12ൽ ഉറച്ച് ജോസഫ്, പരമാവധി ഒമ്പതെന്ന് കോൺഗ്രസ്; യു.ഡി.എഫിൽ സീറ്റ് വിഭജനം മുടന്തുന്നു
text_fieldsതിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി പലവട്ടം കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിയിട്ടും വിജയിക്കാത്തതിനെ തുടർന്ന് യു.ഡി.എഫിൽ സീറ്റ് വിഭജനം മുടന്തുന്നു. 12 സീറ്റ് വേണമെന്ന ആവശ്യത്തിൽ ജോസഫ് പക്ഷവും പരമാവധി ഒമ്പത് മാത്രമെന്ന നിലപാടിൽ കോൺഗ്രസും ഉറച്ചുനിൽക്കുകയാണ്. രാവിലെ നടന്ന ഉഭയകക്ഷി ചർച്ചയിൽ തീരുമാനം ഉണ്ടാകാത്തതിനെ തുടർന്ന് വൈകീട്ട് വീണ്ടും ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. ചർച്ച ഇന്നും തുടരും.
സീറ്റുകളുടെ വെച്ചുമാറ്റവും കോൺഗ്രസ്-ജോസഫ്പക്ഷം ചർച്ചയിൽ ഉണ്ട്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ഏറ്റുമാനൂർ സീറ്റുകളിൽ ഒരെണ്ണമെങ്കിലും ലഭിേച്ച തീരൂവെന്നാണ് ജോസഫിെൻറ നിലപാട്. ചൊവ്വാഴ്ച എങ്ങനെയും സമവായം ഉണ്ടാക്കാനാണ് കോൺഗ്രസ് നീക്കം. മറ്റ് ഘടകകക്ഷികളുമായി സീറ്റിെൻറ കാര്യത്തിൽ ഏകദേശ ധാരണയായിട്ടുണ്ട്. ബുധനാഴ്ചത്തെ യു.ഡി.എഫ് യോഗത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച പ്രഖ്യാപനം നടത്താനുള്ള ശ്രമമാണ് നടക്കുന്നത്.
അതേസമയം, തമിഴ്നാട് സന്ദർശനം കഴിഞ്ഞ് ഡൽഹിക്ക് മടങ്ങുന്നതിനിടെ തിരുവനന്തപുരത്ത് എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സ്ഥാനാർഥിനിർണയം സംബന്ധിച്ച് പാർട്ടി സംസ്ഥാന നേതാക്കളുമായി ശംഖുംമുഖത്തെ ഹോട്ടലിൽ ചർച്ചനടത്തി. ചൊവ്വാഴ്ച രാവിലെ കെ.പി.സി.സി തെരഞ്ഞെടുപ്പുസമിതി തിരുവനന്തപുരത്ത് ചേരുന്നുണ്ട്.
സ്ഥാനാർഥിനിർണയത്തിനുള്ള മാനദണ്ഡങ്ങളും യോഗത്തിൽ ചർച്ചയാകും. അതേസമയം, അർഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസും കെ.എസ്.യുവും യൂത്ത് കോൺഗ്രസും പാർട്ടി നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ്. 20 സീറ്റിലെങ്കിലും വനിതകളെ മത്സരിപ്പിക്കണമെന്നാണ് മഹിളാ കോൺഗ്രസിെൻറ ആവശ്യം. ഹൈകമാൻഡുമായുള്ള ചർച്ചകൾക്ക് വ്യാഴാഴ്ച വൈകീട്ട് സംസ്ഥാന കോൺഗ്രസ് നേതാക്കൾ ഡൽഹിക്ക് പോകാനിരിക്കുകയാണ്. അതിന് മുമ്പ് കോൺഗ്രസിെൻറ കരട് പട്ടികക്ക് രൂപംനൽകാനുള്ള ശ്രമത്തിലാണ് നേതൃത്വം.
സീറ്റ്, സ്ഥാനാർഥി ചർച്ചകളുടെ തുടക്കത്തിൽതന്നെ ചില മണ്ഡലങ്ങളിൽ ഉണ്ടായ പൊട്ടിത്തെറി നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്. ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരേ മണ്ഡലത്തിൽ തന്നെ ഒന്നിലേറെ നേതാക്കളോട് ഉന്നത നേതാക്കൾ നിർദേശിച്ചിരിക്കുന്നതിനാൽ സ്ഥാനാർഥി പ്രഖ്യാപനത്തോടെ കൂടുതൽ പൊട്ടിത്തെറി ഉണ്ടായാൽ തെരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയും നേതൃത്വത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.