ ജോസിന് നേട്ടം; ജോസഫിന് നഷ്ടം
text_fieldsസുൽത്താൻ ബത്തേരി: കേരള കോൺഗ്രസ് പിളർന്ന് രണ്ട് മുന്നണികളിലായതോടെ ജില്ലയിൽ നേട്ടമുണ്ടായത് ജോസ് പക്ഷത്തിന്. ഇടതു മുന്നണിയിൽനിന്ന് കൂടുതൽ സീറ്റുകൾ ചോദിച്ചുവാങ്ങി കൂടുതൽ പേരെ ജയിപ്പിച്ചെടുക്കാൻ ജോസ് പക്ഷത്തിന് കഴിഞ്ഞു. എന്നാൽ, കാര്യമായി സീറ്റുകൾ നേടിയെടുക്കാനോ, കിട്ടിയതിൽ ജയിക്കാനോ കഴിയാത്ത ദുർവിധിയാണ് ജോസഫ് ഗ്രൂപ്പിന്.
2015ൽ സുൽത്താൻ ബത്തേരി നഗരസഭയിൽ കേരള കോൺ. മാണി ഗ്രൂപ്പിന് യു.ഡി.എഫ് കൊടുത്തത് ഒരു സീറ്റ് മാത്രമായിരുന്നു. ഇത്തവണ ജോസ് പക്ഷം ഇടതു മുന്നണിയിൽനിന്ന് സുൽത്താൻ ബത്തേരിയിൽ ചോദിച്ചുവാങ്ങിയത് രണ്ട് സീറ്റുകളാണ്.
കൂടാതെ ഒരു ജില്ല പഞ്ചായത്ത് ഡിവിഷൻ, മൂന്ന് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ, മാനന്തവാടി- സുൽത്താൻ ബത്തേരി നഗരസഭ, ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിങ്ങനെ 16 ഇടത്താണ് കേരള കോൺഗ്രസ് ജോസ് സ്ഥാനാർഥികളെ നിർത്തിയത്. കഴിഞ്ഞ തവണ യു.ഡി.എഫിലായിരുന്നപ്പോൾ ഇത്രയും സീറ്റുകൾ അവർക്ക് ലഭിച്ചിരുന്നില്ല. ഇത്തവണ ബത്തേരി നഗരസഭ, മാനന്തവാടി നഗരസഭ, മുള്ളൻകൊല്ലി പഞ്ചായത്ത് എന്നിവിടങ്ങളിൽ ഓരോ സീറ്റിൽ കേരള കോൺ. ജോസ് വിഭാഗം സ്ഥാനാർഥികൾ ജയിച്ചു.
പിളർപ്പിനുശേഷം ജോസഫ് പക്ഷത്തിന് ജില്ലയിലെ രണ്ട് സ്ഥാനാർഥികളുടെ തോൽവി വലിയ നഷ്ടമുണ്ടാക്കി. ജില്ല പഞ്ചായത്ത് മീനങ്ങാടി ഡിവിഷനിൽ നിന്നു മത്സരിച്ച രമ്യ ശിവദാസും സുൽത്താൻ ബത്തേരി നഗരസഭ തേലംപറ്റ ഡിവിഷനിൽനിന്നു മത്സരിച്ച എം.ആർ. ഷൈലജയുമാണ് തോൽവി ഏറ്റുവാങ്ങിയത്. ജില്ലയിൽ ജോസഫ് പക്ഷത്തിന് യു.ഡി.എഫ് നേതൃത്വം ആകെ വിട്ടുകൊടുത്ത സീറ്റുകളാണിത്.
ജില്ല പഞ്ചായത്ത് മീനങ്ങാടി ഡിവിഷൻ പരമ്പരാഗതമായി എൽ.ഡി.എഫിന് അനുകൂലമാണ്. യു.ഡി.എഫ് ഘടകകക്ഷികളിലെ ചെറിയ പാർട്ടികൾക്കാണ് ഈ ഡിവിഷൻ കൊടുക്കാറുള്ളത്. രമ്യ ശിവദാസിനെ രംഗത്തിറക്കി ശക്തമായ പ്രചാരണമാണ് ഇത്തവണ യു.ഡി.എഫ് നടത്തിയത്.
എന്നാൽ, മാറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. സുൽത്താൻ ബത്തേരി തേലംപറ്റയിലും ഇതേ അവസ്ഥതന്നെയായിരുന്നു. ജോസഫ് പക്ഷം തങ്ങളുടെ സകല ശക്തിയും ഇവിടെ ഉപയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.