മതപരിവർത്തനത്തിന് ശ്രമിക്കരുതെന്ന് കതോലിക്ക ബാവ; ‘ആസൂത്രിതമായി മതം വളർത്താൻ ആരും ശ്രമിക്കേണ്ട’
text_fieldsകോഴിക്കോട്: മതപരിവർത്തനത്തിന് ശ്രമിക്കരുതെന്ന് യാക്കോബായ സഭയുടെ പുതിയ കാതോലിക്ക ബാവ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത. ഒരാൾ സ്വമേധയാ പരിവർത്തനപ്പെട്ട് ഏത് വിശ്വാസം സ്വീകരിക്കുന്നതും തെറ്റല്ല. സംഘടിതമായും ആസൂത്രിതമായും മതം വളർത്താൻ ആരും ശ്രമിക്കേണ്ടതില്ലെന്നും കതോലിക്ക ബാവ വ്യക്തമാക്കി.
മതബാഹുല്യം, ബഹുസ്വരത, വിശ്വാസത്തിനും ആരാധനക്കുമുള്ള സ്വാതന്ത്ര്യം എന്നിവയാണ് ഇന്ത്യയുടെ രാഷ്ട്രീയ അസ്തിത്വത്തിന്‍റെ കാതൽ. അതൊന്നും നിഷേധിക്കപ്പെടരുത്. ഇതര വിശ്വാസങ്ങളെ ആദരിക്കണം. അവമതിപ്പ് പാടില്ലെന്നും കതോലിക്കബാവ ചൂണ്ടിക്കാട്ടി.
ആർക്ക് വോട്ട് ചെയ്യണമെന്ന് സഭ പറയാറില്ല. നിർണായ ഘട്ടങ്ങളിൽ കിട്ടിയ പിന്തുണ മറക്കരുതെന്ന് പറയാറുണ്ട്. പള്ളികളും സെമിത്തേരികളും നഷ്ടപ്പെടുന്ന കാലത്ത് സർക്കാർ സഹായിച്ചിട്ടുണ്ട്. അതിന് നന്ദിയുണ്ട്. എന്നാൽ, ചിലപ്പോഴൊക്കെ പൊലീസ് ക്രൂരമായി ഇടപെട്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. സർക്കാരുകൾക്ക് പരിമിതിയുണ്ടെന്ന് മനസിലാക്കും.
മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സഭാപ്രശ്നം രമ്യമായി പരിഹരിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തവരാണ്. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, പി. രാജീവ്, ബിനോയ് വിശ്വം, സുരേഷ് ഗോപി എന്നിവരുമായി വ്യക്തിപരമായ അടുപ്പമുണ്ട്.
യാക്കോബായ സഭയിൽ വിശ്വാസികളുടെ രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്രത്തെ പുരോഹിതന്മാർ ചോദ്യം ചെയ്യാറില്ലെന്നും അങ്ങനെ വഴങ്ങുന്നവരല്ല തങ്ങളുടെ കൂട്ടത്തിലുള്ളവരെന്നും കതോലിക്ക ബാവ മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
യാക്കോബായ സഭയുടെ പുതിയ കാതോലിക്ക ബാവയായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണം ഇന്ന് നടക്കും. ലബനാനിലെ പാത്രിയാർക്ക അരമനയോട് ചേർന്നുള്ള സെന്റ് മേരീസ് കത്തീഡ്രലിൽ ഇന്ത്യൻ സമയം വൈകീട്ട് ഏഴരയോടെയാണ് വാഴിക്കൽ ചടങ്ങുകൾ.
ചടങ്ങുകൾക്ക് സഭയുടെ പരമാധ്യക്ഷനായ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവ കാർമികത്വം വഹിക്കും. സഭയിലെ മെത്രാപ്പോലീത്തമാരും ഇതര സഭ മേലധ്യക്ഷരും മെത്രാപ്പോലീത്തമാരും സഹകാർമികരാവും.
രണ്ട് പതിറ്റാണ്ടിലേറെ സഭയുടെ കാതോലിക്ക ബാവയായിരുന്ന ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ വിയോഗത്തെ തുടർന്നാണ് പുതിയ കാതോലിക്ക സ്ഥാനാരോഹണം നടക്കുന്നത്. 2002ൽ സഭ ഔദ്യോഗികമായി സ്ഥാപിച്ചതിനു ശേഷം സഭയുടെ രണ്ടാമത്തെ കാതോലിക്ക വാഴ്ചയാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.