നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത ജോസഫ് കുര്യന്റെ കൈവശ സർട്ടിഫിക്കറ്റ് റദ്ദുചെയ്തു
text_fieldsകോഴിക്കോട്: നഞ്ചിയമ്മയുടെ കുടുംബ ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത ജോസഫ് കുര്യന്റെ് കൈവശ സർട്ടിഫിക്കറ്റ് അഗളി വില്ലേജ് ഓഫിസർ റദ്ദുചെയ്തു. 'മാധ്യമം ഓൺലൈൻ' വാർത്തയെ തുടർന്നാണ് പാലക്കാട് കലക്ടർ അന്വേഷണത്തിന് നിർദേശം നൽകിയത്. നഞ്ചിയമ്മയുടെ കുടുംബഭൂമി ജോസഫ് കുര്യൻ അൻസിത എന്നയാൾക്ക് പെട്രോൾ പമ്പ് നിർമിക്കുന്നതിന് പാട്ടത്തിന് നൽകിയിരുന്നു. അതനുസരിച്ച് പെട്രോൾ പമ്പ് നിർമിക്കുന്നത് അനുമതിയും ലഭിച്ചിരുന്നു.
പെട്രോൾ പമ്പിന്റെ അനുമതിക്കായി ജോസഫ് കുര്യൻ ഉപയോഗിച്ച കൈവശ സർട്ടിഫിക്കറ്റാണ് അഗളി വില്ലേജ് ഓഫിസർ റദ്ദ് ചെയ്തത്. പാലക്കാട് കലക്ടർക്കും അഗളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്കും വില്ലേജ് ഓഫിസർ റിപ്പോർട്ടും നല്കിയെന്നും അഗളി വില്ലേജ് ഓഫിസർ മാധ്യമം ഓൺലൈനോട് പറഞ്ഞു. ജോസഫ് കുരിയൻ അപേക്ഷ നൽകിയപ്പോൾ ടി.എൽ.എ കേസ് നിലവിലുള്ള ഭൂമിയാണെന്ന് അറിയാതെയാണ് സർട്ടിഫിക്കറ്റ് നൽകിയതെന്നും വില്ലേജ് ഓഫിസർ മാധ്യമം ഓൺലൈനോട് പറഞ്ഞു. ഭൂമിയുടെ രേഖകൾ പരിശോധിച്ചാണ് ഇപ്പോൾ അത് റദ്ദ്ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
2018 ൽ ഈ ഭൂമിയുമായി യാതൊരു ബന്ധവും ഇല്ലാത്ത മാരിമുത്തുവിൽ നിന്ന് കെ.വി. മാത്യു എഗ്രിമെൻറ് എഴുതാൻ ഉപയോഗിച്ചത് അഗളി വില്ലേജിലെ നികുതി രസീത് ആയിരുന്നു. മാരിമുത്തുവിന്റെ പേരിൽ വ്യാജ നികുതി രസീത് തയാറാക്കി അത് കോടതിയിൽ ഹാജരാക്കിയാണ് കെ.വി. മാത്യു ഭൂമിക്ക് ആധാരമുണ്ടാക്കിയതെന്ന് 'മാധ്യമം ഓൺലൈനോ'ട് മാരിമുത്തു വെളിപ്പെടുത്തിയിരുന്നു. സി.പി.ഐ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അഡ്വ. അച്യുതനാണ് ഇക്കാര്യം സംസാരിച്ചതെന്നും മാരിമുത്തു വ്യക്തമാക്കി. ഇക്കാര്യത്തിൽ പാലക്കാട് കലക്ടർ നടത്തിയ ഹിയറിങിലും മാരിമുത്തു നേരിട്ട് മൊഴി നൽകി.
'മാധ്യമം ഓൺലൈൻ' വാർത്തയെതുടർന്ന് നഞ്ചിയമ്മയുടെ കുടുംബഭൂമി അടക്കം അട്ടപ്പാടിയിലെ ആദിവാസി ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത പരാതികളിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് കെ.കെ. രമ എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. ലാൻഡ് റവന്യൂ കമീഷണറുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കുമെന്നാണ് മന്ത്രി കെ. രാജൻ നിയമസഭക്ക് നൽകിയ ഉറപ്പ്. തുടർന്നാണ് നഞ്ചിയമ്മയുടെ കുടുംബഭൂമി സംബന്ധിച്ച് പരാതിയിൽ റവന്യൂവകുപ്പ് നടപടികൾ തുടങ്ങിയത്.
സർക്കാർ ഓഫിസുകളിൽ നിന്ന് എന്ന വ്യാജേന രേഖകൾ ഉണ്ടാക്കുകയും ഈ രേഖകളുടെ അടിസ്ഥാനത്തിൽ കോടതി ഉത്തരവ് നേടി ആധാരമുണ്ടാക്കി ആദിവാസി ഭൂമി മറിച്ച് വിൽക്കുന്ന അട്ടപ്പാടിയിലെ ഭൂമാഫിയ സംഘത്തിലെ പ്രധാനിയാണ് ജോസഫ് കുര്യൻ. കെ.കെ. രമ അട്ടപ്പാടി സന്ദർശിച്ചപ്പോൾ എം.എൽ.എയെ പിന്തുടർന്ന് ഭീഷണിപ്പെടുത്തി. നഞ്ചിയമ്മയുടെ കുടുംബ ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്ന് വാർത്ത നൽകിയ 'മാധ്യമം ഓൺലൈനും' വാരികക്കും എതിരെ ഹൈകോടതിയിൽ കേസ് നൽകുമെന്നും കുര്യൻ അറിയിച്ചിരുന്നു.
നഞ്ചിയമ്മയുടെ ഭൂമി കേസിൽ ഇടപെട്ട അട്ടപ്പാടി സംരക്ഷണ സമിതി നേതാവ് എം. സുകുമാരനെതിരെ നാല് കേസാണ് ജോസഫ് കുര്യൻ നൽകിയത്. ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജരേഖയുണ്ടാക്കി കോടതിയെ സമീപിച്ച് ആദിവാസി ഭൂമി തട്ടിയെടുക്കുന്ന ജോസഫ് കുര്യന്റെ തന്ത്രമാണ് പുറത്തായത്. അതിന് അട്ടപ്പാടിയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ പിൻബലവുമുണ്ട്. അട്ടപ്പാടിയിലെ നിരവധി ആധാരം എഴുത്തുകാർ ആദിവാസി ഭൂമി തട്ടിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതായി കിർത്താട്സ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇക്കാര്യവും ഉന്നതതല അന്വേഷണത്തിൽ ഉൽപ്പെടുത്തണമെന്നാണ് ആദിവാസികൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.