Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണർക്കെതിരായ...

ഗവർണർക്കെതിരായ ഐസക്കിന്‍റെ വാദങ്ങളെ അക്കമിട്ട് ഖണ്ഡിച്ച് ജോസ് സെബാസ്റ്റ്യന്‍; മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടി

text_fields
bookmark_border
Thomas Isaac, Jose Sebastian
cancel

കോഴിക്കോട്: മദ്യവും ലോട്ടറിയും ആണ് കേരളത്തിന്റെ മുഖ്യ വരുമാനമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രസ്താവനയെ വിമർശിച്ച് മുൻ ധനമന്ത്രി ഡോ. തോമസ്‌ ഐസക്ക് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് വിഡിയോക്ക് മറുപടിയുമായി സാ​മ്പ​ത്തി​കകാ​ര്യ വി​ദ​ഗ്​​ധ​നും ഗു​ലാ​ത്തി ഇ​ൻ​സ്റ്റിറ്റ്യൂ​ട്ട് ഓ​ഫ് ഫി​നാ​ൻ​സ്​ ആ​ൻ​ഡ് ടാ​ക്സേ​ഷ​നി​ലെ മു​ൻ ഫാ​ക്ക​ൽ​റ്റി അം​ഗ​വു​മായ ഡോ. ജോസ് സെബാസ്റ്റ്യൻ. സ്ഥിതിവിവര കണക്കുകൾ മനഃപൂർവം വളച്ചൊടിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ് തോമസ് ഐസക് ചെയ്തതെന്ന് ജോസ് സെബാസ്റ്റ്യൻ ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

തെറ്റ് കേരള ജനതയോട് നിരുപാധികം ഏറ്റുപറഞ്ഞ് 15 ദിവസത്തിനകം വിഡിയോ ഇറക്കണമെന്നും അല്ലെങ്കിൽ ഐസക്കിനെതിരെ ഹൈകോടതിയിൽ ഹരജി ഫയൽ ചെയ്യുമെന്നും ജോസ് സെബാസ്റ്റ്യൻ വ്യക്തമാക്കുന്നു. മുൻ ധനമന്ത്രിയുടെ പ്രസ്താവനക്ക് എഫ്.ബി പോസ്റ്റിൽ അക്കമിട്ട് ജോസ് സെബാസ്റ്റ്യൻ മറുപടി നൽകുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ഡോ. തോമസ് ഐസക് എന്ന മുൻ ധനമന്ത്രിയും ധനശാസ്ത്രജ്ഞനും ന്യായീകരണ തൊഴിലാളിയാകുമ്പോൾ..

ഡോ. തോമസ്‌ ഐസക്കിന്റെ ഒരു വീഡിയോ ശ്രീ. സുധേഷ്‌ എം. രഘു ശ്രദ്ധയിൽപ്പെടുത്തി. കേരളത്തിന്റെ മുഖ്യ വരുമാനം മദ്യവും ലോട്ടറിയും ആണെന്ന് ഗവർണർ പറഞ്ഞു. അതിനെതിരെ മുഖ്യമന്ത്രി പ്രസ്താവന നടത്തി. മുഖ്യമന്ത്രിയുടെ പ്രസ്താവനയിലെ പിശക് ചൂണ്ടിക്കാട്ടി " മുഖ്യമന്ത്രി തിരുത്തണം..." എന്ന പോസ്റ്റ്‌ ഇട്ടു. മുഖ്യമന്ത്രി സാമ്പത്തിക ശാസ്ത്രജ്ഞൻ ഒന്നുമല്ല; പാവം ആരോ തെറ്റ് എഴുതി കൊടുത്തത് വായിക്കുക ആണ് ചെയ്തത്. അത്‌ പൊറുക്കാം.

സത്യത്തിൽ ഗവർണർ ഉദ്ദേശിച്ചത് കേരളത്തിന്റെ മുഖ്യ വരുമാന സ്രോതസ്സുകളിൽ മുഖ്യം മദ്യവും ലോട്ടറിയും ആണെന്ന് ആയിരിക്കാം. അദ്ദേഹവും ധനശാസ്ത്രൻ ഒന്നുമല്ല. അദ്ദേഹം പറഞ്ഞതിൽ അത്ര തെറ്റുമില്ല. കാരണം, കേരളത്തിന്റെ മൊത്തം തനത് വരുമാനത്തിൽ ശരാശരി അറുപതു ശതമാനത്തിന് മേൽ സംഭാവന ചെയ്യുന്നത് നാല് ഇനങ്ങൾ ആണ്: മദ്യം, ഭാഗ്യക്കുറി, പെട്രോളിയം ഉത്പന്നങ്ങൾ, മോട്ടോർ വാഹനങ്ങൾ എന്നിവയാണ്. മദ്യത്തിൽനിന്ന് സെയിൽസ് ടാക്സ്, എക്സൈസ് ഡ്യൂട്ടി, ബീവറേജസ് കോർപറേഷന്റെ ഡിവിഡന്‍റ് എന്നിങ്ങനെ മൂന്ന് വരുമാനം ഉണ്ട്‌. ലോട്ടറിയുടെ കാര്യത്തിൽ ലോട്ടറി ടിക്കറ്റിന്റെ വില്പന, ലോട്ടറി ടിക്കറ്റിന്മേൽ ഉള്ള ജി.എസ്.ടി എന്നിങ്ങനെ രണ്ട്‌ വരുമാനം ഉണ്ട്‌. ബിവറേജസ് കോർപറേഷന്റെ ഡിവിഡന്‍റ്, ലോട്ടറി ടിക്കറ്റ്റിന്മേലുള്ള ജി.എസ്.ടി എന്നിവയുടെ ഡാറ്റാ ക്ഷണം ലഭ്യം അല്ല. അവ രണ്ടും തുച്ഛമായ തുക ആയതുകൊണ്ട് അവഗണിക്കാം.

ഗവർണർ മണ്ടത്തരം പറയുന്നു എന്ന് തെളിയിക്കാൻ ഡോ. ഐസക് നിരത്തുന്ന വാദങ്ങൾ ഒന്നൊന്നായി പരിഗണിക്കാം.

1. "2021-22 ലെ സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിൽ ലോട്ടറിയുടെ സംഭാവന 560 കോടി രൂപയാണ്. അത്‌ മൊത്തം വരുമാനത്തിന്റെ 1% പോലും വരില്ലെന്ന്.."

ഡോ. ഐസക്കിന്റെ വാദത്തിലേക്ക് കടക്കാം. അദ്ദേഹം നിരത്തുന്ന ഡാറ്റകളിൽ ചില്ലറ പിശകുകൾ ഉണ്ട്‌. ഉദാഹരമായി മദ്യത്തിൽനിന്ന് 2021-22 ഇൽ 15,000 കോടി രൂപ കിട്ടി എന്ന് അദ്ദേഹം പറയുന്നത് ശരിയായാകാം. ഒരുപക്ഷെ അവസാന കണക്കുകൾ ലഭ്യം ആകുമ്പോൾ അതിൽ കൂടുതൽ ആവാനേ തരമുള്ളൂ. അദ്ദേഹത്തിന്റെ വാദങ്ങളുടെ അന്തിമ ലക്ഷ്യം കേരളം മദ്യത്തെയും ലോട്ടറിയെയും ഒരുപാട് ആശ്രയിക്കുന്നില്ല; കേന്ദ്രത്തിൽനിന്നുള്ള വരുമാനം കുറയുമ്പോൾ തനത് വരുമാനം കണ്ടെത്തി ആണ് കേരളം മുന്നോട്ട് പോകുന്നത് എന്നൊക്കെ തെളിയിക്കുക ആയിരിക്കാം.

ആദ്യമായി ലോട്ടറിയുടെ 560 കോടിയുടെ കണക്ക് എടുക്കാം. ലോട്ടറി വിറ്റുകിട്ടുന്നത് 2021-22 ഇൽ 7145 കോടി രൂപ ആണെന്ന് അദ്ദേഹം പറയുന്നു. അതിൽ മിച്ചം വരുന്നത് 560 രൂപ കോടി മാത്രം!!. ബാക്കി ഒക്കെ സമ്മാനമായും കമീഷൻ ആയും പരസ്യമായും പോകുന്നു. സാമാന്യജനം കേൾക്കുമ്പോൾ എത്ര ശരി?

പക്ഷെ സത്യം എന്താണ്? അക്കൗണ്ടിങ്ങിലെ രീതിശാസ്ത്ര പ്രകാരം എല്ലാ വരുമാനവും മൊത്തം (gross) ആയി ആണ് രേഖപ്പെടുത്തുന്നത്; നെറ്റായിട്ടല്ല. എന്നുപറഞ്ഞാൽ ഒരു വരുമാന സ്രോതസ്സിൽനിന്ന് കിട്ടുന്ന വരുമാനം പിരിച്ച് എടുക്കാൻ ഉള്ള ചെലവ് വരുമാനത്തിൽനിന്ന് കുറച്ചിട്ട് അല്ല രേഖപ്പെടുത്തുന്നത്. അക്കൗണ്ടന്റ് ജനറലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും കേരള സർക്കാശരും ഒക്കെ പിന്തുടരുന്നത് ഈ രീതിശാസ്ത്രം ആണ്. ഡോ. ഐസക് പറയുന്ന ന്യായം വച്ച് നോക്കിയാൽ ചരക്കു സേവന നികുതിയും വില്പന നികുതിയും എക്സൈസ് ഡ്യൂട്ടിയും ഒക്കെ പിരിക്കാൻ ഉദ്യോഗസ്ഥർക്കു കൊടുക്കുന്ന ശമ്പളവും പെൻഷനും മറ്റ് ചെലവുകളും ഒക്കെ കിഴിച്ചുവേണം വരുമാനം പറയാൻ. അങ്ങനെ നോക്കുമ്പോൾ കേരളത്തിന്റെ തനത് വരുമാനം കുറയും എന്ന വസ്തുത അദ്ദേഹം കാണുന്നില്ല. ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥരുടെ ശമ്പളവും പെൻഷനും മറ്റ് ചെലവുകളും കൂടി കൂട്ടിയാൽ 560 കോടി പോലും കിട്ടുകില്ല സാറേ!!.

ലോട്ടറി എന്ന വരുമാനം ഉണ്ടാക്കാനുള്ള ചെലവുകൾ ആണ് സമ്മാനവും പരസ്യവും കമ്മീഷനും എന്നതൊക്കെ എന്ന് അദ്ദേഹത്തിന് അറിയാത്തത് അല്ല.

രണ്ടാമത്തെ തെറ്റിദ്ധരിപ്പിക്കൽ അദ്ദേഹം പരിഗണിക്കുന്നത് സംസ്ഥാനത്തിന്റെ മൊത്ത വരുമാനമാണ്. മൊത്ത വരുമാനം സംസ്ഥാനം തനിയെ ഉണ്ടാക്കുന്ന വരുമാനവും കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതവും ഗ്രാന്റുകളും ചേർന്നതാണ്. കേരളത്തിന്റെ തനത് വരുമാനമായ ലോട്ടറിയും മദ്യവും പരിഗണിക്കുമ്പോൾ തനത് വരുമാനത്തിന്റെ ശതമാനം ആയി ആണ് പരിഗണിക്കേണ്ടത്. കേരളം വരുമാനം ഉണ്ടാക്കുന്നു എന്ന് തെളിയിക്കാൻ എന്തിനാണ് മൊത്ത വരുമാനം എടുക്കുന്നത്? സ്വന്തം വാദം തെളിയിക്കാൻ സൗകര്യം ഉള്ളത് മൊത്ത വരുമാനം ആയതുകൊണ്ടാണിത്.

രണ്ടാമത്തെ വാദം.

2. " മദ്യത്തിനിന്നും ലോട്ടറിയിൽനിന്നുമുള്ള വരുമാനം ആനുപാതികമായി കുറഞ്ഞുവരികയാണ്. 2016-17 ഇൽ മൊത്തം വരുമാനത്തിന്റെ 16% ആയിരുന്നത് 2021-22 ഇൽ 13% ആയി കുറഞ്ഞു. കേരളത്തിൽ മദ്യ ഉപഭോഗം കുറ യുകയാണ്. ലോട്ടറി വില്പന വർധിക്കുന്നില്ല."

ഈ നിഗമനത്തിൽ എത്തുന്നത് ലോട്ടറി വരുമാനത്തേക്കുറിച്ച് അദ്ദേഹത്തിന്റെ മേല്പറഞ്ഞ വാദത്തെ അടിസ്ഥാനം ആക്കിയാണ്. അതുപോലെ തനത് വരുമാനത്തിന് പകരം മൊത്ത വരുമാനം എടുത്തും ആണ്. തനത് വരുമാനത്തിൽ ലോട്ടറിയുടെയും മദ്യത്തിന്റെയും ഓഹരി 2016-17 ലും 201-22 പുതുക്കിയ എസ്റ്റിമേറ്റ് (Revised Estimate) പ്രകാരം എത്രയാണ് എന്ന് താഴെ കൊടുക്കുന്നു. ഈ വിവരങ്ങൾ(മദ്യത്തിന്റെ വില്പന നികുതി ഒഴിചുള്ള) കേരള സർക്കാരിന്റെ budget in brief എന്ന പ്രസിദ്ധീകരണത്തിൽ നിന്നും എടുത്തിട്ടുള്ളതാണ്. ആർക്കും ഡൗൺലോഡ് ചെയ്യാൻ കഴിയും. എല്ലാം കോടി രൂപയിൽ.

2016- 2021-

17 22(RE)

-----------------------------------------------------------------------------

മൊത്തം വരുമാനം 75,611.72 1,17,888.16

തനത് വരുമാനം 51,876.36 68,905.93

മദ്യം 10,590.79 15,000.00

ലോട്ടറി 7283.29 6974.00

തനത് വരുമാനത്തിൽ

മദ്യത്തിന്റെ ഓഹരി 20.42% 21.77%

തനത് വരുമാനത്തിൽ

ലോട്ടറിയുടെ ഓഹരി 14.04% 10.12%

തനത് വരുമാനത്തിൽ

മദ്യത്തിന്റെയും ലോട്ടറിയുടെയും

ഓഹരി 34.46% 31.89%

-----------------------------------------------------------------------------

കോവിഡ് കാലം ആയതുകൊണ്ട് മദ്യ ഉപഭോഗം ചെറുതായി കുറഞ്ഞുകാണും. അതുകൊണ്ട് വരുമാന ശതമാനം ചെറുതായി മാത്രമേ വർധിച്ചുള്ളൂ. 2022-23 ലെ കണക്ക് വരട്ടെ. അപ്പോൾ കാണാം. ലോട്ടറിയുടെ കാര്യത്തിൽ കോവിഡ് കാര്യം ആയി ബാധിച്ചു. ഈ വർഷം വില്പന 10,000 കോടി രൂപ ആക്കാൻ ആണ് ലോട്ടറി വകുപ്പ് ലക്ഷം ഇടുന്നത്. ഇവ രണ്ടുംകൂടി 2022-23 ഇൽ തനത് വരുമാനത്തിൽ 35-36% വരാൻ സാധ്യത ഉണ്ട്‌. സത്യം ഡോ. ഐസക്കിന്റെ വളച്ചൊടിക്കലിൽനിന്നും തെറ്റായ വ്യാഖ്യാനത്തിൽനിന്നും എത്രയോ കാതം അകലെ!

മൂന്നാമത്തെ വാദം

2. "കേന്ദ്രത്തിൽ നിന്നുള്ള ഓഹരി 3.8% ഇൽ നിന്ന് 1.9% ആയി കുറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾക്ക് 50% കിട്ടുമ്പോൾ കേരളത്തിന്‌ 30% മാത്രമേ കിട്ടുന്നുള്ളു".

ഇവിടെയും ഡോ. ഐസക് വസ്തുതകളെ മറച്ചു വെക്കുന്നു. ഒരു ഫെഡറൽ സംവിധാനത്തിൽ വികസിത സംസ്ഥാനങ്ങൾക്ക് ആനുപാതികമായി കുറച്ചുകൊണ്ടേ അവികസിത സംസ്ഥാനങ്ങൾക്ക് കൂടുതൽ വിഭവങ്ങൾ എത്തിക്കാൻ കഴിയുകയുള്ളു.മാനവ വികസന സൂചിക, ഭൗതിക ജീവിത ഗുണനിലവാര സൂചിക എന്നിവയിൽ ഒക്കെ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നേട്ടങ്ങൾ ആണ് ഞങ്ങൾ കമ്മ്യൂണിസ്റ്കാർ മൂലം ഉണ്ടായിട്ടുള്ളത് എന്ന് എപ്പോഴും കേന്ദ്രത്തെ ഓർമിപ്പിക്കുക ആണല്ലോ അദ്ദേഹത്തിന്റെ പാർട്ടി. ഈ നേട്ടങ്ങൾ കൈവരിച്ച കേരളത്തിന്‌ ഈ നേട്ടങ്ങളുടെ പേരിൽ ഇനി ധനസഹായത്തിന് അർഹതയില്ല എന്ന് ധനകാര്യ കമ്മീഷനുകൾ തീരുമാനിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. പക്ഷെ ഒന്നുണ്ട്; കേരളത്തിന്റെ ഓഹരി ശരാശരി 30% അല്ല. 2017-18 മുതൽ 2021-22 (RE) വരെയുള്ള 5 വർഷം എടുത്താൽ ശരാശരി 35.89% വരും എന്ന് മാത്രമല്ല 2020-21 ലും 2021-22 ലും യഥാക്രമം 43.67% ഉം 41.85% ഉം ആയിരുന്നു. Revenue കമ്മി ഗ്രാന്റു 2022-23 മുതൽ ഇല്ലാതെ ആകുന്നതുകൊണ്ട് ഇത് കുറയും എന്ന കാര്യം സമ്മതിക്കാം. പക്ഷെ 35.89% നെ 30% ആക്കി കുറച്ചതു മനഃപൂർവം ആകാനാണ് സാധ്യത.

എന്തുകൊണ്ട് ഡോ. ഐസക് ഇത്തരം തറവേലക്ക് മുതിരുന്നു? അദ്ദേഹം ധനശാസ്ത്രത്തിലെ രീതിശാസ്ത്രത്തിന്റെ കേരളത്തിലെ മെക്ക ആയ തിരുവനന്തപുരം സെന്‍റർ ഫോർ ഡെവലപ്മെന്‍റ് സ്റ്റഡീസ് പ്രഫസർ ആയിരുന്നു. കുറേപ്പേർ അദ്ദേഹത്തിന്റെ മാർഗ നിർദ്ദേശത്തിൽ ഡോക്ടറേറ്റ് സമ്പാദിച്ചിട്ടുണ്ട്. രണ്ട്‌ പ്രാവശ്യം ധനമന്ത്രി ആയിരുന്ന ആളാണ്‌. അദ്ദേഹം ഇതാണ് പറയുന്നതെങ്കിൽ ജനങ്ങൾ ആരെ വിശ്വസിക്കും ഇനി?

സത്യം ഇതാണ്: കേരളത്തിലെ സാധാരണ ജനങ്ങൾക് ധനകാര്യ സാക്ഷരത ഇല്ല. പിന്നെ അദ്ദേഹം പറയുന്നതേ ശരി ആവുകയുള്ളു എന്ന തോന്നലും ഉണ്ട്‌.

ഡോ. ഐസക് ഇങ്ങനെ തരംതാഴുന്നതിന് എനിക്ക് രണ്ട്‌ കാരണം ഉണ്ട്‌. ഒന്ന് കേരള ധനകാര്യം ഇന്നത്തെ രീതിയിൽ കുളം ആക്കിയതിന് അദ്ദേഹത്തിന് കാര്യമായ പങ്കുണ്ട്. എന്റെ "കേരള ധനകാര്യം: ജനപക്ഷത്തുനിന്ന് ഒരു പുനർവായന" എന്ന പസ്തകത്തിൽ അദ്ദേഹത്തെ കാര്യമായി വിമർശിച്ചിട്ടുണ്ട്. "മാണിയും ഐസക്കും: കേരളത്തിന്റെ ദുര്യോഗം" എന്നാണ് ഒരു അധ്യായത്തിലെ ഉപഷീർഷകം. കാരണം അദ്ദേഹം 2006 ഇൽ ധനമന്ത്രി ആയപ്പോൾ കേരളത്തിൽ വിഭവസമാഹരണം നടക്കുന്നില്ല എന്ന് പണ്ടേ ബോധ്യപ്പെട്ട ആള് ആയിരുന്നു. അത്‌ തുറന്ന് പറയുന്നതിന് പകരം കടം വാങ്ങാൻ സൂത്രങ്ങൾ കണ്ടെത്തിയതിന് കേരളം വലിയ വില കൊടുത്തുകൊണ്ട് ഇരിക്കുകയാണ്. അതിന്റെ കുറ്റബോധം അദ്ദേഹത്തിന് കാണും. കേരളം വിഭവസമാഹരണത്തിൽ മുൻപിൽ ആണെന്ന് എങ്ങനെയും തെളിയിക്കേണ്ടേ?

ഇത് പക്ഷെ അങ്ങനെ വിട്ടാൽ പറ്റില്ല. ജനങ്ങളോട് സത്യം തുറന്ന് പറഞ്ഞെ ഇനി മുന്നോട്ട് പോകാൻ ഒക്കൂ. സത്യം പറയേണ്ട, സത്യം അറിയാവുന്നവർ തെറ്റിദ്ധരിപ്പിക്കാൻ തുടങ്ങിയാൽ? അതുകൊണ്ട് 15 ദിവസത്തിന് അകം തനിക്ക് പറ്റിയ തെറ്റുകൾ ഏറ്റുപറഞ്ഞു കേരള ജനതയോടു നിരുപാധികം മാപ്പ് പറഞ്ഞു വീഡിയോ ഇറക്കണം. അല്ലാത്തപക്ഷം അദ്ദേഹത്തിന് എതിരെ പൊതുതാല്പര്യ ഹരജി നിലനിൽക്കുമോ എന്ന് അന്വേഷിച്ചു ഹൈകോടതിയിൽ ഹർജി ഫയൽ ചെയ്യുന്നതാണ്. കാരണം, അദ്ദേഹത്തിന്റെ നിലപാടുകൾ പൊതുവിഭവ സമാഹരണം എന്ന പൊതു താല്പര്യത്തിന് എതിരാണ്.

എനിക്ക് സത്യത്തിൽ അദ്ദേഹത്തോട് യാതൊരു വിരോധവും ഇല്ല. മൂന്ന് പ്രാവശ്യം എങ്കിലും അദ്ദേഹത്തിൽനിന്ന് വ്യക്തിപരമായ സഹായങ്ങൾ ലഭിച്ചിട്ടുള്ള ആൾ ആണ് ഞാൻ. അദ്ദേഹം ധന മന്ത്രി ആയിരുന്നപ്പോൾ ആണ് എന്റെ " Latin American Lottary system as a method of preventing sales tax evasion എന്ന ആശയം Lucky VAT എന്ന പേരിൽ നടപ്പിൽ ആക്കിയത്. അതുപോലെ എന്റെ " Negotiation Based Tax Liability Sharing എന്ന ആശയം അദ്ദേഹത്തിന് പ്രയോജനപ്പെട്ടു എന്ന് പരസ്യമായി പറഞ്ഞ് എനിക്ക് അംഗീകാരം തന്നതാണ്. പ്രശ്നം അതല്ല. ഡോ. ഐസക് എന്ന വ്യക്തിയും പണ്ഡിതനും സഖാവ് ഐസക് ആയി വേഷപ്പകർച്ച നടത്തുന്നത് ആണ്. അതാണ്‌ ഇതിന് കാരണം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thomas IsaacJose Sebastian
News Summary - Jose Sebastian refute Thomas Isaac's arguments by number; Legal action if not apologized
Next Story