കേരള കോൺഗ്രസ് എമ്മിലെ ജോസ് പുത്തൻകാല കോട്ടയം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്
text_fieldsകോട്ടയം: കേരള കോൺഗ്രസ് എമ്മിലെ ജോസ് പുത്തൻകാല കോട്ടയം ജില്ലാ പഞ്ചായത്ത് വെസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് സ്ഥാനാർഥി റെജി എം. ഫിലിപ്പോസിനെ പരാജയപ്പെടുത്തിയാണ് ജോസ് പുത്തൻകാല തെരഞ്ഞെടുക്കപ്പെട്ടത്. ജോസ് പുത്തൻകാലക്ക് 14 വോട്ടും റെജി എം. ഫിലിപ്പോസിന് 7 വോട്ടും ലഭിച്ചു. ബി.ജെ.പി അംഗം ഷോൺ ജോർജ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആയിരുന്ന സി.പി.ഐ അംഗം ശുഭേഷ് സുധാകരൻ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 22 അംഗങ്ങളാണ് ജില്ലാ പഞ്ചായത്തിൽ ഉള്ളത്. എൽ.ഡി.എഫിന് 14ഉം യു.ഡി.എഫിന് എഴും അംഗങ്ങളാണ് ഉള്ളത്. അടുത്തിടെ ബി.ജെ.പിയിൽ ചേർന്ന പി.സി. ജോർജിന്‍റെ മകൻ ഷോൺ ജോർജും ജില്ലാ പഞ്ചായത്ത് അംഗമാണ്.
എൽ.ഡി.എഫിലെ മുൻ ധാരണ പ്രകാരം സി.പി.ഐയിലെ ശുഭേഷ് സുധാകരൻ രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എൽ.ഡി.എഫിൽ സി.പി.എമ്മിന് ആറും കേരള കോൺഗ്രസിന് അഞ്ചും സി.പി.ഐക്ക് മൂന്നും അംഗങ്ങളാണ് ഉള്ളത്. എൽ.ഡി.എഫ് ഭരിക്കുന്ന ജില്ല പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം ഇനിയുള്ള രണ്ട് വർഷം കേരള കോൺഗ്രസ് എമ്മിനാണ്.
നിലവിൽ കടുത്തുരുത്തി ഡിവിഷൻ അംഗമാണ് ജോസ് പുത്തൻകാല. അഞ്ച് തവണ ത്രിതല പഞ്ചായത്തംഗവും ഒരു തവണ ഗ്രാമപഞ്ചായത്തംഗവും രണ്ടു തവണ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തംഗവും രണ്ട് തവണ ജില്ല പഞ്ചായത്തംഗവുമായിട്ടുണ്ട്. കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മറ്റി അംഗം, വൈക്കം കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്‍റ്, കടുത്തുരുത്തി അർബൻ കോഓപറേറ്റീവ് ഡയറക്ട് ബോർഡ് മെമ്പർ, യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.എസ്.സി എം കോട്ടയം ജില്ല പ്രസിഡന്റ് എന്നി സ്ഥാനങ്ങൾ ജോസ് പുത്തൻകാല വഹിച്ചിരുന്നു. നിലവിൽ കെ.ടി.യു.സി എം സംസ്ഥാന പ്രസിഡന്റാണ്. ഭാര്യ: ഐബി ജോസ്. മക്കൾ: ആൽബിൻ ജോസ്, സനൽ ജോസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.