അട്ടപ്പാടിയിൽ ജോസഫ് കുര്യന്റെ ആദിവാസി ഭൂമി കൈയേറ്റം: അന്വേഷിക്കാൻ ഡി.ജി.പിയുടെ നിർദേശം
text_fieldsകോഴിക്കോട്: അട്ടപ്പാടിയിൽ ജോസഫ് കുര്യന്റെ ആദിവാസി ഭൂമി കയേറ്റം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് ഡി.ജി.പിയുടെ നിർദേശം. മലപ്പുറം എസ്.പിക്കാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്. ഗായികക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മയുടെ കുടുംബഭൂമി വ്യജരേഖ നിർമിച്ച് തട്ടിയെടുത്തത് പുറത്ത് കൊണ്ടുവന്നത് 'മാധ്യമം ഓൺലൈനാ'ണ്.
മലപ്പുറം എസ്.പി ഓഫീസിലെ ഉദ്യോഗസ്ഥർ വ്യാഴാഴ്ച അഗളിയിലെത്തി അന്വേഷണം തുടങ്ങിയെന്ന് ജോസഫ് കുര്യനെതിരെ പരാതി നൽകിയവർ 'മാധ്യമം ഓൺലൈനോ'ട് പറഞ്ഞു.നഞ്ചിയമ്മയുടെ ഭൂമി കൈയേറിയെന്ന വാർത്തക്കെതിരെ ജോസഫ് കുര്യൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു. മാരിമുത്തുവാണ് നഞ്ചിയമ്മയുടെ ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്ന് വെളിപ്പെടുത്തിയത്.
ചന്ദ്രമോഹൻ നൽകിയ പരാതി റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് ജോസഫ് കുര്യൻ മാധ്യമം ലേഖകനെതിരെ അഗളി പൊലീസിൽ പരാതി നൽകുകയും പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. 12 ഏക്കർ കുടുംബ ഭൂമി തട്ടിയെടുക്കാൻ ജോസഫ് കുര്യൻ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ചന്ദ്രമോഹന്റെ പരാതി.
അഗളിയിലെത്തിയ അന്വേഷണ സംഘം പരാതി നൽകിയ ചന്ദ്രമോഹനെയും കർഷകനായ സുബ്രഹ്മണ്യനെയും സാമൂഹിക പ്രവർത്തകനായ എം. സുകുമാരനെയും വിളിച്ചുവരുത്തി മൊഴിയെടുത്തു. ചന്ദ്രമോഹൻ അന്വേഷണസംഘത്തിന് മുന്നിൽ വ്യക്തമായ മൊഴി നൽകി. ചന്ദ്രമോഹനും രണ്ട് സഹോദരിമാരും മൂന്ന് വീടുകൾ വച്ച് താമസിക്കുന്ന 12 ഏക്കർ സ്ഥലം ആർക്കും വിറ്റിട്ടില്ല. അത് മുത്തന്റെ സ്ഥലമാണ്. വീട്ടിൽ വന്നാണ് ഭൂമി വിട്ടു പോകണമെന്ന് ജോസഫ് കുര്യൻ ഭീഷണിപ്പെടുത്തിയതെന്ന് അന്വേഷണസംഘത്തിന് മൊഴി നൽകി. കർഷകനായ സുബ്രഹ്മണ്യന്റെ ഭൂമിയും ജോസഫ് കുര്യൻ തട്ടിയെടുക്കാൻ നീക്കം നടത്തുന്നതായി പരാതി ലഭിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമത്തോട് പറഞ്ഞു.
എം. സുകുമാരനാകട്ടെ അന്വേഷണ സംഘത്തിന് മുന്നിൽ ജോസഫ് കുര്യൻ പങ്കാളിയായ ഭൂമി കൈമാറ്റത്തിന്റെ പല രേഖകളും ഹാജരാക്കി. അഗളിയിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ജോസഫ് കുര്യൻ കോടതിയെ സമീപിക്കുന്നതെന്നും സുകുമാരൻ മൊഴി നൽകി. അട്ടപ്പാടി തഹൽസീദാരുടെ നിർദേശപ്രകാരം വില്ലേജ് ഓഫീസിൽ നിന്ന് ഭൂമിക്ക് ഉടമസ്ഥതാ സർട്ടിഫിക്കറ്റും നികുതി രസീതും നൽകും. വിവാദമാകുമ്പോൾ റദ്ദാക്കുകയും ചെയ്യും. ഭൂമിയുടെ സ്കെച്ച് പ്ലാനും സ്വന്തമായി നിർമിച്ച് ഗസറ്റഡ് ഉദ്യോഗസ്ഥരെ കൊണ്ട് സാക്ഷ്യപ്പെടുത്തുന്ന പകർപ്പാണ് ജോസഫ് കുര്യൻ അടക്കമുള്ള കൈയേറ്റക്കാർ കോടതിയിൽ ഹാജരാക്കുന്നത്. പ്രമാണരേഖകളിൽ ഉടമസ്ഥനും സാക്ഷികളും പരസ്പരം മാറിമാറി കടന്നുവരുന്നു. ആധാരം എഴുത്തുകാർ വ്യാജ ആധാരങ്ങൾ ഉണ്ടാകുന്നത് ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിൽ തന്നെ കണ്ടെത്തിയിരുന്നു. റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ആദിവാസി ഭൂമി കൈയേറുന്നതെന്നും സുകുമാരൻ മൊഴിയിൽ ചൂണ്ടിക്കാട്ടി.
ആദിവാസി ഭൂമിക്ക് വ്യജരേഖയുണ്ടാക്കുന്നവർക്ക് കോടതിയിൽ നിന്ന് അനുകൂലമായ വിധി സമ്പാദിക്കാൻ കഴിയുന്നു. കോടതി ഉത്തരവുമായി എത്തുന്നവർക്ക് പൊലീസ് സംരക്ഷണം നൽകുന്നു. നഞ്ചിയമ്മയുടെ ഭർത്താവ് 2013ൽ മരിച്ചു. എന്നാൽ കോടതിയിൽ 2019ൽ ഭർത്താവ് ആക്രമിക്കാൻ ശ്രമിച്ചു എന്നാണ് ജോസഫ് കുര്യൻ പരാതി നൽകിയതെന്നും സുകുമാരൻ മൊഴിൽ നൽകി.
ജോസഫ് കുര്യന്റെ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് റിപ്പോർട്ട് നൽകിയ 'മാധ്യമം' റിപ്പോർട്ടർക്കെതിരെ കേസെടുത്തതിനെതിരെ പത്രപ്രവർത്തകൻ യൂനിയൻ സംസ്ഥാന അധ്യക്ഷ എം.വി. വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ജോസഫ് കുര്യന്റെ ഭൂമി കൈയേറ്റം സംബന്ധിച്ചും അതിൽ ഉദ്യോഗസ്ഥർക്കുള്ള പങ്കിനെക്കുറിച്ചും അന്വേഷിക്കാൻ ഡി.ജി.പി നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.